തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം
മക്ക - ഹജ് സീസണ്‍ അവസാനിച്ച ശേഷം വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘങ്ങള്‍ നാളെ പുണ്യഭൂമിയിലെത്തും. വിദേശ ഉംറ തീര്‍ഥാടകര്‍ക്കുള്ള വിസാ അപേക്ഷകള്‍ രണ്ടാഴ്ച മുമ്പു മുതല്‍ ഹജ്, ഉംറ മന്ത്രാലയം സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. നാളെ മുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ഉംറ സംഘങ്ങള്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി പുണ്യഭൂമിയിലെത്തുക.
വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ 500 ലേറെ ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും വളരെ നേരത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അല്‍ഉമൈരി പറഞ്ഞു. വിദേശ ഏജന്‍സികള്‍ക്കു കീഴിലെ ഉംറ ഗ്രൂപ്പുകള്‍ക്ക് ബി.2.ബി സംവിധാനവും വ്യക്തികള്‍ക്ക് ബി.2.സി സംവിധാനവും വഴിയാണ് വിസകള്‍ അനുവദിക്കുന്നത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രണ്ടായിരത്തിലേറെ വിദേശ ഏജന്‍സികള്‍ ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി.2.ബി, ബി.2.സി സംവിധാനങ്ങളില്‍ ഉംറ പാക്കേജുകള്‍ പ്രദര്‍ശിപ്പിക്കുന്ന, മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 പ്രാദേശിക, അന്തര്‍ദേശീയ ഇ-ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളുമുണ്ട്.
ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകാരമുള്ള വാലറ്റ് വഴിയും മറ്റു അംഗീകൃത ഇ-പെയ്‌മെന്റ് സംവിധാനങ്ങളും വഴി ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറ തീര്‍ഥാടകര്‍ക്ക് ഗതാഗത സേവനങ്ങള്‍ നല്‍കുന്ന മേഖലയില്‍ ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റ് അംഗീകാരമുള്ള 68 ബസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. വിദേശ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ടൂറിസം മന്ത്രാലയത്തിന്റെയും ഹജ്, ഉംറ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള 1,900 ലേറെ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളുമുണ്ടെന്നും ഹാനി അല്‍ഉമൈരി പറഞ്ഞു.
ഉംറ പാക്കേജ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യയില്‍ വലിയ പുരോഗതിയുണ്ട്. ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഉംറ പാക്കേജുകള്‍ വാങ്ങി മിനിറ്റുകള്‍ക്കകം വിസ നേടാന്‍ സാധിക്കും. ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതും ഇന്നു മുതല്‍ നിലവില്‍വരും. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന തീര്‍ഥാടകര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കും. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒരു കോടി ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാനി അല്‍ഉമൈരി പറഞ്ഞു.
വിദേശ ഉംറ തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഏറെ എളുപ്പമാര്‍ന്ന നടപടികളിലൂടെ ലോകത്ത് എവിടെയും നിന്നുള്ള ആര്‍ക്കും സൗദിയിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. മഖാം പോര്‍ട്ടലില്‍ പ്രവേശിച്ച് അംഗീകൃത ഇ-പ്ലാറ്റ്‌ഫോമുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് ഉംറ സര്‍വീസ് കമ്പനികള്‍ നല്‍കുന്ന താമസ, യാത്രാ സൗകര്യങ്ങള്‍ക്കും മറ്റു ഫീല്‍ഡ് സേവനങ്ങള്‍ക്കും ബുക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം വ്യക്തിപരമായ വിവരങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും പൂരിപ്പിക്കുകയും വിദേശ മന്ത്രാലയത്തില്‍ നിന്നുള്ള റഫറന്‍സ് നമ്പര്‍ സ്വീകരിക്കുകയും വേണം. ശേഷം വിദേശ മന്ത്രാലയ പോര്‍ട്ടലില്‍ പ്രവേശിച്ച് ഉംറ വിസ ഇഷ്യു ചെയ്യാനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.






