Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

കടൽ പർവതത്തിലേക്ക് ഒരു യാത്ര 

മാതൃനഗരം എന്ന് ലോകം വിളിക്കുന്ന കേപ്ടൗൺ സന്ദർശിക്കുക എന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ജീവിത ലക്ഷ്യമാണ്. 
എന്താണ് ഈ നഗരത്തിന്റെ പ്രാധാന്യം? ഭക്ഷണം, സ്ഥലങ്ങൾ, ആഘോഷങ്ങൾ, ചരിത്രം, വൈവിധ്യമാർന്ന ജീവജാലങ്ങൾ അങ്ങനെ ഒരു യാത്രികനു വേണ്ട എന്തും ഇവിടെ ലഭിക്കും. ഇനി ഇവിടെ വന്നാലോ, ടേബിൾ പർവതം  കണ്ടില്ലെങ്കിൽ നിങ്ങൾ ഒന്നും അവിടെ കണ്ടിട്ടു കാര്യമില്ല. മേൽപറഞ്ഞ എല്ലാം ഒന്നായി അറിയാൻ അനുഭവിക്കാൻ പറ്റിയ ഒരിടമാണ് ഈ പരന്ന പർവതം. 
ആയിരക്കണക്കിന് സസ്യവർഗങ്ങൾ. സമുദ്ര നിരപ്പിൽ നിന്നും 3500 അടിയോളം ഉയരത്തിൽ പരന്നുകിടക്കുന്ന സമതലം. താഴെ മനോഹരമായ കേപ്ടൗൺ എന്ന മാതൃനഗരം. വർഷം തോറും അൻപതു ലക്ഷത്തോളം സന്ദർശകർ കയറിയിറങ്ങുന്ന ലോക സപ്താത്ഭുതങ്ങളിൽ ഒന്നായി 2011 ൽ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടില്ലാതെ മല നടന്നു കയറാം. അല്ലെങ്കിൽ കേബിൾ കാർ വഴി നിന്നും കയറാം. രണ്ടായാലും, മുകളിൽ എത്തിയാൽ ആകാശം തൊടാം, ഭൂമിയിലേക്ക് എത്തിനോക്കാം, കടൽ തിരയെണ്ണാം, മല കയറാം. 
ഹോറിക്വഗ്ഗോ (കടലിന്റെ പർവതം) എന്ന് തദ്ദേശീയരായ ഖോയ്‌സാൻ ഗോത്രം ഒരു കാലത്ത് വിളിച്ചിരുന്ന ടേബിൾ മൗണ്ടെയ്‌നിലേക്കുള്ള യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഒരു തീർത്ഥയാത്ര തന്നെയായിരുന്നു. പ്രകൃതിയെ തൊട്ടുള്ള യാത്ര. ല്‌സോത്തോയുടെ തലസ്ഥാന നഗരിയായ മസേരുവിൽനിന്നും കേപിലേക്ക് ആയിരത്തിലധികം കിലോമീറ്റർ ദൂരം ഉണ്ട്. പറക്കാം, കാറിൽ നീണ്ട യാത്രയും ആകാം. കാറിലെ യാത്ര സ്വപ്‌ന തുല്യമാണ്. അത് അനുഭവിച്ചറിയണം. 
ഇത്തവണ ഞാനും കുടുംബവും മസേറുവിൽ നിന്നും ഏകദേശം 150 കിലോമീറ്റർ ദൂരെയുള്ള ബ്ലുംഫോണ്ടേയ്‌നിലേക്ക് ഡ്രൈവ് ചെയ്ത് അവിടെനിന്നും കേപിലേക്ക് പറക്കാൻ തീരുമാനിച്ചു. കേപ്ടൗൺ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു മഹാനഗരമാണ് ഇന്ന്. ഈ നഗരത്തെ ആസ്വദിക്കുവാൻ നമുക്ക് ചരിത്രത്തിലേക്കും ഒരെത്തിനോട്ടം ആവശ്യമാണ്. ദക്ഷിണാഫ്രിക്കയുടെ ആധുനികകാല ചരിത്രത്തിന് ഭാരതീയ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ടുതാനും. ചുരുക്കിപ്പറയാം. 
