നിങ്ങളുടെ വീട്ടിലെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളോട് യാന്ത്രികമായി പ്രതികരിക്കാൻ ഉപകരണങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഓട്ടോമേഷനുകൾ നിർവഹിക്കുന്നത്. ഓട്ടോമേഷൻ ചെയ്യാൻ ദൈർഘ്യമേറിയ സജ്ജീകരണ പ്രക്രിയയുണ്ടെങ്കിലും സ്മാർട്ട് ഹോമുകളുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നത് ഓട്ടോമേഷനാണ്. പട്ടികകൾ സജ്ജീകരിച്ചും ഒരു പ്രത്യേക പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുമെല്ലാം ഓട്ടോമേഷൻ രൂപകൽപന ചെയ്യാം. ഉദാഹരണത്തിന് ഡോർ ലോക്കിംഗ്, അലാറം, ലൈറ്റിംഗ് എന്നിവയെല്ലാം പൊതുവെ സ്മാർട്ട് ഹോമുകളിൽ ഓട്ടോമാറ്റിക് ആയിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഉപകരണങ്ങളെ ഓട്ടോമാറ്റ് ചെയ്യാവുന്നതാണ്.
ഒരു ജന്മം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. ലോകത്തിന്റെ ഏതു കോണിലെത്തിയാലും സ്വന്തം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു മലയാളിയും. ഓരോ വീടിനും സ്വപ്നങ്ങളുടെയും വിയർപ്പിന്റെയും കഥകൾ ഏറെയുണ്ടാകും. മണലാരണ്യത്തിൽ ജീവിതം ഹോമിക്കുന്നവരിൽ പോലും ജന്മനാട്ടിലെ കൊച്ചുവീട്ടിൽ കുടുംബവുമൊത്ത് കഴിയാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇത്തരത്തിലുള്ള സ്വപ്ന ഭവനത്തിൽ ആധുനിക സാങ്കേതിക വിദ്യയായ ഹോം ഓട്ടോമേഷൻ കൂടിയുണ്ടെങ്കിലോ. സംഭവം ജോറായി.
സ്വന്തം വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാൻ കഴിയുന്നതാണ് ഹോം ഓട്ടോമേഷൻ. നിങ്ങൾ എവിടെയാണെങ്കിലും വീട്ടിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. ഒരു വയർലസ് നെറ്റ്വർക്ക് വഴി ഹാർഡ്വെയറിനെയും സോഫ്റ്റ്വെയറിനെയും സംയോജിപ്പിച്ച് സ്മാർട്ട് ഫോണിലൂടെയോ ടാബ്ലറ്റിലൂടെയോ ഓട്ടോമേഷൻ കൺട്രോൾ ഹബ് സിസ്റ്റത്തിലൂടെയാണ് വീട്ടുപകരണങ്ങൾ നിയന്ത്രിക്കുന്നത്. ചിലത് ആപ്പുകൾ വഴിയും മറ്റു ചിലത് അലക്സാ, സിരി പോലുള്ള വോയ്സ് കോഡിലൂടെയുമാണ് പ്രവർത്തിക്കുന്നത്. വീട്ടിലെ ഫാനുകൾ, വാക്വം കഌനർ, ഓവൻ, എയർ കണ്ടീഷണറുകൾ, വാതിലുകൾ, ഗേറ്റ്, മോട്ടോറുകൾ, അലാറം, ലൈറ്റുകൾ.... തുടങ്ങിയവയെല്ലാം ഒാട്ടോമേഷനിലൂടെ പ്രവർത്തിപ്പിക്കാനാവും. ഊർജ്ജ സംരക്ഷണത്തിനും സെക്യൂരിറ്റി സംവിധാനത്തിനുമാണ് ഓട്ടോമേഷൻ സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത്.
