കുഞ്ഞാലി വധവും പാർട്ടി നിലപാടുകളും 

കുഞ്ഞാലിയെ കൊന്നത് ആര്യാടനല്ല എന്ന് സി.പി.എമ്മുകാർക്കറിയാം. അതുകൊണ്ടാണ് ഇ.എം.എസ് ജീവിച്ചിരിക്കുമ്പോൾ തന്നെ നിലമ്പൂരിൽനിന്ന് ആര്യാടനെ വിജയിപ്പിക്കാൻ പാർട്ടിക്കാർ വാശിമൂത്ത് രംഗത്തിറങ്ങിയത്. നായനാർ മന്ത്രിസഭയിലും ആര്യാടനുണ്ടായി. അപ്പോൾ ആരാണ് യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ തൽക്കാലം മറ്റൊരാളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടത് എന്ന കേരള രാഷ്ട്രീയത്തിലെയും സി.പി.എം ചരിത്രത്തിലെയും ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളിലൊന്നാണ്  ഇത്.

 

ഇന്നലെ (ജൂലൈ 28) സഖാവ് കെ. കുഞ്ഞാലി രക്തസാക്ഷിത്വ ദിനമായി സി.പി.എം ആചരിച്ചിരുന്നു. ഇത്തവണ കുഞ്ഞാലിയുടെ ജന്മനാടായ കാളികാവിൽ വളരെ വിപുലമായ  അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ഒരുപാട് വിവാദങ്ങൾക്ക് ശേഷം ഏറെ വൈകിയാണെങ്കിലും സഖാവ് കുഞ്ഞാലിക്ക് ഒരു സ്മാരകം പണിതു. യഥാർത്ഥത്തിൽ സഖാവ് കുഞ്ഞാലിയോട് സി.പി.എം നീതി കാണിച്ചുവോ? ആ രക്തസാക്ഷിത്വത്തോട് കൂറ് പുലർത്തിയോ സി.പി.എം? കുഞ്ഞാലി വധത്തിന്റെ ആണ്ടറുതിക്ക് പ്രായം ഏറെ ആകുമ്പോഴും ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

കുഞ്ഞാലി  കൊല്ലപ്പെട്ടത് എങ്ങനെ? കുഞ്ഞാലി വധക്കേസുമായി ബന്ധപ്പെട്ട് അധികമാരും ചർച്ച ചെയ്യാത്ത ചില സത്യങ്ങൾ പറഞ്ഞേ മതിയാവൂ.

