കേരളത്തിലെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ ഗൾഫിൽ പോകുന്നവരിൽ ദളിത് വിഭാഗങ്ങളിലുള്ളവർ കാര്യമായി ഇല്ല. ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ സ്ഥാപനങ്ങളില്ലാത്തതും എന്തുകൊണ്ടാണ്? ഇക്കാലയളവിൽ ദളിതർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ഇപ്പോഴും തത്വത്തിൽ പാർട്ടി അംഗീകരിക്കാത്ത സംവരണമാണ്. ഇപ്പോൾ പോലും സർക്കാർ വേതനം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണമേർപ്പെടുത്തുക എന്ന ഭരണഘടനാപരമായ അവകാശം അംഗീകരിക്കാൻ സർക്കാർ തയാറാകുന്നുണ്ടോ?
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും സ്വന്തം പോരാട്ടത്തിലൂടെ ഉയർന്നു വന്ന നിരവധി പേരുടെ ജീവചരിത്രങ്ങളും ആത്മകഥകളുമാണ് സമീപകാലത്തെ മലയാള പ്രസിദ്ധീകരണ മേഖലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം. ആ നിരയിലാണ് വൈകിയാണെങ്കിലും പുറത്തിറങ്ങിയ ഡോ. എം. കുഞ്ഞാമന്റെ ''എതിര്'' എന്ന ആത്മകഥയുടെയും സ്ഥാനം.
'പതിനാലു വയസ്സുള്ളപ്പോഴാണ്, വീട്ടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കു ചെന്നത്. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കഞ്ഞികുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി.' ഇത്തരമൊരു ബാല്യത്തിൽ നിന്നാണ് കുഞ്ഞാമൻ വിദ്യാഭ്യാസത്തിലും ഔദ്യോഗിക ജീവിതത്തിലും ഉന്നത സ്ഥാനത്തെത്തുന്നതും കേരളത്തിലെ ധൈഷണിക മേഖലയിലെ അവഗണിക്കാനാവാത്ത വ്യക്തിത്വമാകുന്നതും. ആ ജീവിത പോരാട്ടത്തിന്റെ ഒരു രേഖയാണ് 'എതിര്'. അതിനാൽ തന്നെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ പുസ്തകങ്ങളിൽ പ്രമുഖ സ്ഥാനം തന്നെ ഈ പുസ്തകത്തിനുണ്ട്.
സ്വജീവിതത്തിൽ മനസ്സിലാക്കിയതും ഈ പുസ്തകത്തിൽ കുഞ്ഞാമൻ ഉന്നയിക്കുന്നതുമായ ചില നിരീക്ഷണങ്ങളോടുള്ള പ്രതികരണമെന്ന നിലയിൽ സാമൂഹ മാധ്യമത്തിൽ കണ്ട ഒരു കുറിപ്പാണ് ഈ മറുകുറിപ്പിനുള്ള അടിസ്ഥാനം. കുറിപ്പെഴുതിയത് ജീവിതത്തിലൊരിക്കലും കാര്യമായ ബുദ്ധിമുട്ടിലൂടെയൊന്നും കടന്നുപോകാനിടയില്ലാത്ത, എന്നും അധികാരത്തോട് ഒട്ടിനിന്നിട്ടുള്ള പിഎസ് ശ്രീകല ടീച്ചറാണ്. ചരിത്രത്തിന്റെ മാത്രമല്ല, വർത്തമാനത്തിന്റെയും സങ്കുചിതവും തികച്ചും ദുരുപദിഷ്ടവുമായ ദുരാരോപണം മാത്രമായി ഈ പുസ്തകം അധഃപതിച്ചിരിക്കുന്നുവെന്നാണ് അവർ പറയുന്നത്. അത്തരമൊരു അഭിപ്രായം പറയാൻ അവരെ പ്രകോപിപ്പിച്ചത് എന്തെങ്കിലും ചരിത്ര വസ്തുതകളല്ല, മറിച്ച് താൻ കണ്ണടച്ചു വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ, കൃത്യമായ വിശദീകരണങ്ങളോടെ ഈ പുസ്തകത്തിൽ പലയിടത്തും വിമർശിക്കുന്നു എന്നതു മാത്രമാണ്.
