കോൺഗ്രസ് ഒരു ദേശീയ പാർട്ടി ആയിരുന്നു. ഇനിയിപ്പോൾ എണീറ്റു നടക്കണമെങ്കിൽ ഊന്നുവടി വേണമെന്ന് മുഖ്യമന്ത്രി ഈയിടെ ഒന്നു കളിയാക്കിയിരുന്നു. അദ്ദേഹം സ്വന്തം ഇരിപ്പിടത്തിനു താഴെയൊന്നും കണ്ടില്ല. 'വാക്കറോ' 'ക്രച്ചസോ' ഇല്ലാതെ സഖാവിന്റെ പാർട്ടിക്കു കേരളത്തിനു പുറത്തു നടക്കാൻ ശേഷിയുണ്ടോ? ഇല്ല. ദേശീയ പാർട്ടി ആ ഊന്നുവടിയെ സ്വീകരിച്ചിരുന്നു. 'പുനരുജ്ജീവനം' എന്ന പേരിൽ മുരളീധര - ചെന്നിത്തലകൾ ധാരണാപത്രം ഒപ്പിട്ടെന്നു കിംവദന്തി. ഇടതുമുന്നണിയും സംസ്ഥാനത്ത് എവിടെയൊക്കെയോ വരട്ടു ചൊറി പോലെ കാണപ്പെടുന്ന കേന്ദ്ര കക്ഷിയും അലങ്കലാപ്പിലായി. പാലാ, കുണ്ടകുളം, ദേവലോകം, ഗുരുവായൂർ, കോഴിക്കോട്, കൊടുങ്ങല്ലൂർ തുടങ്ങി എല്ലാ ദിവ്യ സ്ഥാനങ്ങളിലും ഊന്നുവടി കിട്ടും. പത്തനംതിട്ട ജില്ല മുഴുവനും കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഊന്നുവടികൾ കൊണ്ടുനിറഞ്ഞിരുന്നു. പക്ഷേ 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി' എന്ന മാതിരി, ജില്ല മൊത്തം ഇടതുമുന്നണി അടിച്ചെടുത്തു. മലകയറ്റത്തിനു ഹെലികോപ്റ്റർ ബുക്ക് ചെയ്തു മനഃപായസമുണ്ടവർ വഴിയാധാരം. അവശേഷിക്കുന്ന 'ഊന്നുവടി' 'ഗോഡൗൺ' പെരുന്നയിലാണെന്ന് മുരളി - ചെന്നിത്തലമാർക്ക് ഒരേ സമയം സ്വപ്ന ദർശനമുണ്ടായി. 'ഐ' വിഭാഗ ചിന്താഗതിയെ ഒന്നു തട്ടിയുണർത്തി പണക്കിഴിയോ രസീതു ബുക്കോ രണ്ടും ഒന്നിച്ചോ കാഴ്ചവെച്ചാൽ പെരുന്ന പിന്നാലെ പോരും. 'കന്ന് ചെന്നാൽ കന്നിനു കൂട്ടത്തിൽ' എന്നാണല്ലോ പ്രമാണം. സമദൂര നേതാവിനെ 'ശരിദൂര'ത്തിലെത്തിക്കാനുള്ള മഹേന്ദ്ര ജാലവിദ്യകൾ ലീഡറുടെ മകനെയും ശിഷ്യനെയും മറ്റാരും പഠിപ്പിക്കണ്ട. പുലരും മുമ്പേ യാത്ര തിരിച്ചാൽ ഉച്ചയ്ക്കു മുമ്പേ പെരുന്ന പൂകാം. കോൺഗ്രസിൽ എന്തും ചോരുന്ന കാലമാകായാൽ സൂക്ഷിക്കണം. 2024-25 കാലത്തേക്കുള്ള 'കരുതൽ' ആണ്. ഇപ്പോഴേ കുട പിടിച്ചാൽ അന്ന് ഏറെ നനയേണ്ടി വരില്ല.
**** **** ****
മികച്ച സഹകരണ സംഘം, മികച്ച ഗ്രാമസേവകൻ തുടങ്ങിയ അവാർഡുകളുടെ മാനദണ്ഡം പുതുക്കേണ്ട കാലമായി. മികച്ച 'അടിച്ചുമാറ്റൽ' ഇന്നു ജനകീയമായ സ്ഥിതിക്ക് അതിനും ഒരു പുസ്തകം ആകാമെന്നു വല്യേട്ടൻ പാർട്ടിയിലെ 'പിണങ്ങന്മാർ' വാദിച്ചു തുടങ്ങി. ഭയക്കേണ്ടതില്ല; ആ സമ്മാനവും നമ്മുടെ സൊസൈറ്റിക്കു തന്നെ ലഭിക്കും. കരുവാന്തൂർ സൊസൈറ്റിയെ മാത്രം ചൂണ്ടിക്കാട്ടി വിമർശിക്കുന്നവർ പത്രമോ മറ്റു മാധ്യമങ്ങളോ കാണാറില്ല. മൊത്തം 164 സൊസൈറ്റികളുണ്ട്, സഹകരണ വകുപ്പു വഴി ലോൺ എടുത്തിട്ടു തിരിച്ചടയ്ക്കാത്തവർ. നിക്ഷേപകർ മരിക്കുന്നതോ ജീവത്യാഗം ചെയ്യുന്നതോ നമ്മുടെ പ്രസ്ഥാനത്തെ തളർത്തുകയില്ല. അവരെ നാം സീനിയോറിറ്റി മുറയ്ക്ക് ധീര രക്തസാക്ഷികളാക്കി ഉയർത്താനും മടിക്കില്ല.
