ഓണക്കിറ്റല്ല, പണമാണ് നൽകേണ്ടത്

ഈ വർഷവും മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് നൽകാനാണ് സർക്കാർ തീരുമാനം. ഒറ്റക്കേൾവിയിൽ ആരും കൈയടിക്കുമെന്നുറപ്പ്. ഭരണത്തുടർച്ചക്ക് കാരണമായി ഭൂരിഭാഗം പേരും വിലയിരുത്തുന്ന ഒന്നാണ് കോവിഡ് കാലത്തു നൽകിയ കിറ്റുകൾ എന്നതിനാൽ തന്നെ ഈ പദ്ധതിയുടെ സ്വാധീനത്തെ കുറിച്ച് സർക്കാരിനും നന്നായറിയാം. അതിനാൽ തന്നെ എത്ര സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഓണക്കിറ്റുമായി സർക്കാർ മുന്നോട്ടു പോകുമെന്നുറപ്പ്. 14 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ഇത്തവണ നൽകുന്നത്. 425 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റിൽ ഉൾപ്പെടുന്നത്.
തങ്ങൾക്കു വോട്ട് കിട്ടുന്ന പദ്ധതികൾ ഏതു സർക്കാരും നടപ്പാക്കുന്നത് സ്വാഭാവികം. എന്നാലത് രാഷ്ട്രീയമായി എത്രമാത്രം ശരിയാണെന്നു പരിശോധിക്കാൻ ആർക്കും അവകാശവുമുണ്ട്.  രാഷ്ട്രീയ പ്രവർത്തനം തന്നെ ഏറെക്കുറെ സന്നദ്ധ പ്രവർത്തനമായി മാറിയ സാഹചര്യമാണ് നിലനിൽക്കുന്നത്. വലിയ പോരാട്ടങ്ങൾ നടത്തിയ പാരമ്പര്യമുള്ള യുവജന സംഘടനകൾ പോലും ഇപ്പോൾ പ്രധാനമായും ചെയ്യുന്നത് സന്നദ്ധ പ്രവർത്തനമാണ്. (അതേസമയം ഇതിന്റെ ഉയർന്ന രൂപമായ ട്വന്റി  20യെയോ ആം ആദ്മിയെയോ അരാഷ്ട്രീയമാണെന്നു വിശേഷിപ്പിക്കാനും നമുക്ക് മടിയില്ല. കർക്കടക വാവു ദിവസം ഈ സന്നദ്ധ പ്രവർത്തനം എവിടെ വരെയെത്തി എന്നതും കേരളം കണ്ടല്ലോ) കോവിഡിന്റെ ആദ്യസമയത്ത്, പ്രത്യേകിച്ച് ലോക്ഡൗണും മറ്റും നിലനിൽക്കുകയും ജനങ്ങൾ പരമാവധി വീടുകളിലിരിക്കുകയും ചെയ്തിരുന്ന കാലത്ത് എല്ലാവർക്കും കിറ്റ് വിതരണം പ്രസക്തമായിരുന്നു. എന്നാൽ അതാണോ ഇപ്പോഴുമാവശ്യം എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം എന്നാണല്ലോ സങ്കൽപം. എങ്കിലത് ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതാണ് സർക്കാർ ഉറപ്പു വരുത്തേണ്ടത്. അതായത് ഓണം ഏറ്റവും ചുരുങ്ങിയ രൂപത്തിലെങ്കിലും ആഘോഷിക്കാൻ കഴിവില്ലാത്തവർക്ക് ആ 

അവകാശം അംഗീകരിച്ചു കൊടുക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. അങ്ങനെയുള്ളവർക്ക് അവരുടെ അവകാശമായി, ഔദാര്യമായല്ല, ഒരു തുക അക്കൗണ്ടിലിട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. 
