Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

തേയില ശേഖരിക്കാൻ വൻകിട കമ്പനികളും  ആഭ്യന്തര വ്യാപാരികളും മത്സരത്തിൽ

ഓണ വിൽപന മുന്നിൽ കണ്ട് വൻകിട കമ്പനികൾ തേയില ലേലത്തിൽ പിടിമുറുക്കി. ഉത്സവവേളയിലെ ആവശ്യങ്ങൾക്കായി കറിമസാല വ്യവസായികൾ ജാതിക്ക സംഭരണം ശക്തമാക്കി. രാജ്യാന്തര വിപണിക്ക് ഒപ്പം കേരളത്തിലും റബർ ഷീറ്റ് വില ഇടിഞ്ഞു.  സ്വർണവില കുതിച്ചു കയറി. 
ഓണ വിൽപന മുന്നിൽ കണ്ട് തേയില ശേഖരിക്കാൻ വൻകിട കമ്പനികളും ആഭ്യന്തര വ്യാപാരികളും ലേല കേന്ദ്രങ്ങളിൽ സജീവമായി. ഓണവേളയിലെ പ്രദേശിക ഡിമാന്റ് മുന്നിൽ കണ്ട് വാങ്ങലുകാർ സി.റ്റി.സി ഇനങ്ങളിൽ പിടിമുറുക്കി.  കൊൽക്കത്ത ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ 500 രൂപയിലേയ്ക്ക് കയറിയതോടെ കയറ്റുമതിക്കാർ ദക്ഷിണേന്ത്യയിലേയ്ക്ക് തിരിഞ്ഞു. ശ്രീലങ്കൻ തേയിലയുടെ ലഭ്യത കുറവാണ്  ഇറക്കുമതിക്കാരുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിച്ചത്. ഓർത്തഡോക്‌സ് ഇനങ്ങൾക്ക് ഇറാനിൽ നിന്നും  ആവശ്യക്കാരുണ്ട്. കിലോ 350 രൂപ റേഞ്ചിലാണ് ഇവയുടെ കൈമാറ്റം. ഗുണമേൻമയേറിയ തേയില കൊച്ചി ലേലത്തിൽ നിന്നും സംഭരിക്കാൻ തുർക്കിയും ഉത്സാഹിച്ചു. തുനീഷ്യയും ഇറാഖും വില കുറഞ്ഞ വിഭാഗങ്ങളിൽ താൽപര്യം കാണിച്ചു. യുദ്ധ സാഹചര്യം തുടരുന്നതിനാൽ റഷ്യയും വില കുറഞ്ഞ തേയിലയാണ് ശേഖരിച്ചത്. 
കറിമസാല വ്യവസായികളും ഔഷധ നിർമാതാക്കളും ജാതിക്ക ശേഖരിച്ചു. വിലക്കയറ്റം കണ്ട് സ്‌റ്റോക്കിസ്റ്റുകൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടങ്കിലും തിരക്കിട്ട് ഉൽപന്നം ഇറക്കിയില്ല. കയറ്റുമതിക്കാർ രംഗത്ത് സജീവമല്ല. പലർക്കും അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര നിരക്ക് വീണ്ടും ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവർ അകന്നു മാറുന്നത്. ജാതിക്ക തൊണ്ടൻ കിലോ 250-350, തൊണ്ടില്ലാത്തത് 550-600, ജാതിപത്രി 1300-1400 രൂപയിലുമാണ്.      
