കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; സഹോദരങ്ങളടക്കം മൂന്നു പേർ അറസ്റ്റിൽ 

കണ്ണൂർ- കണ്ണൂർ ജില്ലയിൽ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയിൽ സഹോദരങ്ങളായ യുവാക്കൾ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. കല്യാശ്ശേരിയിലും കൂട്ടുപുഴ അതിർത്തിയിലുമായിരുന്നു ലഹരിമരുന്നു വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം കല്യാശ്ശേരി സെൻട്രലിലെ ഐഷാ മൻസിലിൽ മുഹമ്മദ് അസറുദ്ദീൻ, സഹോദരൻ മുഹമ്മദ് അസ്‌കർ, ഇരിട്ടി ചാവശ്ശേരി കുറുങ്കളം പള്ളിക്കു സമീപത്തെ മർജാന മൻസിൽ തഷ്‌രീഫ് എം.വി (25) എന്നിവരാണ് പിടിയിലായത്. 
മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് അസ്‌കർ എന്നിവരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിന്നും 365 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ജില്ലയിൽ എക്‌സൈസ് കണ്ടെടുത്ത എം.ഡി.എം.എ കേസുകളിൽ ഏറ്റവും വലിയ അളവിലുള്ള കേസാണിത്. ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
ഉത്തര മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കല്യാശ്ശേരി സെൻട്രലിൽ വെച്ചാണ് ഇവർ പിടിയിലായത്. സംഘം സഞ്ചരിച്ച മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇൻസ്പക്ടർ യേശുദാസൻ.പി.ടി, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ്.വി, ഗണേഷ് ബാബു.പി. വി, ശ്യാംരാജ് എം.വി, രാഹുൽ, വിനോദ്, എക്‌സൈസ് സൈബർ വിഭാഗം സിവിൽ എക്‌സൈസ് ഓഫീസർ സുഹീഷ്, എക്‌സൈസ് ഡ്രൈവർ പ്രകാശൻ.എം, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
      
ബാംഗ്ലൂരിൽ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്ന 8.21 ഗ്രാം എം.ഡി.എം.എ സഹിതമാണ് തഷ് രീഫ് പിടിയിലായത്. കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണിയാൾ പിടിയിലായത്. കണ്ണൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പിജനാർദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
 

Latest News