കാളികാവ് സ്വദേശിയായ  കുഞ്ഞാലിക്ക് വെടിയേറ്റത് ചുള്ളിയോട് അങ്ങാടിയിൽ വെച്ചാണ്. സി.ഐ.ടി.യുവിൽനിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സിയിൽ ചേർന്നു എന്ന കാരണത്താൽ ചുള്ളിയോട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കൂലിയും ക്ഷാമബത്തയും കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് കൊല്ലപ്പെട്ട ദിവസം സഖാവ് കുഞ്ഞാലി ചുള്ളിയോട്ട് അങ്ങാടിയിൽ പ്രസംഗിച്ചത്.
ഒറ്റത്തന്തക്ക്  പിറന്ന  ഐ.എൻ.ടി.യു.സിക്കാർ ഉണ്ടെങ്കിൽ  കാണട്ടെ എന്നാക്രോശിച്ചുകൊണ്ട്     ചുള്ളിയോട് അങ്ങാടിയെ  വിറപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന്  വെടികൊള്ളുന്നത്. കുഞ്ഞാലിക്ക് വെടിയേറ്റു എന്ന് പറയപ്പെടുന്ന കോൺഗ്രസ് ഓഫീസിൽ ആര്യാടൻ അന്നേരം എത്തിച്ചേർന്നിരുന്നില്ല  എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടു കൂടി ആര്യാടനെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്യിച്ചു.  
യഥാർത്ഥത്തിൽ  കുഞ്ഞാലിയെ  വെടിവെച്ചതാരാണ്?
ആരാണ് കൊലയാളി എന്ന് ഔദ്യോഗികമായി ഇന്നുവരെ സ്ഥിരീകരിച്ചിട്ടുണ്ടോ?
എന്നാലും  ഒരു വണ്ടിക്കാരൻ ഗോപാലന്റെ പേര് പറയുന്നുണ്ട്. ഈ ഗോപാലനെ കുഞ്ഞാലിയുടെ ഏഴാം ചരമവാർഷികത്തിന് നിലമ്പൂരിലെ ഒരു ലോഡ്ജിലിട്ട് സിപിഎമ്മുകാർ കുത്തി കുടൽമാല പുറത്തിട്ടു. ഗോപാലന്  വ്യക്തിപരമായ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് കുഞ്ഞാലിയോട്  കടുത്ത  പക ഉണ്ടായിരുന്നു  എന്നത് യാഥാർഥ്യമാണ്.
എങ്കിലും  കുഞ്ഞാലിയെ കൊല്ലാൻ  മാത്രം  ശക്തനായിരുന്നോ ഗോപാലൻ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്നവർക്കാർക്കും വഴിയിൽ മറന്നുവെക്കാനാവില്ല കെ. കുഞ്ഞാലിയുടെ രക്തസാക്ഷിത്വം. സാക്ഷാൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കേ മാർക്സിസ്റ്റ് എം.എൽ.എ സ്വന്തം മണ്ഡലത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം 
സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട്  കേരളം ഭരിക്കുമ്പോൾ അധികാരത്തിന്റെ സർവ സന്നാഹങ്ങളും സ്വാധീനത്തിലുള്ളപ്പോൾ സ്വന്തം എം.എൽ.എ, തന്റെ ശക്തികേന്ദ്രത്തിൽ ജനമധ്യേ വധിക്കപ്പെട്ടിട്ടും പ്രതികളെക്കുറിച്ച് 'മരണമൊഴി'യുണ്ടെന്നു പ്രചരിപ്പിച്ചിട്ടും എങ്ങനെയാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലാതായത് എന്ന നിലമ്പൂരിലെ പാർട്ടിക്കാരുടെ തീരാത്ത സംശയത്തിന്റെ ഉത്തരം തേടിയാൽ  സംശയത്തിന്റെ  വിരൽ  സ്വന്തം  മുഖത്തേക്ക് തന്നെയാണ്  ചൂണ്ടേണ്ടി വരിക. സംഭവമറിഞ്ഞ് നിലമ്പൂരിൽ കുതിച്ചെത്തിയ ട്രാൻസ്പോർട്ട് മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ടി.ബിയിൽ ക്യാമ്പ് ചെയ്ത് എഫ്.ഐ.