1450 കളിൽ കോൺസ്റ്റാന്റിനാപ്പിൾ തകർന്നപ്പോൾ യൂറോപ്പ് അസ്വസ്ഥമായി. അവരുടെ തീൻമേശയെ അലങ്കരിച്ചിരുന്ന കുരുമുളകെന്ന കറുത്ത പൊന്ന് എളുപ്പം ലഭ്യമല്ലാതെയായി. നമ്മുടെ നാട്ടിൽ നിന്നു വേണം കറുത്ത പൊന്ന് എത്താൻ. ഞാറ്റുവേല സഞ്ചിയിലാക്കി കൊണ്ടുപോകാൻ പറ്റില്ലല്ലോ. പ്രമുഖ യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതക്കേറ്റ അടി തന്നെയായിരുന്നു കോൺസ്റ്റാന്റിനാപ്പിളിന്റെ പതനം. 
അതോടെ കരമാർഗം ഭാരതത്തിലേക്ക് വരാനുള്ള മാർഗം അടഞ്ഞെന്നു മാത്രമല്ല, യൂറോപ്പിന്റെ ഭക്ഷണ രീതിയെ, ജീവിത രീതിയെ അറബികൾ നിയന്ത്രിക്കുന്നയിടം വരെ എത്തി കാര്യങ്ങൾ. ഭാരതത്തിലെ സുഗന്ധദ്രവ്യങ്ങൾ, പട്ടുവസ്ത്രങ്ങൾ, ആഡംബര വസ്തുക്കൾ എല്ലാം യൂറോപ്പിന്റെ വരേണ്യ വർഗത്തിന്റെ സുഖലോലുപതക്ക് അത്യന്താപേക്ഷിതവുമായിരുന്നു. 
ഭാരത ഭൂഖണ്ഡത്തിലെ സുഗന്ധദ്രവ്യങ്ങൾ ലഭ്യമാകാൻ യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് പുതിയ മാർഗം തേടേണ്ടിവന്ന സ്ഥിതിവിശേഷം രാഷ്ട്രീയമായി സംജാതമായി. സ്‌പെയിൻ, പോർച്ചുഗീസ്, ഡച്ച് തുടങ്ങിയ രാഷ്ട്രങ്ങൾ എല്ലാ സാമ്പത്തിക സഹായവും നൽകി പേരുകേട്ട നാവികരെ ഗോദയിലിറക്കി. എങ്ങനെയെങ്കിലും ഭാരതത്തിലേക്ക് പുതിയ ഒരു പാത കണ്ടെത്തണം. ഭൂമി ഉരുണ്ടതാണെന്ന് അവർ പണ്ടേ തെളിയിച്ചതിനാൽ ഒന്ന് വട്ടം കറങ്ങിയാൽ ഭാരതം വഴി ലോകം ചുറ്റി വരാം. കർമോൽസുകരായ വ്യവസായികൾ നാവികരുമായി കൈകോർത്തു. കടൽ വഴി പലവട്ടം യാത്രകൾ നടന്നു. ആ വഴി അമേരിക്കയും കണ്ടുപിടിച്ചു എന്ന മേന്മയും ഉണ്ട്.
