Sorry, you need to enable JavaScript to visit this website.

പതിമൂന്ന് ലക്ഷം പേർ വാറ്റ്  ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു


റിയാദ് - മൂല്യവർധിത നികുതി (വാറ്റ്) ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ എണ്ണം 13,75,813 ആയി വർധിച്ചെന്ന് സക്കാത്ത് ആന്റ് ഇൻകം ടാക്‌സ് അതോറിറ്റി അറിയിച്ചു. 8,69,915 പേർ ഐഒഎസിലും 5,05,898 പേർ ആൻഡ്രോയ്ഡിലുമാണ് ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
വാറ്റ് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനാണ് സക്കാത്ത് അതോറിറ്റി ആപ്ലിക്കേഷൻ രംഗത്തിറക്കിയത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാറ്റ് പരിശോധിക്കാനും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയാനും ഇതു വഴി പെട്ടെന്ന് സാധിക്കും. ആപ്പിൾ, ഗൂഗിൾ എന്നിവ വഴി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് വഴി വാറ്റിന് വിധേയമായ ചരക്കുകളെ കുറിച്ച് വിവരം ലഭിക്കും. വാറ്റ് കണക്കുകൂട്ടി നോക്കാനുള്ള അൽഹാസിബയും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരം നൽകുന്നതിനുള്ള അൽതബ്‌ലീഗും വാറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പു വരുത്താനുള്ള തഹഖുഖും ഈ ആപ്പിന്റെ പ്രത്യേകതയാണ്.
വാറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് ആപ്പ് വഴി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഫീൽഡ് പരിശോധന വിഭാഗം അക്കാര്യം ഗൗരവത്തിലെടുക്കുന്നുണ്ടെന്നും സക്കാത്ത് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു. 
വാറ്റ് രേഖപ്പെടുത്തിയ ബില്ല് ലഭിക്കുമ്പോൾ ഈ ആപ് വഴി എത്ര ശതമാനം നികുതിയാണ് സ്ഥാപനത്തിന് ഈടാക്കാൻ അർഹതയുള്ളതെന്ന് എല്ലാവരും ഉറപ്പു വരുത്തണമെന്നും അൽഹർബി അറിയിച്ചു.

Latest News