ആർ ഉൾപ്പെടെ കേസിന്റെ കാര്യങ്ങളെല്ലാം 'വേണ്ടവിധം' ചെയ്തതാണ്. എന്നിട്ടും പ്രതികൾ രക്ഷപ്പെട്ടു. കുഞ്ഞാലിക്കു വെടിയേറ്റു എന്ന തരത്തിൽ സംഭവത്തിനു മുമ്പും പാർട്ടിക്കാർക്കിടയിൽ കരവാർത്ത പ്രചരിച്ചിരുന്നു. ഇതൊക്കെ കുഞ്ഞാലിയുടെ കാതിലും എത്തിയിരുന്നു. തലപ്പാലിപ്പൊട്ടിയിൽ നിലമ്പൂർ കോവിലകം വക മൂവായിരം ഏക്കർ ഭൂമി ബിർള കൈയേറിയത് കുഞ്ഞാലി കണ്ടുപിടിച്ചു. അഞ്ഞൂറോളം പാർട്ടിക്കാരെ അവിടെ കയറ്റി കുടിൽകെട്ടി സമരം തുടങ്ങി. ബിർള പറഞ്ഞാൽ ഇ.എം.എസ് കേൾക്കും. നിലമ്പൂർ കാട്ടിലെ മുള ടണ്ണിന് ഒരു രൂപ നിരക്കിൽ മാവൂർ  ഗ്വാളിയർ റയൺസിന് ഓസിന്   വെട്ടാൻ ഓർഡർ കൊടുത്തത് ഇ.എം.എസാണ്. അതേ ഇ.എം.എസ് തന്നെ ബിർള കുറ്റിയടിച്ച മൂവായിരം ഏക്കറിലെ കൈയേറ്റക്കാരെ ഇറക്കിവിടാൻ പോലീസിന് കൽപന കൊടുത്തു. മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവും ആത്മമിത്രവുമായിരുന്ന എ.പി. ബാപ്പു ഹാജിയെയും കൂട്ടി ജീപ്പിൽ കോഴിക്കോട്ടേക്ക് ഒരത്യാവശ്യത്തിന് പോയി മലപ്പുറം വഴി മടങ്ങുമ്പോഴാണ് തലപ്പാലിപൊട്ടിയിലേക്ക് പോലീസിന്റെ ഒരു പട തന്നെ പുറപ്പെട്ടതറിഞ്ഞത്. കുഞ്ഞാലി മലപ്പുറത്തിറങ്ങി തിരുവനന്തപുരത്തേക്ക് പോയി. ബാപ്പു ഹാജി തനിച്ച് കാളികാവിലേക്കും. കൊത്തിയ പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു. മുഖ്യമന്ത്രിയെ കണ്ടു  പൊട്ടിത്തെറിച്ചു. ഇ.എം.എസിനെക്കൊണ്ട് നിർബന്ധപൂർവം ഉത്തരവ് മാറ്റിയെഴുതിച്ചു. കുഞ്ഞാലിയുടെ ധിക്കാരം അതിരു കടക്കുന്നു എന്ന്  ഉഗ്രദേഷ്യത്തോടെ ഇ.എം.എസ് പറഞ്ഞുവെങ്കിലും  വഴങ്ങേണ്ടിവന്നു നമ്പൂതിരിപ്പാടിന്. കുഞ്ഞാലി നാട്ടിൽ മടങ്ങിയെത്തുമ്പോഴേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പാർട്ടിക്കാരെ അതേ പോലീസ് തലപ്പാലിപ്പൊട്ടിയിൽ തിരിച്ചെത്തിച്ചു.
ഇന്ത്യയിലെ വ്യവസായ ഭീമനായ ബിർളക്കു വേണ്ടി ആർ.എൻ. സാബു അതിരുകെട്ടിയ മൂവായിരം ഏക്കർ ഭൂമി കൈവിടുമെന്നായി
കുഞ്ഞാലി ജീവിച്ചിരിക്കുന്നത് പലർക്കും നഷ്ടമായിരുന്നു -പാർട്ടിക്കകത്തും
പുറത്തും. ബിർള കമ്പനിയിലെ ജോലിക്കാരനായിരുന്ന  തിരുവിതാംകൂറുകാരൻ കുഞ്ഞാലി കൊലക്കേസിൽ മൂന്നാം പ്രതിയായിരുന്നു. തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ധനാണയാളെന്ന് പലർക്കും അറിയാം. 
കുഞ്ഞാലിയെ കൊന്നത് ആര്യാടനല്ല എന്ന് സി.പി.എമ്മുകാർക്കറിയാം. അതുകൊണ്ടാണ് ഇ.എം.എസ് ജീവിച്ചിരിക്കുമ്പോൾ തന്നെ നിലമ്പൂരിൽനിന്ന് ആര്യാടനെ വിജയിപ്പിക്കാൻ പാർട്ടിക്കാർ വാശിമൂത്ത് രംഗത്തിറങ്ങിയത്. നായനാർ മന്ത്രിസഭയിലും ആര്യാടനുണ്ടായി. അപ്പോൾ ആരാണ് യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ തൽക്കാലം മറ്റൊരാളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടത് എന്ന കേരള രാഷ്ട്രീയത്തിലെയും സി.പി.എം ചരിത്രത്തിലെയും ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളിലൊന്നാണ്  ഇത്. പാർട്ടിക്ക്  പണയം  വെക്കാത്ത മസ്തിഷ്‌കമുള്ള  സഖാക്കളുണ്ടെങ്കിൽ  അന്വേഷിക്കണം. സത്യം  കണ്ടെത്തണം.

 

Latest News