മാസം തോറും നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബില്ല് അക്ഷരാർഥത്തിൽ നമ്മെ ഞെട്ടിക്കാറില്ലേ. എന്നാൽ ഓട്ടോമേഷന്റെ അനന്ത സാധ്യതകൾ അറിയുമ്പോൾ എന്തുകൊണ്ട് ഈ സംവിധാനം നേരത്തെ അറിഞ്ഞില്ല എന്നു നമ്മൾ ആശ്ചര്യപ്പെടും. കാരണം വൈദ്യുതി സംരക്ഷണത്തിൽ ഈ സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടുത്തറിഞ്ഞവരാണ് പല രാജ്യങ്ങളും. രാവിലെയുള്ള തിരക്കിനിടയിൽ പലപ്പോഴും മുറിയിലെ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ മറക്കുന്നവരാണ് പലരും. മുറിയിൽ ആളുകളില്ലാത്തപ്പോൾ വെളിച്ചത്തിന്റെ ആവശ്യമില്ല. ഇതറിഞ്ഞ് ആവശ്യമുള്ള സമയങ്ങളിൽ മാത്രം ലൈറ്റുകൾ തെളിയിക്കാൻ ഹോം ഓട്ടോമേഷനിലെ മോഷൻ സെൻസറുകൾ സഹായിക്കുന്നു. കുറഞ്ഞ വെളിച്ചം മതിയെങ്കിൽ അതിനുള്ള ലൈറ്റിംഗ് പ്രോഗ്രാമിംഗും ഇതുവഴി സാധ്യമാകും. മാത്രമല്ല, വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.
ഓരോ ദിവസവും നിശ്ചിത സമയങ്ങളിൽ നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ ഓൺ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുമുള്ള സമയക്രമവും ഓട്ടോമേഷൻ വഴി ക്രമീകരിക്കാം. നിങ്ങളുടെ സെക്യൂരിറ്റി സംവിധാനത്തിലെ അലാറം പ്രവർത്തനക്ഷമമാകുമ്പോൾ െൈലറ്റുകളെല്ലാം ഓണാകുന്നതുപോലെ ഷെഡ്യൂൾ ചെയ്യാത്ത സംഭവങ്ങളുമുണ്ട്. ഹോം ഓട്ടോമേഷന്റെ അനന്ത സാധ്യതകൾ നിങ്ങൾ മനസ്സിലാക്കി അവ പ്രാവർത്തികമാക്കിയാൽ നിങ്ങളുടെ ഓരോ ദിനവും മികച്ചതായിത്തീരുക മാത്രമല്ല, സമയലാഭവും സാമ്പത്തിക ലാഭവുമാണ് ഫലം.
ജീവിത സുരക്ഷയ്ക്കാണ് ഇന്ന് എല്ലാവരും ഏറെ പ്രാധാന്യം നൽകുന്നത്. നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലേ. യാത്രകൾക്കിടയിൽ ഇത്തരം ആകുലതകൾ നിങ്ങളെ വേട്ടയാടാറില്ലേ. ഇവിടെയാണ് ഓട്ടോമേറ്റഡ് ഹോം സെക്യൂരിറ്റി സംവിധാനത്തിലൂടെയുള്ള ഹോം ഓട്ടോമേഷൻ രക്ഷകരാകുന്നത്. വയർലസ് നെറ്റ്വർക്ക് വഴി ഇത് പ്രവർത്തിപ്പിക്കാനാവുമെന്നതിനാൽ വീട്ടിൽനിന്നു മാത്രമല്ല, വിദൂരതയിൽ ഇന്റർനെറ്റ് കണക്ഷനുള്ള ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഇത് നിയന്ത്രിക്കാനാവും. വാതിലുകളിലും ജനലുകളിലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാറ്ററി ഓപറേറ്റഡ് സെൻസറുകൾ വഴി പ്രവേശന വാതിലുകൾ തുറന്നതാണോ അടഞ്ഞതാണോ എന്ന് കണ്ടെത്താനാകും. വയർലസായി സെൻട്രൽ കൺട്രോൾ ഹബുമായി ആശയവിനിമയം നടത്തുന്ന ഈ സെൻസറുകൾ വീട്ടുടമയ്ക്ക് ഇഷ്ടാനുസരണം പ്രോഗ്രാം ചെയ്യാവുന്നതാണ്.