എന്നാൽ എന്താണ് സർക്കാർ ചെയ്യുന്നത്?  നിരവധി മാളുകളുള്ള വ്യാപാരികൾക്കും കോടികളുടെ ആസ്തിയുള്ള വ്യവസായികൾക്കും ആറക്ക വേതനം വാങ്ങുന്ന ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പ്രൊഫസർമാർക്കും ബാങ്ക് മാനേജർമാർക്കും  മന്ത്രിമാർക്കും കോടികൾ പ്രതിഫലം വാങ്ങുന്ന മെഗാസ്റ്റാറിനും ലക്ഷങ്ങൾ റോയൽറ്റി ലഭിക്കുന്ന എഴുത്തുകാർക്കും ഓണത്തിനു വലിയ ബോണസും അഡ്വാൻസും മറ്റും ലഭിക്കുന്ന സംഘടിത വിഭാഗങ്ങൾക്കും ഒപ്പം കോവിഡ് കാലം തകർത്തു തരിപ്പണമാക്കിയ ചെറുകിട സംരംഭകർക്കും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അസംഘടിത തൊഴിലാളികൾക്കുമെല്ലാം കൊടുക്കുന്നത് അഞ്ഞൂറോളം രൂപ വിലയുള്ള കിറ്റ്.  
കോവിഡ് കാലത്ത് ജീവിതത്തിലാദ്യമായി  റേഷൻ കടയിലേക്ക് വിനോദയാത്ര പോയി കിറ്റുമായി വരുന്ന പടമിട്ട് കോൾമയിർകൊണ്ട, വർഷം തോറും ലക്ഷങ്ങൾ റോയൽറ്റി കിട്ടുന്ന എഴുത്തുകാരനെ മറക്കാറായിട്ടില്ലല്ലോ. (അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് നടന്നില്ലെന്നത് വേറെ കാര്യം.) ഓണമാഘോഷിക്കാൻ കഴിവില്ലാത്തവർക്ക് മാത്രമായി പണമായി കൊടുത്താൽ ഒരു കുടുംബത്തിനു രണ്ടായിരം രൂപയെങ്കിലും നൽകാനാവുമെന്നതാണ് വസ്തുത. 
അതാണ് ജനപക്ഷത്തു നിൽക്കുന്ന, അല്ലെങ്കിൽ മാനുഷരെല്ലാരും ഒന്നുപോലെയെന്ന സന്ദേശം നൽകുന്ന മാവേലിയോട് നീതി പുലർത്തുന്നവർ ചെയ്യേണ്ടത്.  കിറ്റുകൾ വേണ്ടാത്തവർക്ക് നിരസിക്കാനുള്ള അവസരമുണ്ടെന്ന ന്യായീകരണവും കേൾക്കാറുണ്ട്.  ആറക്ക വേതനമുള്ള ഡോക്ടർമാർ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ പാവപ്പെട്ടവരിൽ നിന്ന്  ആയിരവും രണ്ടായിരവുമൊക്കെ കോഴ വാങ്ങുന്ന നാട്ടിലാണ് ഇതു പറയുന്നത്! 
കോവിഡ് കാലത്തു തന്നെ കിറ്റല്ല, പണമാണ് നൽകേണ്ടതെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. സിപിഎമ്മും കോൺഗ്രസുമടക്കമുള്ള പാർട്ടികൾ പോലും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിൽ നടന്നത് കിറ്റ് വിതരണം തന്നെയായിരുന്നു. (പണം നൽകിയാൽ അത് മദ്യത്തിനായി ചെലവഴിക്കുമെന്ന ആക്ഷേപവും ഉന്നയിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കും ശമ്പളവും പെൻഷനുമൊക്കെ കൊടുക്കുന്ന ഒന്നാം തീയതി മദ്യഷാപ്പുകൾക്ക് അവധി കൊടുത്തിരിക്കുന്നത്.) നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ഒരു വിഷയം കൂടി ഇതിനകത്തുണ്ട്. ഭരണകൂടം നൽകുന്നത് കൈനീട്ടി വാങ്ങുന്നതല്ല, ആവശ്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് പ്രധാനം. 
