റിയാദ് - സ്വദേശികള്‍ക്ക് വിവാഹ വായ്പ നല്‍കാനുള്ള കൂടിയ വേതന പരിധി 12,500 റിയാലില്‍ നിന്ന് 14,500 റിയാലായി ഉയര്‍ത്തിയതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. വിവാഹ വായ്പയായി 60,000 റിയാലാണ് സാമൂഹിക വികസന ബാങ്ക് നല്‍കുന്നത്. ഇതിന് അപേക്ഷകരുടെ പ്രായം 70 കവിയരുതെന്നും ക്രെഡിറ്റ് റെക്കോര്‍ഡ് സുരക്ഷിതമായിരിക്കണമെന്നും ആദ്യ വിവാഹമായിരിക്കണമെന്നും വേതനം 14,500 റിയാലില്‍ കവിയരുതെന്നും വ്യവസ്ഥകളുണ്ട്.
ഭാര്യ സൗദി വനിതയോ ഗള്‍ഫ് പൗരയോ ആയിരിക്കണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിവാഹത്തിന് മുന്‍കൂട്ടി അനുമതി നേടണമെന്നും വ്യവസ്ഥയുണ്ട്. നിക്കാഹ് കരാര്‍ ബന്ധപ്പെട്ട കോടതിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യണം. വായ്പക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.






