റിയാദ്- ഉംറ കർമം നിർവഹിക്കുന്നതിന് ആർക്കും വിലക്കില്ലെന്ന് സൗദി ഹജ് മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം ബിൻ സഈദ് വ്യക്തമാക്കി. സൗദിയിലുള്ളവർക്കും സന്ദർശക വിസക്കാർക്കും റസിഡന്റ് വിസക്കാർക്കും ഉംറ നിർവഹിക്കാം. ഉംറ ചെയ്യാൻ ഇഅ്തമർനാ ആപ് വഴിയുള്ള അനുമതി നേടൽ നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സിപൗരൻമാർക്കും ഉംറക്ക് വരാം. അവരും ഇഅ്തമർന ആപ് വഴി അനുമതി നേടേണ്ടതുണ്ട്. ഹറമിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും തിരക്ക് ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ആപ്ലിക്കേഷൻ വഴിയുള്ള അനുമതി നിർബന്ധമാക്കിയത്. കോവിഡ് കാലത്താണ് ഇഅ്തമർനാ ആപ്ലിക്കേഷൻ നിർബന്ധമാക്കിയതെങ്കിലും നിലവിൽ സമ്പൂർണ ആപ് ആയി ഇത് മാറിയിട്ടുണ്ട്. ആപ്പിനോട് ജനങ്ങളിൽനിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ഉംറ സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും ഇഅ്തമർനാ ആപ്പിലുണ്ട്. തവക്കൽന ആപ്പിൽ കോവിഡ് സ്ഥിരീകരിച്ചവർക്ക് ഉംറ അനുമതി ലഭിക്കില്ല. വിദേശത്ത് നിന്ന് ഉംറക്ക് വന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് തുടരാം. നിലവിൽ ഇത് 30 ദിവസം വരെയാണെന്നും വക്താവ് അറിയിച്ചു.