ജോലിസംബന്ധമായ പരക്കം പാച്ചിലിനിടയിൽ നമ്മുടെ കുട്ടികൾ സുരക്ഷിതമായി വീട്ടിലെത്തിയിട്ടുണ്ടോ എന്ന ആശങ്ക ഏതൊരു മാതാപിതാക്കളെയും അലട്ടുന്ന കാര്യമാണ്. ഹോം ഓട്ടോമേഷൻ ഇത്തരം ആശങ്കകളെയും ദൂരീകരിക്കുന്നു. എങ്ങനെയെന്നറിയാമോ. മോഷൻ ഡിറ്റക്ഷനും വീഡിയോ മോണിറ്ററിംഗുമാണ് ഹോം ഓട്ടോമേഷൻ സെക്യൂരിറ്റി കൺട്രോളിന്റെ മറ്റൊരു പ്രത്യേകത. കുടുംബാംഗങ്ങൾ വീട്ടിലെത്തിച്ചേർന്നാൽ അറിയിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ സോഫ്റ്റ് വെയറുകളുമുണ്ട്. കുട്ടികളോ കുടുംബാംഗങ്ങളോ സുരക്ഷിതമായി വീട്ടിലെത്തിയിട്ടുണ്ടെന്ന് ഇ മെയിലിലൂടെയോ സന്ദേശങ്ങളിലൂടെയോ ഓട്ടോമേറ്റഡ് ഫോൺ കോളിലൂടെയോ വീട്ടുടമയെ അറിയിക്കാനുള്ള സംവിധാനമാണിത്.
ഓട്ടോമേഷന്റെ മറ്റൊരു പ്രത്യേകത വീടിനകത്തും പുറത്തുമുള്ള മോഷൻ ഡിറ്റക്ടറുകൾ വഴി മുറികൾക്കകത്തോ പുറത്തെ വഴികളിലോ ലൈറ്റുകൾ ഓണാക്കുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്. ഇത് ഊർജ്ജ സംരക്ഷണത്തിനു മാത്രമല്ല, രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബനാഥനെ മോഷ്ടാക്കളിൽനിന്നും കുറ്റവാളികളിൽനിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ബോർഡ് പലയിടങ്ങളിലും കാണാറില്ലേ. ഹോം ഓട്ടോമേഷന്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ് സെക്യൂരിറ്റി ക്യാമറകൾ. ആരൊക്കെ വീട്ടിൽനിന്നും എപ്പോഴൊക്കെ പുറത്തു പോകുന്നു എന്നും തിരിച്ചെത്തുന്നു എന്നും വീട്ടുടമയ്ക്ക് കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്നു. അതിനോടൊപ്പം മോഷ്ടക്കാളെ തടയാനും കഴിയുന്നു. ക്ളോസ്ഡ് സർക്യൂട്ട് ക്യാമറകളായിരുന്നു മുൻപ് പലയിടങ്ങളിലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ഡിജിറ്റൽ ക്യാമറകളിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഇന്റർനെറ്റ് കണക്ഷനുള്ള എവിടെനിന്നും വെബ്കാമുകൾ വഴി വീടിന്റെ ഏതു ഭാഗവും കാണാൻ ഇത് വീട്ടുടമകളെ സഹായിക്കുന്നു.
