സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരേ പോരാടുന്നതിനൊപ്പം അതിഭീകരമായ കടക്കെണിയിൽ പെട്ടിരിക്കുന്ന കേരളത്തിലെ മാർക്സിസ്റ്റ് ഭരണകൂടത്തിന്റെ ധൂർത്തും ആഡംബരവും സാമ്പത്തിക കെടുകാര്യസ്ഥതയും കിഫ്ബിയിലെ നിയമ വിരുദ്ധമായ കാര്യങ്ങളും പൊതുസമൂഹത്തിന്റെ മുൻപിൽ എത്തിക്കാൻ കോഴിക്കോട് പ്രമേയം തീരുമാനിച്ചു. കോൺഗ്രസ് പാർട്ടിക്ക് വലിയ ആവേശവും ഉണർവുമാണ് ചിന്തൻ ശിബിരം നൽകിയത്.
സംഘടനാപരമായി കോൺഗ്രസ് പാർട്ടിക്ക് പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാനിലെ ഉദയ്പൂരിൽ മെയ് മാസം 13 മുതൽ 16 വരെ നടന്ന നവ് സങ്കൽപ് ചിന്തൻ ശിബിരം വലിയ ആത്മവിശ്വാസവും ആവേശവുമാണ് പ്രവർത്തകർക്കും നേതാക്കന്മാർക്കും നൽകിയത്. ഉദയ്പൂർ ചിന്തൻ ശിബിരത്തിന് അജണ്ട നിശ്ചയിക്കുന്നതിന് മുന്നോടിയായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചത്, കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രത്യയശാസ്ത്രപരവും സംഘടനാപരവും തെരഞ്ഞെടുപ്പുപരവുമായ വെല്ലുവിളികളെ നേരിടാൻ ചിന്തൻ ശിബിരം സഹായകമാകും എന്നായിരുന്നു.
ഉദയ്പൂരിൽ നടന്ന മൂന്നു ദിവസത്തെ ഗൗരവമേറിയ ചർച്ചകൾ ഈ ദിശയിൽ പാർട്ടിയുടെ ഭാവിയിലേക്കുള്ള നയ, സംഘടന പരിപാടികളിൽ വ്യക്തത വരുത്തുക മാത്രമല്ല, ശിബിരത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉദയ്പൂർ പ്രഖ്യാപനത്തിന്റെ തുടർച്ചയായി എല്ലാ സംസ്ഥാനങ്ങളിലും ചിന്തൻ ശിബിരങ്ങൾ നടന്നുവരികയാണ്. ജൂലൈ 23, 24 തീയതികളിൽ കോഴിക്കോട്ട് കെ. കരുണാകരൻ നഗറിൽ ചേർന്ന കെ.പി.സി.സിയുടെ നവ് സങ്കൽപ് ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആശയപരമായ ദിശാബോധവും മുന്നേറ്റത്തിനായുള്ള പ്രവർത്തനോർജവും പകരുന്നതിൽ വലിയ വിജയം കൈവരിച്ചു എന്ന് അടിവരയിട്ടു തന്നെ പറയേണ്ടിയിരിക്കുന്നു. ഇതിന്റെ തുടർച്ചയായി അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ല തലങ്ങളിലും ചിന്തൻ ശിബിരങ്ങൾ നടക്കാൻ പോവുകയാണ്.
കപട ദേശീയത ഉയർത്തി ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്ര ശക്തികളിൽനിന്ന് ഭാരത മാതാവിനെ മോചിപ്പിക്കുക എന്നത് കോൺഗ്രസിന്റെ കടമയാണ് എന്ന പ്രഖ്യാപനത്തിലൂടെയാണ് ഉദയ്പൂർ ചിന്തൻ ശിബിരം സമാപിച്ചതെങ്കിൽ കോഴിക്കോട് പ്രഖ്യാപനത്തിലൂടെ ഒരേ സമയം തന്നെ സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണികളെയും കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന്റെ അതേ നയങ്ങൾ കേരളത്തിൽ നടപ്പാക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ഭരണകൂട ഭീകരതയെയും എതിർക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരസ്പര സഹായ സംഘങ്ങളാണ് എന്ന നഗ്നമായ യാഥാർഥ്യം പൊതുസമൂഹത്തിന് മുൻപിൽ എത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് കോൺഗ്രസ് ഏറ്റെടുക്കാൻ പോകുന്നത്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഊന്നി സംഘപരിവാർ അക്രമോൽസുകമായി നടത്തുന്ന പ്രചാരണങ്ങളെ തടയുന്നതിനൊപ്പം മാർക്സിസ്റ്റ് ദുർഭരണത്തിനെതിരേയും ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും രാഷ്ട്ര പുനർനിർമാണത്തിനും ഒരു സംഭാവനയും നൽകാത്ത സംഘപരിവാർ ഇന്ത്യയുടെ ദേശീയതയുടെ വക്താക്കളാകാൻ ശ്രമിക്കുമ്പോൾ അതിനെ തുറന്നുകാണിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് കോൺഗ്രസ് ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തുറന്ന് എതിർക്കുകയും നീണ്ട അഞ്ചു പതിറ്റാണ്ടോളം നാഗ്പൂരിലെ കാര്യാലയത്തിന് മുകളിൽ ത്രിവർണാങ്കിതമായ ദേശീയ പതാക ഉയർത്താൻ വിസമ്മതിക്കുകയും ചെയ്ത ആർ.എസ്.എസ് ഇന്ന് ദേശീയതയുടെ വക്താക്കളാകാൻ ശ്രമിക്കുമ്പോൾ അവരുടെ കാപട്യങ്ങൾ പൊതുജനസമക്ഷം തുറന്നു കാട്ടേണ്ടതുണ്ട്. ഇതിനു വേണ്ടി തീവ്രമായ പ്രചാരണ പരിപാടികളാണ് കോൺഗ്രസ് തയാറാക്കുന്നത്.