**** **** ****
ഒരേ പേരുള്ള 'ദശമൂലാരിഷ്ടം' വിവിധ മരുന്നുശാലകൾ പുറത്തിറക്കാറുണ്ട്. ശർക്കരയുടെ മധുരം നിമിത്തം വിൽപനയ്ക്ക് ഒരു ക്ഷീണവും സംഭവിക്കാറില്ല; അരിഷ്ടക്കമ്പനികൾ കുത്തുപാളയെടുക്കാറുമില്ല. 'കെ റെയിലിനു' പകരം പുത്തൻ പേരിട്ടാലും, കമ്പനി തന്നെ മാറിയാലും അതിവേഗ ട്രെയിൻ വരും. സിൽവർ ലൈനിനു പകരം 'ബ്രോൺസ്' എന്നോ 'വെങ്കല'മെന്നോ ആയാലും പേപ്പറിൽ മാത്രം ആയിരിക്കുന്ന കാലത്തോളം ശോഭ ഒട്ടും കുറയില്ല. നവ റെയിൽവേ പാതക്കു വേണ്ടി അലയണ്ട, മഞ്ഞുകൊള്ളണ്ട. അതിനു കേന്ദ്ര സഹമന്ത്രിയുണ്ട്. 130 കിലോമീറ്റർ വേഗത്തിൽ ഒരു വണ്ടി ഓടിച്ചു കാണിച്ചിട്ടേ അദ്ദേഹം ഇനി ജന്മദേശമായ ചേവായൂരിൽ കാൽ കുത്തുകയുള്ളൂ. അതുവരെ കൈയും കുത്തി നടക്കുമോ എന്നു കണ്ടറിയണം.
കേരളത്തിൽനിന്നു ദില്ലിയിൽ റെയിൽ മന്ത്രിയെ കാണാനെത്തിയ മൂന്നു മന്ത്രിമാർക്കു വേഗം കുറഞ്ഞുപോയി. ഈ മഴയൊക്കെ നനഞ്ഞും എന്നാൽ ഒട്ടും നനയാതെയും എത്തിച്ചേർന്ന ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ സഖാക്കൾ തഴയപ്പെടാൻ തക്ക നിരസ്സാരന്മാരല്ല. വിദ്യാർഥി വർഗ സമരങ്ങളിൽ ഒളിവിൽ കഴിഞ്ഞ സഖാവാണ് വിദ്യാഭ്യാസ മന്ത്രി. ഇപ്പോഴാകട്ടെ അദ്ദേഹത്തിന്റെ ഒളിവിലെ ഓർമകള 'ചിന്തകളിലും' ദേഹമാസകലവും രോമാഞ്ചം വിതറിപ്പോരുന്ന കാലവും! സഖാവിന്റെ നേമം മണ്ഡലത്തിലെ റെയിൽവേ ടെർമിനൽ പദ്ധതിയാണ് 'കൈയാലപ്പുറത്തെ തേങ്ങ' ആയി മാറിയത്. ദില്ലിയിലേക്ക് ഒരു 'ബല'ത്തിനു വേണ്ടി ആന്റണി രാജുവിനെ കൂടെ കൂട്ടി. വണ്ടി കോർപറേഷൻ അന്ത്യശ്വാസം വലിക്കുന്നതു കാണാൻ വയ്യാത്ത സഖാവ് റെയിൽവേ വണ്ടിക്ക് എന്തെങ്കിലും ചെയ്തെന്ന പുണ്യം നേടിക്കോട്ടെ എന്നു കരുതി. അപ്പോഴാണ് അദ്ദേഹത്തിനെതിരെ 'തൊണ്ടിമുതലായ' അണ്ടർ ഗാർമെന്റ് മാറ്റി മറിച്ചുവെന്നൊരു കേസ് പണ്ട് നെടുമങ്ങാട്ടു കോടതിയിലുണ്ടെന്ന് പ്രതിപക്ഷം എടുത്തു വീശിയത്. ആന്റണി രാജു, എ.കെ. ആന്റണിയല്ലെന്ന് അറിയാത്തതിനാലാണ് ആ അബദ്ധം പറ്റിയത്. ജി.ആർ. അനിൽ 'എം.ജി.