മധ്യാഫ്രിക്കയെയോ ദക്ഷിണാഫ്രിക്കയെയോ ലോകം അറിയാത്ത കാലം. അറിഞ്ഞപ്പോഴോ, അവരുടെ കാഴ്ചപ്പാടിൽ പുരോഗമനമില്ലാത്ത നാട് ഇരുണ്ട ഭൂഖണ്ഡമായി. ആധുനികതയുടെ വെട്ടം വീശാത്ത മണ്ണ് ചുറ്റി പോകാൻ ആ മണ്ണിനെയും അറിയണം. ഈ വെല്ലുവിളി അവസരമായി. അങ്ങനെ അധികമാരും അറിയാത്ത ആഫ്രിക്ക ചുറ്റി ഭാരതത്തിലെത്തി അവർ. അതൊരു വിപ്ലവം സൃഷ്ടിച്ചു. ലോക ചരിത്രം തിരുത്തിക്കുറിച്ച സംഭവം, കടലിലൂടെ ഭാരതത്തിലേക്കെത്താനുള്ള വഴി കണ്ടുപിടിച്ചു. 
ആ കാലഘട്ടത്തിലെ യൂറോപ്പ് ഇത്തരം നാവിക പരീക്ഷണങ്ങൾക്ക് സജ്ജമായിരുന്നു. വ്യവസായം നാവിക ശക്തിയുമായി ഏറെ ബന്ധപ്പെട്ടതിനാൽ കടൽ യാത്രയിലൂടെ പുതിയ കരകൾ കണ്ടെത്താൻ രാഷ്ട്രങ്ങൾ ഉത്സാഹിച്ചു. നാവിക ശക്തിയുമായി ഭാരതത്തിലേക്കു വരും വഴി സൗത്ത് ആഫ്രിക്ക ഒരു വിശ്രമ കേന്ദ്രമായി. 500 വർഷം മുൻപുള്ള ചരിത്രമാണ്. ഈ വിശ്രമ കേന്ദ്രം അവസരങ്ങളുടെ മണ്ണാണെന്നറിഞ്ഞപ്പോൾ ഭാഗ്യാന്വേഷികൾ അവിടേക്ക് കാറ്റുപോലെ പാഞ്ഞുവന്നു. അങ്ങനെ കേപ്ടൗൺ ഒരു വിശ്രമ കേന്ദ്രം എന്ന നിലയ്ക്കുമപ്പുറം വളർന്നു ഒരു രാഷ്ട്രീയ ശക്തിയായി മാറി.
രണ്ടായിരം വർഷങ്ങൾക്കും മുന്നേ ഖോയ് ഭാഷ സംസാരിക്കുന്ന ഒരു ജനത മീൻ പിടിച്ചും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഇവിടെ ജീവിച്ചിരുന്നു. അവരാവാം ഹോറിക്വഗ്ഗോ എന്ന പേരിട്ടു ഇന്നത്തെ ടേബിൾ മൗണ്ടെയ്‌നെ വിളിച്ചത്. അവരുടെ ഭാവന അപാരം. 
യൂറോപ്യൻമാർ ദക്ഷിണാഫ്രിക്ക കൈയേറി ആടുമാടുകളെ വളർത്താനും കാർഷിക വൃത്തിയിൽ ഏർപ്പെടാനും തുടങ്ങിയപ്പോൾ കൊരാന വംശജരും (ഖോയ് ഖോയ് എന്നും അവരെ വിളിക്കാറുണ്ട്).  മറ്റു തദ്ദേശീയരും അവർക്കൊപ്പം കൂടി ആടുമാടുകളെ വളർത്തിത്തുടങ്ങി. 
ബാർത്തലോമിയോ ഡയസ് ഈ മുനമ്പിനെ വിളിച്ചത് കൊടുങ്കാറ്റിന്റെ മുനമ്പ് എന്നത്രേ! ശക്തിയേറിയ കാറ്റ് പാറക്കെട്ടുകൾ വരെ തല്ലിത്തകർത്ത് തീരങ്ങളിലേക്ക് അടിച്ചുകയറുമ്പോൾ കപ്പലിന്റെ കാര്യം പറയണോ. ഈ വഴിയുള്ള യാത്ര നാവികർക്ക് പേടിസ്വപ്‌നമായിരുന്നു. കൊടുങ്കാറ്റിന്റെ മുനമ്പ് ഒഴിഞ്ഞുമാറി പലരും മഡഗാസ്‌കർ വരെ പോയിവന്നു. അതുവഴി കറങ്ങി പറങ്കികൾ കാപ്പാട്ട് എത്തിയത് നമ്മുടെയും ചരിത്രം. 
