ശ്രീനഗർ- കത്തുവയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികൾക്ക് പിന്തുണ നൽകിയ രണ്ട് ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വീകരിച്ചു. വനം മന്ത്രി ലാൽ സിംഗ്, വ്യവസായ വകുപ്പ് മന്ത്രി ചന്ദർ പ്രകാശ് ഗംഗ എന്നിവർക്കാണ് വൻ ജനകീയ പ്രതിഷേധത്തെത്തുടർന്ന് രാജിവെക്കേണ്ടിവന്നത്. ഇരുവരുടെയും രാജിക്കത്തുകൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സത് ശർമ മുഖ്യമന്ത്രിക്ക് നൽകുകയും അവർ അത് ഉടൻതന്നെ ഗവർണർ എൻ.എൻ. വോറക്ക് കൊടുത്തയക്കുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഇവരുടെ രാജിയോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 22 ആയി കുറഞ്ഞു. ഇപ്പോൾ മന്ത്രിസഭയിൽ ഒമ്പതു പേരാണ് ബി.ജെ.പിയിൽനിന്നുള്ളത്. ബാക്കിയുള്ളവർ പി.ഡി.പി പ്രതിനിധികളാണ്. ധനമന്ത്രി ഹസീബ് ദ്രാബുവിനെ കഴിഞ്ഞ മാസം പി.ഡി.പി സംസ്ഥാന മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു.
കത്തുവ പ്രതികളെ ന്യായീകരിച്ച ബി.ജെ.പി മന്ത്രിമാരുടെ നടപടി, സംസ്ഥാനത്തെ പി.ഡി.പി -സഖ്യം തന്നെ തകരാനിടയാക്കുമെന്ന സാഹചര്യം വന്നതോടെയാണ് മന്ത്രിമാർ രാജിവെക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി കശ്മീരിലെത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് മന്ത്രിമാരുടെ രാജി ഉടൻതന്നെ മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് അറിയിച്ചിരുന്നു.
ആസിഫയെന്ന എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിക്കുകയും പൂജാരിയുടെ മകനും ബന്ധുവും പോലീസുകാരനുമടക്കം പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം രാജ്യത്തിനുതന്നെ വലിയ നാണക്കേടാണ് വരുത്തിയത്. സംഭവത്തിൽ രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്.
എന്നാൽ സംഭവത്തെ തുടക്കത്തിൽ നിസ്സാരവൽക്കരിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് ബി.ജെ.പി ശ്രമിച്ചത്. അറസ്റ്റിലായ പ്രതികളെ പിന്തുണച്ചുകൊണ്ട് മാർച്ച് ഒന്നിന് ജമ്മുവിൽ നടന്ന റാലിയിൽ ഈ രണ്ട് മന്ത്രിമാരും പങ്കെടുത്തതും ഇതിന്റെ ഭാഗമായാണ്. പ്രതികളുടെ അറസ്റ്റ് സംസ്ഥാനത്ത് ജംഗിൾ രാജ് ആണെന്നതിന്റെ തെളിവാണെന്നാണ് ലാൽ സിംഗ് റാലിയിൽ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് ഒരുപാട് പെൺകുട്ടികൾ മരിക്കുന്നുണ്ടെന്നും, ഈയൊരു കുട്ടിയുടെ കാര്യത്തിൽ മാത്രം ഇത്ര ബഹളമെന്തിനാണെന്നും ചന്ദർ പ്രകാശ് ചോദിച്ചു.
എന്നാൽ ഇവരുടെ നടപടിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ ദിവസം ഇരുവരും പുതിയ വാദവുമായി രംഗത്തെത്തി. തങ്ങൾ പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗം കേൾക്കാനുമാണ് അവിടെ പോയതെന്നുമാണ് ഇവർ പറഞ്ഞത്.
മന്ത്രിമാരുടെ രാജി ഏറ്റവും ആശ്വാസമായത് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കാണ്. സംഘർഷം ലഘൂകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ മെഹബൂബ, നിർഭാഗ്യകരമായ ഈ സംഭവം കശ്മീരിലെയും രാജ്യത്തെ ഇതര ഭാഗങ്ങളിലെയും ജനങ്ങളെ തമ്മിൽ അടുപ്പിക്കാൻ ഇടയാക്കിയെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നീതിബോധം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും, കശ്മീർ പ്രതിസന്ധിയുടെ കാര്യത്തിൽ കേന്ദ്രം ഉണരണമെന്നും അവർ പറഞ്ഞു.