ആറിനോളം വരില്ലെങ്കിലും പട നയിക്കാൻ മക്കൾ തിലകത്തിനെപ്പോലെ കേമൻ! എന്നാൽ 'കേന്ദ്ര മന്ത്രിയുമായി വ്യാഴാഴ്ച' എന്നു കരാർ ഉറപ്പിച്ച കൂടിക്കാഴ്ച എങ്ങനെ അട്ടിമറിക്കപ്പെട്ടു? തലേന്നു ബുധനാഴ്ച എന്തിനു മന്ത്രി മുരളീധരൻ റെയിൽ മന്ത്രിയെ കണ്ടു? ഒരു 'ടെർമിനൽ' കാര്യമല്ലേ? നടക്കാതെ പോയ ടെർമിനലുകളുടെ കണക്കെടുത്താൽ ആയിരം പേജുള്ള നോട്ടുബുക്ക് വേണ്ടിവരും. കാര്യം 'നേമ'മാണ്. അബദ്ധവശാൽ ഒ. രാജേട്ടൻ ജയിച്ചു നിയമസഭ കണികണ്ട മണ്ഡലം. അടുത്ത തവണയെങ്കിലും 'അബദ്ധം' (കോടിയേരി സഖാവിന്റെ പ്രയോഗമാണ്) സംഭവിക്കണമെങ്കിൽ ഇപ്പോഴേ തോണി ഇറക്കണം, വഞ്ചിപ്പാട്ടും പാടണം. മുരളീധര ദർശനം ലഭിച്ച ശേഷം മന്ത്രി വൈഷ്ണവനെ കണ്ടവരില്ല. സഹമന്ത്രിയായ ഒരു പാവമാണ് മൂന്നു കേരള മന്ത്രിമാരെയും നേരിട്ടതും ഫോട്ടോക്കു നിന്നു കൊടുത്തതും. 'ആടിനറിയുമോ അങ്ങാടി വാണിഭം' എന്നു പറഞ്ഞ അവസ്ഥയായിരുന്നു സഹമന്ത്രിക്ക്. ഏതായാലും ഇനി നേമം ടെർമിനലിനു ജീവൻ വെക്കും. അവസാനം ഒരു വിറകു ഡിപ്പോയെങ്കിലും തുറക്കാനുള്ള ഭൂമി ഏറ്റെടുക്കും. ഫ്ളാറ്റ്ഫോമും ഷണ്ടിംഗ് സ്റ്റേഷനും പൊടിപൊടിക്കും! 'പൊടി'യോടു അലർജിയുള്ളവർ പോയി മാസ്ക് ധരിക്കട്ടെ.
**** **** ****
അധികാരവും പദവിയുമല്ല ആദർശമാണ് വലുതെന്ന് ഒരു പുതിയ പാഠം മുല്ലപ്പള്ളി കോഴിക്കോട്ടു ചൊല്ലിക്കൊടുത്തു. വി.ഡി. സതീശനെതിരെയുള്ള ഒളിയമ്പ് എന്നായിരുന്നു ഭരണകക്ഷിയുടെ 'അഭിമാനി'യായ പത്രം. 'സ്വാതന്ത്ര്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റുമാർ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു. പന്ത്രണ്ടു കൊല്ലത്തോളം മികച്ച എമ്മെല്ലേ ആയും വൈസ് പ്രസിഡന്റായും വനവാസം അനുഷ്ഠിച്ച് കായ്കനികൾ ഭക്ഷിച്ചു കഴിഞ്ഞുപോന്ന സതീശനോടു തന്നെ വേണമായിരുന്നു പ്രയോഗം! അധികാരത്തോടു വിരക്തി; ആദർശത്തെ വിട്ട് ഒന്നിനും രണ്ടിനും പോകാൻ വയ്യാത്ത അവസ്ഥ -അതായിരുന്നു മുല്ലപ്പള്ളി. അഞ്ചു തവണ എം.പി, എത്ര കമ്മിറ്റികളിൽ അംഗമായിരുന്നുവെന്ന് അദ്ദേഹത്തിനറിയില്ലെങ്കിൽ സർവേ വകുപ്പിൽ നിന്നും കണക്കെടുപ്പിന് ആളെ വേണ്ടിവരും. മുല്ലപ്പള്ളി പ്രസംഗിച്ച ആദർശം. അടുത്തെങ്ങാനുമുണ്ടോ എന്നറിയാൻ സദസ്സ് മൊത്തം തിരിഞ്ഞും ചെരിഞ്ഞും നോക്കി. ങ്ഹേ! അദ്ദേഹമല്ലാതെ മറ്റൊരു സ്വരൂപവും അവിടെയെങ്ങും കാണ്മാനില്ല. ചെകുത്താൻ വേദമോതുന്നുവെന്നു പറഞ്ഞാൽ കൂടിപ്പോകും. മാത്രമല്ല 'ചെകുത്താൻ' നിരോധിക്കപ്പെട്ട പദമാണോ എന്ന് ഇനി അന്വേഷിക്കേണ്ടിയും വരും. അതാണ് കാലം!






