ഇന്നുവരെ ദർശിക്കാത്ത സ്വപ്‌ന നഗരി യാഥാർഥ്യത്തിലേക്ക്

താമസക്കാർക്ക് അഞ്ചു മിനിറ്റിനകം മുഴുവൻ സർക്കാർ, സേവന ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്താൻ കഴിയുമെന്നത് നഗരത്തിന്റെ  സവിശേഷതയാണ്. കാൽനടയായി യാത്ര ചെയ്ത് പ്രകൃതി ആസ്വദിക്കാൻ വർഷം മുഴുവൻ അനുഭവപ്പെടുന്ന അനുയോജ്യമായ കാലാവസ്ഥ നഗരവാസികളെ സഹായിക്കും. നഗരത്തിന്റെ ഇരു ഭാഗങ്ങളിലും 20 മിനിറ്റിനകം എത്തിച്ചേരാൻ കഴിയുന്ന അതിവേഗ ട്രെയിൻ സർവീസും ഇവിടെയുണ്ടാകും.

 

ലോകം ഇന്നുവരെ ദർശിക്കാത്ത, സ്വപ്നത്തിൽ മാത്രം കാണാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ നഗരം. പറഞ്ഞറിയിക്കാനാവാത്ത പുതുപുത്തൻ സാങ്കേതിക വിദ്യയുടെയും ആശയത്തിന്റെയും അടിസ്ഥാനത്തിൽ പുത്തൻ അനുഭൂതി സമ്മാനിക്കുന്ന നഗരം സൃഷ്ടിക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനത്തെ സംശയ ദൃഷ്ടിയോടെയാണ് ലോകം നോക്കിക്കണ്ടത്. കാരണം അതു യാഥാർഥ്യമാവാൻ കാലമേറെ പിടിക്കുമെന്നും അതിനു വേണ്ട സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക എളുപ്പമല്ലെന്നുമുള്ള വിലയിരുത്തലായിരുന്നു ഈ സംശയത്തിനു കാരണം. എന്നാൽ അതു യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. നഗരമെന്ന പതിവു സങ്കൽപത്തെ മാറ്റി മറിച്ചുള്ള ലോകാത്ഭുതം. അതിനായി ലോക പ്രശസ്ത വാസ്തു ശിൽപികളും സാങ്കേതിക വിദഗ്ധരും കൈകോർത്തു കഴിഞ്ഞു.  ഇനി അതിന് ഏതാനും വർഷത്തെ കാത്തിരിപ്പു മാത്രം മതിയാവും. പദ്ധതിയുടെ പൂർത്തീകരണത്തോടെ ലോക ശ്രദ്ധാകേന്ദ്രമായി സൗദി മാറും. 
സൗദി അറേബ്യയുടെ സ്വപ്ന നഗരിയായ നിയോമിലാണ്  പുതിയ നഗരമായ ദി 'ലൈൻ'  രൂപമെടുക്കുന്നത്. അതിന്റെ രൂപരേഖ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ചു കഴിഞ്ഞു.  ദി ലൈൻ നഗര രൂപരേഖയുടെ അവതണത്തിലൂടെ നാഗരിക വിപ്ലവത്തിനാണ് കിരീടാവകാശി നാന്ദി കുറിച്ചിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവമായിരിക്കും പുതിയ നഗരി പ്രദാനം ചെയ്യുക. സൗദി വിഷൻ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് നിയോം. നല്ല നാളെയെ സ്വപ്നം കാണുന്നവർക്കുള്ള ഇടമാണ് നിയോം.  ഭൂമിശാസ്ത്രപരമായ പ്രാധാന്യമാണ് നിയോമിനെ ശ്രദ്ധേയമാക്കുന്നത്. സൗദി  അറേബ്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് ചെങ്കടലിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശത്താണ് നിയോം സ്വപ്ന പദ്ധതി രൂപമെടുക്കുന്നത്. പുതുയുഗത്തിന് അനുഗുണമായ സംരംഭകത്വത്തിനും പുതിയ സാങ്കേതിക വിദ്യകൾക്കും പുതുപുത്തൻ മാതൃകകൾക്കുമുള്ള പരീക്ഷണ ശാലയായാണ് നിയോമിനെ കാണുന്നത്. അത്യാധുനിക ജീവിത സൗകര്യങ്ങളോടൊപ്പം പ്രകൃതിക്ക് കോട്ടം തട്ടാത്ത വികസനമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.  സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുടെയും പിന്തുണയോടെ ഫണ്ട് സമാഹരിച്ച് നിർമിക്കുന്ന നിയോം പദ്ധതിയിൽ ഹൈപ്പർ കണക്റ്റഡ്, കോഗ്നിറ്റീവ് പട്ടണങ്ങളും നഗരങ്ങളും തുറമുഖങ്ങളും എന്റർപ്രൈസ് സോണുകളും ഗവേഷണ കേന്ദ്രങ്ങളും കായിക വിനോദ കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് രൂപമെടുക്കുന്നത്. 
