കാറ്റില്‍ വള്ളം മറിഞ്ഞ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം- ശക്തമായ കാറ്റിലും കടല്‍ ക്ഷോഭത്തിലും പെട്ട് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യ തൊഴിലാളി മരിച്ചു. കന്യാകുമാരി ഇനയം പുത്തന്‍തുറ സ്വദേശി ഗില്‍ബര്‍ട്ട് ഹെലന്‍ ദമ്പതികളുടെ മകന്‍ കിംഗ്സ്റ്റണ്‍ (27) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചിന് വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ചംഗ സംഘത്തിന്റെ വള്ളമാണ് അപകടത്തില്‍ പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവെ ഉച്ചക്ക് രണ്ട് മണിയോടെ വിഴിഞ്ഞത്ത് നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍  കടലിനുള്ളില്‍ ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളം മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പെട്ട അഞ്ച് പേരെയും രക്ഷപ്പെടുത്തി വിഴിഞ്ഞം മത്സ്യബന്ധന ഹാര്‍ബറില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന കില്‍സ്റ്റനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന കന്യാകുമാരി  ഇനയം പുത്തന്‍തുറ സ്വദേശികളായ യേശു പോള്‍, വിജയന്‍, രമേശ് ജോണ്‍സണ്‍ എന്നീ മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളവും ഉപകരണങ്ങളും കടലില്‍ മുങ്ങിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കില്‍സിനി, കിസീമ എന്നിവര്‍ കിംഗ്സ്റ്റന്റെ സഹോദരങ്ങളാണ്.

 

Latest News