Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയിൽ

ബോംബെ സെൻസെക്‌സും നിഫ്റ്റി സൂചികയും ജൂലൈയിൽ എട്ട് ശതമാനം കുതിച്ചു ചാട്ടം കാഴ്ചവെച്ച ആവേശത്തിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യൻ മാർക്കറ്റിൽ ഓഹരി വിൽപനക്ക് മുൻതൂക്കം നൽകിയ വിദേശ ഫണ്ടുകളുടെ മനോഭാവത്തിൽ സംഭവിച്ച മാറ്റം വിപണിയുടെ തിരിച്ചുവരവിന് കാരണമായി. ജൂലൈയിൽ സെൻസെക്‌സ് 4543 പോയന്റും നിഫ്റ്റി സൂചിക 1359 പോയന്റും മികവ് കാണിച്ചു. പിന്നിട്ട വാരം ഇവ രണ്ടര ശതമാനം ഉയർന്നു. ബി.എസ്.ഇ 1498 പോയന്റും എൻ.എസ്.ഇ 438 പോയന്റും പ്രതിവാര നേട്ടത്തിലാണ്. 
വിദേശ ഫണ്ടുകൾ അവരുടെ വിൽപനയുടെ തീവ്രത കുറച്ച മാസമാണ് ജൂലൈ. പത്ത് മാസമായി വിൽപനക്ക് മുൻതൂക്കം നൽകിയിരുന്ന അവർ വാങ്ങലുകാരായത് ആഭ്യന്തര ഫണ്ടുകൾക്കും പ്രദേശിക നിക്ഷേപകർക്കും ആവേശം പകർന്നു.  ജൂലൈയിൽ 21 ദിവസങ്ങളിൽ എട്ട് ദിവസവും അവർ നിക്ഷേപകരായിരുന്നു. പോയ മാസം അവർ 6568 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് വിറ്റത്. ജൂണിലെ അവരുടെ വിൽപന 58,100 കോടി രൂപയായിരുന്നു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ജൂണിൽ 46,600 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത്  ജൂലൈയിൽ വാങ്ങിയത് 10,546 കോടി രൂപയുടെ ഓഹരികളാണ്. 
വിദേശ ഫണ്ടുകളുടെ ചുവടുമാറ്റം വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഉയർത്തി. ഡോളറിന് മുന്നിൽ സർവകാല റെക്കോർഡ് തകർച്ചയായ 80.44 വരെ മാസമധ്യം ഇടിഞ്ഞ രൂപ പിന്നിട്ടവാരം 79.85 ൽ നിന്നും 79.26 ലേക്ക് ശക്തിപ്രാപിച്ചു. ആർ.ബി.ഐ ഈ വാരം ദ്വിമാസ വായ്പ അവലോകനം നടത്തും. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നീക്കങ്ങൾ കണക്കിലെടുത്താൽ റിപ്പോ നിരക്കിൽ 35 ബേസിസ് പോയന്റ് വരെ ഉയർത്താം. 
മുൻവാരത്തിലെ 17,719 ൽ നിന്നും നിഫ്റ്റി ഒരു വേള 16,438 ലേക്ക് ഇടിഞ്ഞ അവസരത്തിലാണ് വിദേശ ഫണ്ടുകളിൽ നിക്ഷേപകരായി രംഗത്ത് എത്തിയത്. ഇതോടെ കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 17,147 ലെ പ്രതിരോധം തകർത്ത വ്യാപാരാന്ത്യം 17,158 പോയന്റിൽ ക്ലോസ് ചെയ്തു. ഈ വാരം 17,407 ലെ പ്രതിരോധം വിപണി തകർക്കുമെന്ന കണക്കുകൂട്ടലിലാണ് ബുൾ ഇടപാടുകാർ. അതേ സമയം 17,340 ൽ ശക്തമായ പ്രതിരോധം വീക്കിലി ചാർട്ട് ഉയർത്തുന്നു. ഈ തടസ്സങ്ങൾ മറികടന്നാൽ 17,656 പോയന്റിനെ ലക്ഷ്യമാക്കിയാവും അടുത്ത ചുവടുവെപ്പ്. ആഭ്യന്തര ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് ഇറങ്ങിയാൽ സാങ്കേതിക തിരുത്തലിൽ സൂചിക 16,673 പോയന്റിലേയ്ക്ക് തളരാം. 
ബോംബെ സെൻസെക്‌സ് 56,072 ൽ നിന്നും 55,225 ലേക്ക് തുടക്കത്തിൽ തളർന്നെങ്കിലും പിന്നീട് കരുത്ത് നേടി 57,619 പോയന്റ് വരെ ഉയർന്നു. ഇതിനിടയിൽ ഉയർന്ന തലത്തിൽ ഓപറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയതോടെ  കഴിഞ്ഞ വാരം സൂചിപ്പിച്ച 57,582 ലെ പ്രതിരോധത്തിൽ കാലിടറി 57,570 ൽ ക്ലോസിങ് നടന്നു. ഈ വാരം 55,945 ലെ പോയന്റിലെ താങ്ങ് നിലനിർത്തിയാൽ 58,404 ലേയ്ക്കും തുടർന്ന് 59,243 പോയന്റിലേയ്ക്കും വിപണി സഞ്ചരിക്കാം. 
ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ ഇൻഫോസീസ് ടെക്‌നോളജി, വിപ്രോ, റ്റി.സി.എസ്, എച്ച്.സി.എൽ ടെക് എന്നീ ഐ.ടി ഓഹരികൾ മികവ് കാണിച്ചു. ബാങ്കിംഗ് ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയിലും നിക്ഷേപകർ താൽപര്യം കാണിച്ചു. ആർ.ഐ. എൽ, ടാറ്റാ സ്റ്റീൽ, ബജാജ് ഫൈനാൻസ് തുടങ്ങിയവയും മികവ് കാണിച്ചു. ഡോ. റെഡീസ്, എം ആന്റ് എം, മാരുതി, എച്ച്.യു.എൽ ഓഹരികൾക്ക് തളർച്ച.  
പിന്നിട്ട വാരം വിദേശ ഫണ്ടുകൾ 2830 കോടി രൂപയുടെ ഓഹരികൾ വിറ്റു, മറുവശത്ത് 2682 കോടിയുടെ നിക്ഷേപവും അവർ നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2311 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനൊപ്പം 73 കോടി രൂപയുടെ വിൽപനയും നടത്തി. 
ക്രൂഡ് ഓയിലിന് 100 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടു. എണ്ണ വില ബാരലിന് 103 ഡോളറിൽ നിന്നും കൂടുതൽ മുന്നേറാനാൻ ക്ലേശിച്ചതോടെ ഫണ്ടുകൾ വിൽപനക്ക് കാണിച്ച ഉത്സാഹം എണ്ണ വില 98 ഡോളറായി താഴാൻ ഇടയാക്കി. 
ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ സ്വർണവില ട്രോയ് ഔൺസിന് 1725 ഡോളറിൽ നിന്നും 1769 ഡോളറായി ഉയർന്നു. ക്ലോസിങിൽ സ്വർണം 1766 ഡോളറിലാണ്.  

Latest News