ഓരോരുത്തരുടെയും ആവശ്യങ്ങളും മുൻഗണനകളും വ്യത്യസ്തമാണ്. അതു പരിശോധിക്കാതെ എല്ലാവർക്കും ഒരേ സാധനങ്ങൾ നൽകുന്നതു തന്നെ ശരിയാണോ? പഞ്ചസാരയും ശർക്കരയും പപ്പടവും ഉഴുന്നും കശുവണ്ടിയും നെയ്യുമൊക്കെ  ഉപയോഗിക്കാത്ത എത്രയോ പേരെ കാണിച്ചുതരാം. മാത്രമല്ല, നേരത്തെ നൽകിയ കിറ്റുകളിലെ പല വിഭവങ്ങളുടെയും ഗുണനിലവാരത്തെ കുറിച്ച് പല ആരോപണങ്ങളും ഉയർന്നിരുന്നു. അതു പറഞ്ഞവരോട് കിട്ടിയതു വാങ്ങിപ്പോകാൻ നോക്ക് എന്നായിരുന്നു ഭരണകൂടത്തിനു വേണ്ടി കൈയടിച്ചു മാത്രം പരിചയമുള്ള പലരും ആക്ഷേപിച്ചത്. 
ഇതിനെല്ലാം പുറമെ കോവിഡ് കാലത്ത്  കിറ്റുകളുമായി ബന്ധപ്പെട്ട് പല അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. 50 ഗ്രാം ശർക്കര കുറവാണെന്നു പറഞ്ഞവരും അധിക്ഷേപിക്കപ്പെട്ടു. ലക്ഷക്കണക്കിനു കിറ്റിൽ 50 ഗ്രാം വീതം ശർക്കര കുറഞ്ഞാൽ അത് വൻ അഴിമതിയല്ലാതെ മറ്റെന്താണ്? ഇനി അഴിമതി നടന്നില്ലെങ്കിലും അത്രവലിയ വ്യാപാരത്തിന്റെ ഭാഗമായി മറിയിട്ടുള്ള കമ്മീഷൻ തുക തന്നെ കോടികൾ ഉണ്ടാകില്ലേ? ഇതിനെല്ലാം പുറമേയാണ് കിറ്റുകൾ തയാറാക്കുന്നതിനായി ചെലവഴിക്കുന്ന ആയിരക്കണക്കിനു മനുഷ്യാധ്വാന ദിനങ്ങളെന്നതും കാണേണ്ടതുണ്ട്. പണം അക്കൗണ്ടിലിടുകയല്ലെങ്കിൽ, ചെയ്യാവുന്ന മറ്റൊരു കാര്യം അർഹതപ്പെട്ടവർക്ക് കൂപ്പൺ നൽകി സിവിൽ സപ്ലൈസ് വിൽപനശാലകളിൽ നിന്ന് വാങ്ങാനവസരം നൽകുക എന്നതാണ്. അപ്പോഴും ഇപ്പോഴത്തെ അനാവശ്യമായ അധ്വാനത്തിന്റെ നൂറിലൊരു ഭാഗം അധ്വാനം പോലും  വേണ്ടിവരില്ല. ഓരോ അടുക്കളയിലും  എന്താണ് ആവശ്യമെന്ന് സർക്കാർ തീരുമാനിക്കുന്നതിനു പകരം ആവശ്യക്കാർക്ക് തീരുമാനിക്കാനുമാകും. 
നാമെന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത് ഭരണകൂടമല്ല എന്ന മുദ്രാവാക്യമുയർന്നിട്ടും അധിക കാലമായിട്ടില്ലല്ലോ.  കേവലം കൈയടിക്കല്ല, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത മൂലമാണ് കിറ്റ് നൽകുന്നതെങ്കിൽ തീരുമാനം ഇത്തരത്തിൽ മാറ്റുകയാണ് വേണ്ടത്. 

Latest News