ഇന്ത്യയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ചിന്തൻ ശിബിരങ്ങളിലൂടെ കാഹളമൊരുങ്ങുന്നത് എന്ന് നിസ്സംശയം പറയാം. പാർട്ടിക്കകത്ത് അച്ചടക്കവും അർപ്പണ മനോഭാവവും ബൗദ്ധികമായ ഉയരങ്ങളും സൃഷ്ടിച്ചുകൊണ്ട് ഏത് പ്രതികൂല അവസ്ഥകളെയും നേരിടാനുള്ള കരുത്ത് പ്രവർത്തകർക്ക് പകരുകയാണ് ചിന്തൻ ശിബിരം വഴി ഉദ്ദേശിക്കുന്നത്. കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്ന വിമർശനങ്ങൾക്കുള്ള കുറിക്കു കൊള്ളുന്ന മറുപടികളാണ് ചിന്തൻ ശിബിരങ്ങളിലുള്ള ചർച്ചകളും പ്രഖ്യാപനങ്ങളും. പാർട്ടിയുടെ സംഘടനാപരമായ ശാക്തീകരണത്തിനൊപ്പം ബി.ജെ.പിയും സി.പി.എമ്മും ഉയർത്തിവിടുന്ന വർഗീയ അജണ്ടകളെ പ്രതിരോധിക്കുക, ബി.ജെ.പി ഭരണത്തിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവർധന തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുക, കേരളത്തിലെ സി.പി.എമ്മിന്റെ ദുർഭരണത്തെ തുറന്നു കാണിക്കുക, വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം, കാർഷിക മേഖലയോടുള്ള അവഗണന, ദളിത് ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളൊക്കെ സമൂഹ മധ്യത്തിൽ ചർച്ചയാക്കുന്നതിന് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നു. മേൽവിവരിച്ച വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാൻ കഴിയുന്ന സക്രിയമായ ഒരു സംഘടന സംവിധാനം പാർട്ടിക്ക് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് മുൻകൂട്ടി തന്നെ തയാറെടുക്കാനും സംഘടനയെ ശാക്തീകരിക്കാൻ ചിന്തൻ ശിബിരം ലക്ഷ്യം വെച്ചു.
ബി.ജെ.പിയുടെ തൊഴിൽ രഹിത വളർച്ചക്ക് വിപരീതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയാണ് ഉദയ്പൂരിൽ പ്രഖ്യാപിക്കപ്പെട്ടത്. സാമൂഹിക നീതിക്ക് ഊന്നൽ നൽകി 1974 ൽ യു.പിയിലെ നറോറിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ശിബിരത്തിലെ പ്രഖ്യാപനം ഓർമപ്പെടുത്തുന്ന വിധമുള്ള നയരേഖയാണ് സാമ്പത്തിക സാമൂഹിക വിഷയങ്ങളിൽ ഉദയ്പൂർ പ്രഖ്യാപനം വരച്ചുകാട്ടിയത്. ഉദയ്പൂർ ചിന്തൻ ശിബിരത്തിനു വേണ്ടി രൂപീകരിച്ച ആറ് സമിതികളും അന്തിമ പ്രമേയങ്ങളിൽ ഇതിനു വേണ്ടി ശക്തമായ നിർദേശങ്ങളാണ് നൽകിയത്. കോഴിക്കോട് പ്രഖ്യാപനത്തിലും ഇതിന്റെ പ്രതിഫലനങ്ങൾ കാണാം. സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരേ പോരാടുന്നതിനൊപ്പം അതിഭീകരമായ കടക്കെണിയിൽ പെട്ടിരിക്കുന്ന കേരളത്തിലെ മാർക്സിസ്റ്റ് ഭരണകൂടത്തിന്റെ ധൂർത്തും ആഡംബരവും സാമ്പത്തിക കെടുകാര്യസ്ഥതയും കിഫ്ബിയിലെ നിയമ വിരുദ്ധമായ കാര്യങ്ങളും പൊതുസമൂഹത്തിന്റെ മുൻപിൽ എത്തിക്കാൻ കോഴിക്കോട് പ്രമേയം തീരുമാനിച്ചു. കോൺഗ്രസ് പാർട്ടിക്ക് വലിയ ആവേശവും ഉണർവുമാണ് ചിന്തൻ ശിബിരം നൽകിയത്.
(കെ.പി.സി.സി മാധ്യമ സമിതി അംഗമാണ് ലേഖകൻ)