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കുഞ്ഞാമനും കൊച്ചും സണ്ണി കപിക്കാടും ബാബുരാജും ഗീതാനന്ദനും സലിം കുമാറുമൊക്കെയടങ്ങുന്ന ദളിത് സാമൂഹ്യ പ്രവർത്തകർ എത്രയോ തവണ മറുപടി പറഞ്ഞതുമായ വിഷയങ്ങൾ തന്നെയാണ് പ്രധാനമായും ശ്രീകല ഉന്നയിക്കുന്നത് എന്നതാണ് സഹതാപാർഹം. ഇത്തരമൊരു ദയനീയ ജീവിതം വലിയൊരു വിഭാഗം മനുഷ്യർക്ക് അനുഭവിക്കേണ്ടിവന്നത് ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ ആചാരങ്ങളും കാരണമാണെന്ന് അവർ അംഗീകരിക്കുന്നുണ്ട്. അത്രയും നന്ന്. എന്നാൽ തുടർന്നവർ പറയുന്നത്, ചരിത്ര യാഥാർഥത്ഥ്യമല്ലെന്നു വ്യക്തമായിട്ടും കമ്യൂണിസ്റ്റുകാർ ഇപ്പോഴും ആവർത്തിക്കുന്ന വാക്കുകളാണ്. കേരളത്തിൽ ആ അവസ്ഥ ഇല്ലാതാക്കിയത് നവോത്ഥാന പ്രസ്ഥാനവും അതിന്റെ തുടർച്ചയിൽ കമ്യൂണിസ്റ്റ് പാർട്ടിയുമാണെന്നാണ് അവർ പറയുന്നത്. ജാതിക്കെതിരായ പോരാട്ടം നടത്തിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് എന്നതിൽ ആരും തർക്കിക്കുമെന്നു തോന്നുന്നില്ല. എന്നാലതിന്റെ തുടർച്ചയായി കമ്യൂണിസ്റ്റ് പാർട്ടിയും എന്നവകാശപ്പെടുന്നതിൽ എന്തു യാഥാർഥ്യമാണുള്ളത്? ജാതിവ്യവസ്ഥക്കു കനത്ത പ്രഹരമേൽപിച്ച നവോത്ഥാന പോരാട്ടങ്ങളിലെ പ്രധാന അധ്യായങ്ങളെല്ലാം അവസാനിച്ച ശേഷമാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതു തന്നെ. കമ്യൂണിസ്റ്റുകാർ സ്ഥിരം പറയുന്ന കൃഷ്ണപിള്ളയും എകെജിയുമൊക്കെ അത്തരം സമരങ്ങളിൽ പങ്കെടുത്തത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പ് അവർ കോൺഗ്രസുകാരായിരിക്കുമ്പോഴായിരുന്നു എന്നത് മനസ്സിലാക്കാൻ സ്കൂൾ പാഠപുസ്തകങ്ങൾ പരിശോധിച്ചാൽ മതി.
ഇനി പാർട്ടി രൂപീകരണത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം ശേഷം ജാതിക്കെതിരായ എന്തെങ്കിലും പോരാട്ടം കമ്യൂണിസ്റ്റുകാർ നടത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് വസ്തുത. നവോത്ഥാന കാലത്തെ പല മുന്നേറ്റങ്ങളെയും തങ്ങളുടെ വളർച്ചക്കു മൂലധനമാക്കാനവർക്കു കഴിഞ്ഞു എന്നത് ശരിയാണ്. എന്നാൽ ആ ധാരയെ മുന്നോട്ടു കൊണ്ടുപോകാതെ കക്ഷിരാഷ്ട്രീയത്തിലേക്കു തിരിച്ചുവിടുകയായിരുന്നു അവർ ചെയ്തത്. കേരളത്തിൽ മാത്രമല്ല, അഖിലേന്ത്യ തലത്തിൽ തന്നെ അതു പ്രകടമായിരുന്നു. അതാണല്ലോ കമ്യൂണിസ്റ്റുകാരെ ബ്രാഹ്മിൺ ബോയ്സ് എന്നു അംബേദ്കർ വിളിക്കാൻ കാരണമായത്. സാമ്പത്തിക സംവരണത്തിനായി ആദ്യം വാദിച്ചത് ഇഎംഎസ് ആകാനും ദശകങ്ങൾക്കു ശേഷം കിട്ടിയ ആദ്യ അവസരത്തിൽ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ അതു നടപ്പാക്കാനും കാരണമെന്താണ്? ഇഎംഎസിന്റെ ''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തിൽ ജാതിക്കെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടത്തിയ അയ്യൻകാളി ഇല്ലാതെ പോയതും എത്രയോ ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചതാണ്. പാർട്ടി നേതൃത്വത്തിലും അധികാരത്തിലെത്തിയ നേതാക്കളിലുമുള്ള ദളിത് പ്രാതിനിധ്യം മറ്റെല്ലാ പാർട്ടികളേക്കാൾ കുറവാണ്. ഇപ്പോൾ പോലും സവർണ ജാതിവാലും വെച്ചു നടക്കുന്ന നേതാക്കൾ പാർട്ടിക്കുണ്ടെന്നതും മഹാഭൂരിപക്ഷം പാർട്ടിക്കാരും വിവാഹം കഴിക്കുന്നത് സ്വജാതിയിൽ നിന്നുമാണെന്നതും കൂട്ടിവായിച്ചാൽ വ്യക്തിപരമായി പോലും ഇവരാരും മാറിയിട്ടില്ല എന്നു വ്യക്തമാണല്ലോ. എന്നിട്ടോ, ഈ വിഷയങ്ങൾ ഉന്നയിക്കുന്നവരെയൊക്കെ സ്വത്വവാദികൾ എന്നാക്ഷേപിക്കും. ഈ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് കുഞ്ഞാമൻ വാസ്തവ വിരുദ്ധമായാണ് എഴുതിയത് എന്നു പറയുന്നതെന്ന് മനസ്സലാകുന്നില്ല.
