തിരുവനന്തപുരം- എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയില്‍ ഹര്‍ജി. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവം നടന്നയുടന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ ആരോപിച്ചു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഎം അണികള്‍ ഒരു തരത്തിലും പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും ആക്രമണത്തിന് പിന്നാലെ ജയരാജന്‍ പറഞ്ഞിരുന്നു.
ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടതെന്നും പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയില്‍ നിന്ന് ഇളകി എന്നുമായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടന്‍ പ്രതികരിച്ചിരുന്നു.
അതേസമയം എകെജി സെന്റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുകയാണ്. വിവാദമായ കേസില്‍ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സര്‍ക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.