കോട്ടയത്ത് ഉരുള്‍പൊട്ടല്‍, പൊന്മുടിയില്‍ സഞ്ചാരികള്‍ കുടുങ്ങി

തിരുവനന്തപുരം- സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. പൊന്മുടിയില്‍ എത്തിയ വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. കല്ലാറില്‍നിന്ന് മീന്‍ മുട്ടി വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ അക്കരെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇപ്പുറത്ത് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാര്‍ ചേര്‍ന്ന് ഇക്കരയെത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവര്‍ സുരക്ഷിതരാണെന്നാണ് വിവരം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുവേണ്ടിയിട്ടുള്ള സൗകര്യങ്ങള്‍ പഞ്ചായത്തും അധികൃതരും ഒരുക്കിയിട്ടുണ്ട്.

 

Latest News