കേരളത്തിലെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ ഗൾഫിൽ പോകുന്നവരിൽ ദളിത് വിഭാഗങ്ങളിലുള്ളവർ കാര്യമായി ഇല്ല. ദളിത് - ആദിവാസി വിഭാഗങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ സ്ഥാപനങ്ങളില്ലാത്തതും എന്തുകൊണ്ടാണ്? ഇക്കാലയളവിൽ ദളിതർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ഇപ്പോഴും തത്വത്തിൽ പാർട്ടി അംഗീകരിക്കാത്ത സംവരണമാണ്. ഇപ്പോൾ പോലും സർക്കാർ വേതനം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണമേർപ്പെടുത്തുക എന്ന ഭരണഘടനാപരമായ അവകാശം അംഗീകരിക്കാൻ സർക്കാർ തയാറാകുന്നുണ്ടോ എന്ന് അധ്യാപികയായ ശ്രീകലക്കറിയില്ലേ? ഈ യാഥാർത്ഥ്യങ്ങളെയെല്ലാം തിരസ്കരിച്ച് അവർ എഴുതിയിരിക്കുന്നു, പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാൻ കുഞ്ഞാമന് കഴിഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടി മൂലമാണെന്ന്. ഭൂപരിഷ്കരണം എത്ര തന്നെ അപൂർണമായിരുന്നാലും ശരി, കേരളത്തെ ആധുനീകരിച്ചതും ജാതിയെ ഉൾപ്പെടെ അപ്രധാനീകരിച്ചതും അതാണെന്നും തികച്ചും ചരിത്രവിരുദ്ധമായി അവർ പറയുന്നു. കേരളം ആധുനീകരിക്കപ്പെട്ടോ, ഏതു ജാതിയാണ് അപ്രധാനമായത് എന്നതൊക്കെ വേറെ ചോദ്യങ്ങൾ.
'ഒരു വ്യക്തിയുടെ അവബോധം സൃഷ്ടിക്കുന്നത് അയാളുടെ സാമൂഹ്യ സാഹചര്യങ്ങളാണ്, എന്റെ സാമൂഹിക സാഹചര്യങ്ങളാണ് എന്റെ അവബോധം രൂപപ്പെടുത്തിയത്' എന്ന് പറയുന്ന കുഞ്ഞാമൻ ആ സാമൂഹിക സാഹചര്യത്തെ വിശകലന വിധേയമാക്കാൻ തയാറാകുന്നില്ല എന്നാണ് ടീച്ചറുടെ മറ്റൊരു വാദം. പകരം വൈകാരികമായ സമീപനമാണത്രേ സ്വീകരിക്കുന്നത്. അതിന്റെ അടിസ്ഥാനമാവട്ടെ, കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് വിരുദ്ധത മാത്രമാണെന്നും. കുഞ്ഞാമന്റെ സാമൂഹ്യ സാഹചര്യം കടുത്ത ജാതീയ പീഡനമല്ലാതെ മറ്റെന്തായിരുന്നു? അതു മറച്ചുവെച്ച് സാമ്പത്തിക അടിത്തറ, ജാതി എന്നത് ഉപരിഘടന എന്ന ഇന്ത്യൻ യാഥാർഘ്യവുമായി ഒരു ബന്ധവുമില്ലാത്ത വാദങ്ങളും മുതലാളിത്തത്തെ കുറിച്ചുള്ള കാലഹരണപ്പെട്ട ആശയങ്ങളുമാണ് അവർ ആവർത്തിക്കുന്നത്. പതിവുപോലെ പരിമിതികൾക്കെല്ലാം കാരണം മുതലാളിത്ത സംവിധാനത്തിൽ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതാണത്രേ. അല്ലായിരുന്നെങ്കിൽ ''വർഗസമര'' സിദ്ധാന്തത്തിൽ ഒതുങ്ങാത്ത സംവരണം പോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. ''മാർക്സിസം മുതലാളിത്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിശകലനമാണ്'' എന്ന കുഞ്ഞാമന്റെ ചരിത്രത്തോട് നീതിപുലർത്തുന്ന നിലപാട് അംഗീകരിക്കാനും അവർക്കാവുന്നില്ല. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ സംഘപരിവാറിന്റെ സഹയാത്രികൾ എന്നാക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ പതിവു തന്ത്രം കുഞ്ഞാമനെതിരെ ശ്രീകലയും പ്രയോഗിക്കുന്നു എന്നതാണ് ഏറെ ദുഃഖകരം. എന്തായാലും സഹതാപത്തിന്റെ ഔദാര്യത്തിൽ മുതലാളിത്ത പാതക്കാരനായ കുഞ്ഞാമനോട് ശ്രീകല ക്ഷമിക്കുന്നുണ്ട്. ദളിത് സാമൂഹ്യ പ്രവർത്തകരുടെ ഭാഗ്യം.