അന്റോണിയോ ഡി സാൽഡന  എന്ന നാവികനാണ് ടേബിൾ മുനമ്പിൽ ആദ്യമായി 1503 ൽ കാലുകുത്തിയത് എന്ന് ചരിത്രം പറയുന്നു. അദ്ദേഹം മുനമ്പിലെ മേശ എന്ന അർത്ഥത്തിൽ ഇട്ട പേരാണ് തബോആ ഡോ കാബോ.  1652 ൽ ഇതേ അർത്ഥത്തിൽ ഡച്ചുകാർ അവരുടെ ഭാഷയിൽ ടാഫെൽബേ എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ തദ്ദേശീയരുടെ 'കടൽ പർവതം' എന്ന വിശേഷണം വിദേശീയരുടെ 'പർവത മേശ'യായി അറിയപ്പെട്ടു. കടൽ പർവതം എന്തു നല്ല പേരായിരുന്നു!
ഞങ്ങളുടെ യാത്രയെക്കുറിച്ച് പറയാം.  ഈ സമതല പർവതത്തിലേക്കുള്ള ഞങ്ങളുടെ യാത്ര എന്നും എനിക്ക് പ്രചോദനം ആയിരുന്നു. ഈ പർവതം മൂന്നാമത്തെ തവണയാണ് ഞാനും കുടുംബവും സന്ദർശിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിലിൽ ഞാനും കുടുംബവും ഒപ്പം എന്റെ ഭാര്യയുടെ സഹോദരിയുടെ കുടുംബവുമാണ് കേപ്ടൗണിൽ എത്തി ടേബിൾ മൗണ്ടെയ്‌നിൽ കയറാൻ തീരുമാനം എടുത്തത്.  കാലാവസ്ഥ സുഖകരമായിരുന്നു. 
കേപ്ടൗൺ നഗരത്തിലെത്തിയാൽ താഫെൽബർഗ് റോഡ് വഴി കേപ്ടൗൺ ഏരിയയിൽ കേബിൾവേയിൽ എത്താം. താഴ്‌വരയിലെ കേബിൾ സ്‌റ്റേഷനിൽ നിന്നും ടിക്കറ്റ് എടുത്ത് (ഉദ്ദേശം 3000 ഇന്ത്യൻ രൂപയാകും ഒരാൾക്ക്) കാറിൽ കയറിയാൽ അഞ്ചു നിമിഷങ്ങൾ കൊണ്ട് മലയുടെ വടക്കേ അറ്റത്ത് ഇറങ്ങാം. നല്ല കാലാവസ്ഥയെങ്കിൽ രാവിലെ എട്ടര മുതൽ കാറിൽ കയറാം. വൈകിട്ട് തിരിച്ചുവരവ് രാത്രി ഒൻപതര മണിക്കുമാവാം. കാലാവസ്ഥ മോശമെങ്കിൽ ഈ ക്രമം തെറ്റും. ഈ സമയത്തിനുള്ളിൽ പർവതം മൊത്തം നടക്കാം. എന്നാലും മുഴുവൻ കണ്ടു എന്ന് തോന്നില്ല.