പരാശ്രയ ജീവിതത്തിൽ ഹോം ഓട്ടോമേഷന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. പ്രായമായവരിൽ ഭൂരിപക്ഷവും രാത്രിയിൽ വാഷ് റൂമിൽ പോകുന്നതിനായി പലപ്പോഴും എഴുന്നേൽക്കുന്നവരാണ്. ഈ സന്ദർഭങ്ങളിൽ ഇൻഫ്രാറെഡ് സെൻസർ പോലുള്ള സംവിധാനങ്ങളിലൂടെ ലൈറ്റുകൾ താനേ തെളിയുന്നത് ഏറെ ഉപകാരപ്രദമാണ്. ഇരുട്ടിൽ നടന്നുപോകുമ്പോഴുള്ള വീഴ്ചകൾ ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കും. വ്യക്തിസുരക്ഷയ്ക്കും ആരോഗ്യ പരിചരണത്തിനും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുതിർന്ന പൗരന്മാരുടെ പരിചരണത്തിനും ഈ സാങ്കേതിക വിദ്യ ഏറെ ഗുണം ചെയ്യുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
അലക്സാ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള ശബ്ദാധിഷ്ഠിത ഉപകരണങ്ങൾ ഇതിനകം തന്നെ വീടുകളിൽ സുപരിചിതമാണെങ്കിലും അടുത്ത ദശകത്തിൽ ഇത്തരം പഌറ്റ് ഫോമുകൾക്ക് വീടിന്റെ മുഴുവൻ നിയന്ത്രണവും കൈകാര്യം ചെയ്യാവുന്ന തലച്ചോറായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് സാങ്കേതിക ലോകം വെളിപ്പെടുത്തുന്നത്. വീട് വൃത്തിയാക്കൽ, പാചകം ചെയ്യൽ പോലുള്ള നിരവധി ഹൗസ് ടാസ്കുകൾ ചെയ്യാനുള്ള മെഷീനുകൾ വാഗ്ദാനം ചെയ്യാൻ റോബോട്ടിക്സിന് സാധിക്കും. കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത ബഌ എന്ന മനുഷ്യ സൗഹൃദ റോബോട്ടാണ് ഹോം ഓട്ടോമേഷന് ഏറെ സഹായകമായിരിക്കുന്നത്. ഹൗസ് ടാക്സുകൾ ചെയ്യാൻ സാധിക്കുന്ന ഏറ്റവും ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്ന റോബോട്ടിനെ നിർമിച്ചിരിക്കുന്നതും കാലിഫോർണിയയിലാണ്.
വ്യക്തിയുടെ ആരോഗ്യവും ശാരീരിക ക്ഷമതയും നിരീക്ഷിക്കുന്നതിനും ഓട്ടോമേഷൻ സംവിധാനങ്ങൾ സഹായകരമായിക്കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യന്റെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും സ്മാർട്ട് സ്കെയിലുകളും സ്മാർട്ട് വസ്ത്രങ്ങളുമെല്ലാം ഇന്ന് വിപണിയിലുണ്ട്. ഇത്തരം ഉപകരണങ്ങളിലൂടെ ആരോഗ്യ വിവരങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെയും അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.
ഹോം ഓട്ടോമേഷനിലേയ്ക്കു കടക്കുന്നതിനു മുൻപ് അവയുടെ രൂപീകരണത്തിൽ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. കാരണം നിങ്ങളുടെ വീട്ടിലെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളോട് യാന്ത്രികമായി പ്രതികരിക്കാൻ ഉപകരണങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഓട്ടോമേഷനുകൾ നിർവഹിക്കുന്നത്. ഓട്ടോമേഷൻ ചെയ്യാൻ ദൈർഘ്യമേറിയ സജ്ജീകരണ പ്രക്രിയയുണ്ടെങ്കിലും സ്മാർട്ട് ഹോമുകളുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്നത് ഓട്ടോമേഷനാണ്. പട്ടികകൾ സജ്ജീകരിച്ചും ഒരു പ്രത്യേക പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുമെല്ലാം ഓട്ടോമേഷൻ രൂപകൽപന ചെയ്യാം. ഉദാഹരണത്തിന് ഡോർ ലോക്കിംഗ്, അലാറം, ലൈറ്റിംഗ് എന്നിവയെല്ലാം പൊതുവെ സ്മാർട്ട് ഹോമുകളിൽ ഓട്ടോമാറ്റിക് ആയിരിക്കും. ഇത്തരത്തിൽ നിങ്ങളുടെ ഇഷ്ടാനുസരണം ഉപകരണങ്ങളെ ഓട്ടോമാറ്റ് ചെയ്യാവുന്നതാണ്.