തെളിഞ്ഞ കാലാവസ്ഥ നേട്ടമാക്കി വലിയൊരു പങ്ക് കർഷകർ റബർ ടാപ്പിങിന് ഉത്സാഹിച്ചു. ഈ മാസം ലഭ്യത ഉയരുമെന്ന കണക്കൂകൂട്ടലിൽ ടയർ ലോബി ഷീറ്റ് വില വീണ്ടും ഇടിച്ചു. നാലാം ഗ്രേഡ് റബർ 17,200 രൂപയിൽ നിന്നും 16,800 രൂപയായി. വിപണി പതിനൊന്ന് ആഴ്ചകളിലെ താഴ്ന്ന നിലവാരം ദർശിച്ചങ്കിലും കർഷകരും സ്‌റ്റോക്കിസ്റ്റുകളും കാര്യമായി റബർ വിൽപനക്ക് ഇറക്കിയില്ല. അഞ്ചാം ഗ്രേഡ് റബർ വില 500 രൂപ കുറഞ്ഞ് 15,900-16,300 രൂപയായി. 
നാളികേര കർഷകരുടെ എല്ലാ പ്രതീക്ഷയും ഓണ ഡിമാന്റിലാണ്. സംസ്ഥാനത്ത് ഇറക്കുറി ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വിൽപന ചൂടുപിടിക്കുമെന്ന വിശ്വാസത്തിലാണ് മില്ലുകാർ.  പച്ചത്തേങ്ങക്കും കൊപ്രക്കും മില്ലുകാരിൽ നിന്നും ഡിമാന്റില്ലെങ്കിലും അടുത്ത രണ്ടാഴ്ചകളിൽ വിപണിയിൽ ഉണർവ് പ്രതീക്ഷിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 13,800 ലും കൊപ്ര 8250 രൂപയിലുമാണ്. 
ഏലം വിളവെടുപ്പ് ഊർജിതമായി. ആദ്യ റൗണ്ട് വിളവെടുപ്പ് പുരോഗമിച്ചതിനിടയിൽ കാർഷിക ചെലവുകൾ മുൻനിർത്തി ചെറുകിട കർഷകർ പുതിയ ചരക്ക് തിരക്കിട്ട് വിൽപനക്ക് ഇറക്കുന്നുണ്ട്. കർക്കിടകം ആദ്യ പകുതിയിൽ കാലാവസ്ഥ മാറിമറിഞ്ഞെങ്കിലും ചിങ്ങത്തിൽ മഴയുടെ അളവ് കുറയുമെന്നത് വിളവ് മെച്ചപ്പെടുത്താം. 
കയറ്റുമതിക്കാരും ഇതര ഇടപാടുകാരും ഏലത്തിൽ കാണിച്ച താൽപര്യം ശരാശരി ഇനങ്ങളെ പല അവസരത്തിലും കിലോ ആയിരം രൂപക്ക് മുകളിൽ എത്തിച്ചു. ജൂലൈ ആദ്യം കിലോ 800 രൂപയിലേക്ക് ഇടിഞ്ഞ ശരാശരി ഇനങ്ങൾ ഇതിനകം 1035 രൂപ വരെ ഉയർന്നു. മികച്ചയിനങ്ങൾ ഒരവസരത്തിൽ 1700 ന് മുകളിലേക്ക് കയറിയെങ്കിലും വാരാവസാനം 1400 രൂപയിലാണ്. ഉത്തരേന്ത്യൻ ഉത്സവകാല ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ  ഒരുക്കത്തിലാണ്. 
കുരുമുളക് ഓഫ് സീസണിലെ വിലക്കയറ്റത്തിനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 49,400 രൂപയിലും ഗാർബിൾഡ് മുളക് 51,400 രൂപയിലുമാണ്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില 6450 ഡോളറിലാണ്. വിയറ്റ്‌നാം 3750-4000 ഡോളറിനും ബ്രസീൽ 3025 ഡോളറിനും ഇന്തോനേഷ്യ 3690 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കയുടെ വില 5500 ഡോളറാണ്. 
കേരളത്തിൽ സ്വർണവില പവന് 37,520 രൂപയിൽ നിന്നും 37,120 ലേക്ക് വാരമധ്യം താഴ്ന്നു. വാരാവസാനം നിരക്ക് വീണ്ടും വർധിച്ച് പവൻ 37,760 രൂപയായി. ഗ്രാമിന് വില 4720 രൂപ. 

Latest News