അതിന്റെ ഭാഗമായുള്ള ദി ലൈനിന്റെ രൂപരേഖയുടെ പ്രഖ്യാപനമാണ് കിരീടാവകാശി കഴിഞ്ഞ ദിവസം നടത്തിയത്. ലോക ജനസംഖ്യയുടെ 56 ശതമാനവും  നഗരങ്ങളിൽ താമസിക്കുന്നവരായതിനാൽ നഗര സുസ്ഥിരതയും പൊതുക്ഷേമവും ലോകമെമ്പാടുമുള്ള സർക്കാരുകളുടെ വർധിച്ചുവരുന്ന ആശങ്കയാണ്. ഈ വെല്ലുവിളിയെ നേരിടാനുള്ള പരീക്ഷണം കൂടിയാണ് ദി ലൈൻ. ലോക നഗരങ്ങൾ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികൾക്കു പരിഹാരമെന്ന നിലയിലാണ് പുതിയതും ഭാവനാത്മകവുമായ നവീന നഗരം യാഥാർഥ്യമാക്കുന്നതെന്നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രൂപരേഖ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞത്. നഗര  ആസൂത്രണത്തിലെ വിപ്ലവാത്മകമായ മാറ്റങ്ങളിലൂടെ അവിടെ അധിവസിക്കുന്നവരെ ലോകത്തെ മുൻനിര പൗരന്മാരാക്കി മാറ്റുന്ന വിധത്തിലുള്ളതാകും ലൈനിന്റെ നിർമിതി. 
സമുദ്ര നിരപ്പിൽനിന്ന് 500 മീറ്റർ ഉയരത്തിൽ 200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവുമായിരിക്കും ലൈൻ നഗരിക്കുണ്ടാവുക. 34 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. 90 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാൻ ഈ നഗരത്തിനാവും. ആദ്യഘട്ടമായ 2030 ഓടെ താമസക്കാരുടെ എണ്ണം 15 ലക്ഷവും 2045 ഓടെ ഇതു 90 ലക്ഷവുമാക്കാനാണ് ലക്ഷ്യമിടുന്നത്. താമസക്കാർക്ക് അഞ്ചു മിനിറ്റിനകം മുഴുവൻ സർക്കാർ, സേവന ഓഫീസുകളിലും സ്ഥാപനങ്ങളിലും എത്താൻ കഴിയുമെന്നത് നഗരത്തിന്റെ  സവിശേഷതയാണ്. കാൽനടയായി യാത്ര ചെയ്ത് പ്രകൃതി ആസ്വദിക്കാൻ വർഷം മുഴുവൻ അനുഭവപ്പെടുന്ന അനുയോജ്യമായ കാലാവസ്ഥ നഗരവാസികളെ സഹായിക്കും. നഗരത്തിന്റെ ഇരു ഭാഗങ്ങളിലും 20 മിനിറ്റിനകം എത്തിച്ചേരാൻ കഴിയുന്ന അതിവേഗ ട്രെയിൻ സർവീസും ഇവിടെയുണ്ടാകും. കാര്യക്ഷമതയോടെ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നതും മികച്ച നിരക്കുകളിലുളളതുമായിരിക്കും ഇവിടത്തെ ഗതാഗത സംവിധാനങ്ങൾ. സമാന ശേഷിയുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു മുൻപൊരിക്കലും കാണുകയും കേൾക്കുകയും ചെയ്യാത്ത അനുഭവമായിരിക്കും നഗരം സമ്മാനിക്കുക. 
ദി ലൈൻ നഗര പ്രഖ്യാപനത്തോടൊപ്പം തന്നെ ലോകത്തെ ഏറ്റവം വലിയ മൂന്നു ഓഹരി വിപണികളിൽ ഒന്നായി സൗദി അറേബ്യയെ മാറ്റുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു സൗദി അറേബ്യയിൽ വരാൻ പോകുന്ന സാമ്പത്തിക വളർച്ചയുടെ സൂചന കൂടിയാണ്. നിക്ഷേപ രംഗത്തു വൻ കുതിച്ചു ചാട്ടമായിരിക്കും വരും വർഷങ്ങളിൽ സൗദിയിലുണ്ടാവുക. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ മുഴുവൻ കമ്പനികളുടെയും ഓഹരികൾ രണ്ടു വർഷത്തിനകം ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്താനാണ് ലക്ഷ്യമിടുന്നത്. സൗദി ഓഹരി വിപണിയിൽ നിയോം പദ്ധതി ആദ്യ ഘട്ടത്തിൽ 1.2 ട്രില്യൺ റിയാലാണ് കൂട്ടിച്ചേർക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ അഞ്ചു ട്രില്യൺ റിലായി അതു മാറും. നിയോം പദ്ധതി ഓഹരികൾ 2024 ൽ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തും.
ലോകത്തെ വിവിധ രാജ്യങ്ങളിലെ പരമാധികാര ഫണ്ടുകളിൽ നിന്നും ഇനീഷ്യൽ പബ്ലിക് ഓഫറിംഗുകളിലൂടെയും ലോകമെങ്ങുമുള്ള സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയും നിയോമിനാവശ്യമായ മുഴുവൻ തുകയും സമാഹാരിക്കാനാവുമെന്ന കണക്കുകൂട്ടലോടെയാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. സൗദിയുടെ മാറുന്ന മുഖഛായക്ക് കൂടുതൽ കരുത്തും ഭംഗിയും ഈടും നൽകുന്നതാവും നിയോമിലെ ഓരോ പദ്ധതികളും. 

Latest News