തൃശൂർ- മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കി സുഗമമായി കടന്നുപോകാൻ വഴിയൊരുക്കിയിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. കേച്ചേരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന് സംശയം ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു . വാഹനവ്യൂഹം കുന്നംകുളം നഗരത്തിലൂടെ കടന്നു പോകുന്നതിന്റെ ഭാഗമായാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയത്. നഗരസഭ കൗൺസിലർ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകരെയാണ് കുന്നംകുളം പോലീസ് കരുതൽ തടങ്കലിലാക്കിയത്. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.






