Sorry, you need to enable JavaScript to visit this website.

റിട്രോഗ്രേഡ് അംനീഷ്യ രോഗിയായ ശ്രീറാം വെങ്കട്ടരാമനെ   ഉന്നത ജോലിയില്‍ നിന്നൊഴിവാക്കണം, കേന്ദ്രത്തിന്  പരാതി

കോഴിക്കോട്-  ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കട്ടറാമിനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി. ശ്രീറാം വെങ്കട്ടരാമന്‍, അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നും അദ്ദേഹത്തെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂറാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.
പത്രപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നു. ഐ.എ.എസ് പദവി ഉപയോഗിച്ച് ഇയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഭാവിയില്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍, പോലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതില്‍ ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ലെന്നും പരാതിയില്‍ സലീം മടവൂര്‍ വ്യക്തമാക്കുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ പരസ്യമായ ലംലനമാണെന്നും സലീം മടവൂര്‍ പരാതിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി നേരിടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറില്‍ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയില്‍ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കില്‍ താല്‍ക്കാലിക പ്രമോഷന്‍ നല്‍കാമെന്നുമാണ് നിയമം.
എന്നാല്‍ ശ്രീറാം വെങ്കട്ടരാമന്‍ ഡിപിസിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങള്‍ ലംഘിച്ച് ആരോഗ്യ വകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. താല്‍ക്കാലിക പ്രമോഷന്‍ പോലും പൊതുജന താല്‍പര്യം, കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സര്‍ക്കാര്‍ ഉത്തരവുകളും ഡി.പി.സി കാറ്റില്‍ പറത്തി. ഇത് നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. റിട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവില്‍ സര്‍വീസിലെ ഉന്നത ജോലികള്‍ ചെയ്യാന്‍ അയോഗ്യനാണ്, ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കണം- സലീം ആവശ്യപ്പെട്ടു. 
 

Latest News