മക്ക - ആതിഥേയ ഉംറ വിസ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം നിർത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം ബിൻ സഈദ് വെളിപ്പെടുത്തി. മൂന്നു മുതൽ അഞ്ചു വരെ ഉംറ തീർഥാടകരെ സ്വന്തം പേരിൽ റിക്രൂട്ട് ചെയ്യാനും ആതിഥേയത്വം നൽകാനും സ്വദേശികളെയും വിദേശികളെയും അനുവദിക്കുന്ന ആതിഥേയ ഉംറ വിസ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി മൂന്നു വർഷം മുമ്പാണ് മന്ത്രാലയം അറിയിച്ചത്.
സൗദി പൗരന്മാർക്ക് തിരിച്ചറിയൽ കാർഡിലും വിദേശികൾക്ക് ഇഖാമയിലും മൂന്നു മുതൽ അഞ്ചു വരെ ഉംറ തീർഥാടകർക്ക് വിസകൾ അനുവദിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നു ആതിഥേയ ഉംറ വിസ. ഈ പദ്ധതി പ്രകാരം വിദേശികൾക്ക് അടുത്ത ബന്ധുക്കളെയാണ് സ്വന്തം ഇഖാമയിൽ ഉംറ വിസകൾ നേടി രാജ്യത്തെത്തിക്കാൻ സാധിക്കുമായിരുന്നത്. സ്വദേശികൾക്ക് ആഗ്രഹിക്കുന്ന ആരെയും സ്വന്തം തിരിച്ചറിയൽ രേഖയിൽ വിസകൾ നേടി രാജ്യത്തെത്തിക്കാൻ സാധിക്കുമായിരുന്നു. സൗദിയിലെത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെ ഉംറ തീർഥാടകരുടെ മുഴുവൻ പരിചരണ, സേവന ചുമതലയും ആതിഥേയർക്കായിരിക്കും. വർഷത്തിൽ മൂന്നു തവണ വരെ സ്വദേശികൾക്കും വിദേശികൾക്കും ആതിഥേയ ഉംറ വിസ അനുവദിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.






