ഇരിങ്ങാലക്കുട- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സി.പി.എം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്‍. സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ. ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. സി. കെ ചന്ദ്രനു വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ബിജോയിയെയും ബിജു കരീമിനെയും ബാങ്കിന്റെ നടത്തിപ്പിലേക്ക് കൊണ്ടുവന്നത് സി.കെ. ചന്ദ്രനാണ്. ബിജു കരീമാണ് മുഴുവന്‍ തിരിമറികള്‍ നടത്തിയത്. ബിജോയ് റബ്‌കോയുടെ ഇടനിലക്കാരനായിരുന്നു. ഇതില്‍ കമ്മീഷന്‍ ഇനത്തില്‍ ഒരുപാട് സാമ്പത്തിക തിരിമറികള്‍ നടന്നിരുന്നു. ബിജോയ് തേക്കടിയില്‍ ഭൂമി വാങ്ങികൂട്ടി. ബാങ്കിലെ മാനേജര്‍ ബിജു കരീം, ബാങ്ക് മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എന്നിവരുടെ ബന്ധുക്കളുടെ ഉടമസ്ഥതയില്‍ നടവരമ്പില്‍ ഷീഷോപ്പീ എന്ന പേരില്‍ വനിതാ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചു. ഉദ്ഘാടകനായി വന്നത് സഹകരണ മന്ത്രി എ.സി. മൊയ്തീനാണ്. ബാങ്കിന് സൂപ്പര്‍മാര്‍ക്കറ്റ് ഉള്ളപ്പോള്‍ ഇവിടത്തെ നടത്തിപ്പുകാരുടെ ഭാര്യമാരുടെ പേരില്‍ മറ്റൊരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതു തന്നെ ഏറെ സാമ്പത്തിക തിരിമറികള്‍ നടത്താനാണെന്ന് വ്യക്തമാണ്. 2011 മുതലാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായത്. സി.കെ. ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഏരിയ കമ്മിറ്റി അംഗങ്ങളിലേക്ക് അന്വേഷണം എത്തണം. ബാങ്കുമായി ബന്ധപ്പെട്ടവര്‍ക്ക് പെട്ടെന്ന് സാമ്പത്തിക ഉയര്‍ച്ച ഉണ്ടായത് അന്വേഷണ വിധേയമാക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും വഴിവിട്ട് പണം ചെലവഴിച്ചിരുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. തട്ടിപ്പില്‍ മകനെ കുടുക്കുകയായിരുന്നു. ഉന്നത നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.