മക്ക - രണ്ടാഴ്ചക്കിടെ 20,000 ലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മൂന്നു ദിവസത്തിനിടെ മാത്രം 6,000 ലേറെ ഉംറ വിസകൾ അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മുതലാണ് ഉംറ വിസ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയം വികസിപ്പിച്ച ഇ-പ്ലാറ്റ്‌ഫോമുകൾ വഴി ലോകത്തെവിടെ നിന്നുമുള്ള വിശ്വാസികൾക്ക് തങ്ങൾക്ക് അനുയോജ്യമായ ഉംറ പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടച്ച് എളുപ്പത്തിൽ വിസ നേടാൻ സാധിക്കും. ഉംറ വിസ ലഭിച്ച ശേഷം വിദേശ തീർഥാടകർക്ക് ഇഅ്തമർനാ ആപ്പ് വഴി ഉംറ പെർമിറ്റിനും മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും ബുക്കിംഗ് നടത്താൻ കഴിയുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
അതേസമയം, വാക്‌സിനേഷൻ നടത്താത്തവർക്ക് ഇരു ഹുറമുകളിലും പ്രവേശിച്ച് നമസ്‌കാരങ്ങൾ നിർവഹിക്കാനും ഇഅ്തമർനാ ആപ്പ് വഴി ഉംറ പെർമിറ്റ് നേടാനും സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇതിന് വിശ്വാസികൾ കോവിഡ് ബാധിച്ചവരോ കൊറോണ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഉംറ ബുക്കിംഗ് നടത്താൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണോയെന്ന് ആരാഞ്ഞ് വിശ്വാസികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്ബാധ സ്ഥിരീകരിക്കുകയോ കൊറോണ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടത് സ്ഥിരീകരിക്കുകയോ ചെയ്യുന്ന പക്ഷം ഉംറ പെർമിറ്റ് റദ്ദാക്കും. ഹറമിൽ കഴിയുന്ന മുഴുവൻ സമയവും വിശ്വാസികൾ മാസ്‌കുകൾ ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഉംറ പെർമിറ്റ് സമയം അവസാനിക്കുന്നതോടെ വിശ്വാസികൾ ഹറമിൽ നിന്ന് പുറത്തുപോവുകയും വേണം. സൗദി പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും ഗൾഫ് പൗരന്മാർക്കും വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർക്കും ഇഅ്തമർനാ ആപ്പ് വഴി എളുപ്പത്തിൽ ഉംറ ബുക്കിംഗ് നടത്താനും പെർമിറ്റ് നേടാനും സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
വിദേശ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാകുന്നതിനു മുമ്പായി ഈ വർഷം വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. സമീപ കാലത്ത് ആദ്യമായാണ് ഇങ്ങിനെ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയാകുന്നതിനു മുമ്പായി ഉംറ തീർഥാടകരെ സ്വീകരിക്കുന്നത്.
ഹജ് കർമം പൂർത്തിയായ ശേഷം ഇതുവരെ മക്കയിൽ നിന്ന് 2,92,992 വിദേശ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച വിവിധ രാജ്യക്കാരായ 12,438 ഹാജിമാരാണ് പ്രവാചക നഗരിയിലെത്തിയത്. ഹാജിമാരിൽ 2,80,238 പേർ മക്ക, മദീന എക്‌സ്പ്രസ്‌വേയിലെ അൽഹിജ്‌റ സെന്റർ വഴിയും 8,165 പേർ വിദേശങ്ങളിൽ നിന്ന് കര മാർഗം രാജ്യത്തെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്ന സെന്റർ വഴിയും 4,480 പേർ ഹറമൈൻ ട്രെയിനുകൾ വഴിയുമാണ് മക്കയിൽ നിന്ന് മദീനയിലെത്തിയത്.
ഞായറാഴ്ച മദീന എയർപോർട്ടു വഴിയും കരമാർഗവും 13,863 ഹാജിമാർ സ്വദേശങ്ങളിലേക്ക് മടങ്ങി. ഇതോടെ ഹജിനു ശേഷം മദീനയിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ ഹാജിമാർ 2,19,966 ആയി. ഞായറാഴ്ച രാത്രിയിലെ കണക്കുകൾ പ്രകാരം മദീനയിൽ 73,026 വിദേശ ഹാജിമാരുണ്ട്.