രാവിലെ കേബിൾ സ്‌റ്റേഷനിൽ എത്തിയെങ്കിലും ലോഡ് ഷെഡിങ് കാരണം ഒരു മണിക്കൂറിൽ അധികം കാത്തുനിൽക്കേണ്ടിവന്നു കേബിൾ കാറിൽ കയറാൻ. അൽപം കാത്തുനിന്നുവെങ്കിലും ഒടുവിൽ കയറിപ്പറ്റി. യാത്ര തുടങ്ങുമ്പോൾ മുതൽ കാർ വട്ടത്തിൽ ചുറ്റും. ഒപ്പം തയാറാക്കിവെച്ച സ്വരത്തിൽ നല്ല വിവരണവും ലഭിക്കും. വട്ടപ്പാലം ചുറ്റി മുകളിലേക്ക് കയറാം. വായുവിൽ നിന്ന് ഭൂമിയും ആകാശവും മലനിരകളും സമുദ്രവും കാണാം. 
ഇനി മലയിൽ എത്തിയാലോ, ദൂരേ റോബൻ ഐലൻഡ് വ്യക്തമായി കാണാം. അവിടെയാണല്ലോ നെൽസൺ മണ്ടേല 1964 മുതൽ പതിനെട്ടു വർഷം ജയിലിൽ കിടന്നത്. ഇന്ന് ആ ദ്വീപും ഒരു ചരിത്ര സ്മാരകമാണ്. പർവതത്തിൽ നിന്നും നോക്കിയാൽ ദൂരെ തുറമുഖം, വിക്ടോറിയ ആൻഡ് ആൽഫ്രഡ്  തുടങ്ങിയവയും കാണാം. ഒരു കറക്കം കഴിഞ്ഞാൽ റെസ്റ്റോറന്റിൽ കയറി പാശ്ചാത്യ രീതിയിൽ വയറു നിറയെ കഴിക്കാം. പോക്കറ്റ് കീറൂല, വ്യത്യസ്തതയാർന്ന ഭക്ഷണം ഒരു നല്ല അനുഭവം തന്നെയാണ്. ഈ നാട്ടിൽ വന്നിട്ട് ഭക്ഷണം അറിഞ്ഞാസ്വദിച്ചു കഴിച്ചത് ജിംസണും മോനുമാണ്. ഈ സ്വാദ് ഓർത്താൽ നാട്ടിലേക്ക് തിരിച്ചുപോകേണ്ടെന്നു തോന്നുമത്രേ! ഗ്രിൽ ചെയ്ത മാംസം ഇവിടെ ഇഷ്ടം പോലെ കിട്ടും. ഒപ്പം ഫ്രഞ്ച് ഫ്രൈസ് വേണ്ടത്ര. കുട്ടികൾക്ക് പിസ്സയും. പോരേ!
സമതല രൂപത്തിൽ കിടക്കുന്ന പർവതത്തിൽ ചുറ്റിനടന്നാൽ അത്യാവശ്യം ഇഴജന്തുക്കളെയും ശലഭങ്ങളെയും കാണാം. വേലി കെട്ടിത്തിരിച്ചതിനപ്പുറം മനുഷ്യർക്ക് പോകാൻ അനുവാദവുമില്ല. ഗവേഷണ വിദ്യാർത്ഥികൾക്ക് സ്വർഗമാണീ പ്രദേശം. എത്ര പഠിച്ചാലും മതിയും കൊതിയും വരില്ല. എത്ര തവണ കയറിയാലും ഇനിയും കാണാൻ തോന്നുന്ന ഈ സമതല പർവതം കയറുമ്പോൾ തോന്നുന്ന വികാരമല്ല ഇറങ്ങുമ്പോൾ തോന്നുക. അവിടെ നിന്നാൽ ഒരു ആത്മശാന്തി കൈവരുമെന്ന് ഉറപ്പ്. തിരിച്ചുവരുമ്പോൾ എന്തൊക്കെയോ വിട്ടേച്ചുവരുന്ന തോന്നൽ, ഒരു നഷ്ടബോധം തോന്നും. പ്രകൃതിയെ അറിയാൻ നമ്മൾ ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഈ നാട്ടിലെ ടേബിൾ മൗണ്ടെയ്ൻ ഒരു വട്ടമെങ്കിലും കയറണം, സാധ്യമായാൽ. 

Latest News