ഋഷികേശിലെ ലഹരി വിമോചന കേന്ദ്രത്തില്‍ 25 കാരി ബലാത്സംഗത്തിനിരയായി, വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു

ഹരിദ്വാര്‍- ഉത്തരാഖണ്ഡിലെ ലഹരി വിമോചന കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഋഷികേശിലെ ഒരു ലഹരി വിമോചനപുനരധിവാസ കേന്ദ്രത്തില്‍വെച്ച് ബലാത്സംഗത്തിനിരയായെന്നും കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്നുമാണ് 25 വയസ്സുള്ള യുവതിയുടെ ആരോപണം. സംഭവത്തില്‍ ഋഷികേശ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

ദല്‍ഹി സ്വദേശിയായ ഒരു സ്ത്രീയായിരുന്നു ലഹരി വിമോചന കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ഇവിടെ പ്രവേശിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം നടത്തിപ്പുകാരിയുടെ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നടത്തിപ്പുകാരി ഇതിന് ഒത്താശചെയ്ത് നല്‍കുകയും ബലാത്സംഗദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്കായി നിര്‍ബന്ധിച്ചെന്നും നഗരത്തിന് പുറത്തെത്തിച്ച് മറ്റു പലര്‍ക്കും കൈമാറിയെന്നുമാണ് യുവതിയുടെ ആരോപണം. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഋഷികേശ് എസ്.എച്ച്.ഒ. രവി സൈനി പറഞ്ഞു. നിലവില്‍ ലഹരിവിമോചന കേന്ദ്രം അടച്ചിട്ടിരിക്കുകയാണെന്നും പ്രതികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest News