ന്യൂദല്‍ഹി- കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനത്തിനായുള്ള പുതിയ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി മെയ് 20 ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നു.






