രാജ്യസ്‌നേഹത്തിന്റെ കുത്തകവത്കരണം

ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടും നിശ്ശബ്ദരാക്കിക്കൊണ്ടും രാജ്യസ്‌നേഹത്തിന്റെ നിർവചനം മാറ്റിയെഴുതുകയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബി.ജെ.പി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ആജ്ഞകൾക്കനുസരിച്ച് എല്ലാ തെറ്റുകൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും നിശ്ശബ്ദരായി കൂട്ടുനിൽക്കുന്നവർ രാജ്യസ്‌നേഹികളും പ്രതികരിക്കുന്നവർ രാജ്യദ്രോഹികളുമായി മാറും. ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമായാണ് സംഘപരിവാർ രാജ്യസ്‌നേഹത്തെ കൂട്ടിയിണക്കുന്നത്. 

 

നാലു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2018 മെയ് 15 ന്  മധ്യപ്രദേശ് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യസ്‌നേഹം വർധിപ്പിക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി മുതൽ ഹാജർ വിളിക്കുമ്പോൾ കുട്ടികൾ യെസ് സർ, യെസ് ടീച്ചർ എന്നൊക്കെ പറയുന്നതിന് പകരം ജയ്ഹിന്ദ് എന്ന് പറയണം. എന്നാൽ മാത്രമേ കുട്ടികളിൽ രാജ്യസ്‌നേഹം ഉണ്ടാകുകയുള്ളൂവെന്നാണ് ബി.ജെ.പി സർക്കാരിലെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വിജയ്ഷാ പറഞ്ഞത്. മധ്യപ്രദേശിലെ ഇന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയായിരുന്നു അന്നും മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയത്. 

രാജ്യസ്‌നേഹമെന്നത് തങ്ങളുടെ മാത്രം അട്ടിപ്പേറവകാശമായി അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ എങ്ങനെയാണ് ഹിന്ദുത്വ രാഷ്ട്രീയം വളർത്തുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണിത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും രാജ്യസ്‌നേഹവും ദേശീയതയും തന്നെയാണ് ഹിന്ദുരാഷ്ട്രമെന്ന സങ്കൽപത്തെ യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി ഏറ്റവും മികച്ച ആയുധങ്ങളായി ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന ആരെയും എളുപ്പത്തിൽ രാജ്യദ്രോഹിയാക്കി മുദ്രകുത്താമെന്ന സൗകര്യം കൂടിയുണ്ട്.

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് പക്ഷപാതിത്വം കാണിച്ച ആർ.എസ്.എസുകാരാണ് ഇപ്പോൾ രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശികളായി നിലകൊള്ളുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് അവർ രാജ്യസ്‌നേഹത്തിന്റെ അളവുകോൽ തയാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഹിന്ദുവിന് അപ്പുറത്തുള്ള മതങ്ങളെല്ലാം ഈ അളവുകോലിന്റെ ചുറ്റളവിൽ ഉൾപ്പെടാതെ പോകുന്നതും അവരെല്ലാം രാജ്യദ്രോഹികളുടെ പട്ടികയിലേക്ക് ചേർക്കപ്പെടുന്നതും. 

സമ്പൂർണ ഹിന്ദുത്വവത്കരണത്തിലേക്കുള്ള പാതയിൽ ഏറ്റവും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് രാജ്യസ്‌നേഹത്തിന്റെ അളവുകോൽ എന്ന് സംഘപരിവാർ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. പ്രയോഗിക്കേണ്ട സമയത്ത് അവർ കൃത്യമായി അത് പ്രയോഗിക്കുകയും അതിലൂടെ മൈലേജ് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അത് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ രാഷ്ട്രീയ കക്ഷികൾ വൈകിപ്പോയെന്ന് മാത്രം. ഓരോ ജനവിഭാഗത്തിനിടയിലും ഓരോ പ്രദേശത്തും എത്ര ആസൂത്രിതമായാണ് രാജ്യസ്‌നേഹത്തിന്റെ കപട അജണ്ട സംഘപരിവാർ ആസൂതിതവും കൃത്യവുമായി നടപ്പാക്കുന്നതെന്ന് കാണാൻ കഴിയും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പൂർത്തിയായതിന്റെ ആഘോഷ പരിപാടികൾ ഇതിനുള്ള വേദിയാക്കി മാറ്റാനുള്ള തീവ്രശ്രമങ്ങൾ നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. 

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'ഹർ ഘർ തിരംഗ' എന്ന പേരിൽ രാജ്യത്തെ എല്ലാ വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുന്നതിന് നിർദേശം നൽകിയതടക്കം വിപുലമായ പരിപാടികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിലൂടെയുള്ള രാജ്യസ്‌നേഹത്തിന്റെ വാർപ്പു മാതൃകകളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കാനുള്ള കഠിന പരിശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. 'ഹർ ഘർ തിരംഗ' കാമ്പയിന്റെ ഭാഗമായി ജമ്മുകാശ്മീരിൽ കടയുടമകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമെല്ലാം നിർബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്. ദേശസ്‌നേഹമെന്നത് ജനങ്ങൾക്കിടയിൽ സ്വാഭാവികമായി വരേണ്ട കാര്യമാണെന്നും അത് ആരും അടിച്ചേൽപിക്കേണ്ടതല്ലെന്നുമാണ് അവർ പ്രതികരിച്ചത്. മെഹബൂബ മുഫ്തി പറഞ്ഞത് തന്നെയാണ് സംഘപരിവാറിനുള്ള മുഖമടച്ചുള്ള മറുപടി. 

രാജ്യസ്‌നേഹം ജനങ്ങൾക്കിടയിൽ അടിച്ചേൽപിക്കുകയും അതിന് വഴങ്ങാത്തവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയുമാണ് സംഘപരിവാറും ബി.ജെ.പി ഭരണകൂടങ്ങളും ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്നത്. ജനാധിപത്യ രീതിയിൽ ഭരണകൂടത്തെ വിമർശിക്കുന്നത് പോലും രാജ്യദ്രോഹക്കുറ്റമായി കണക്കാക്കിക്കൊണ്ട് ജനങ്ങളെ തുറുങ്കിലടക്കുന്ന രീതിയിലേക്ക് കേന്ദ്ര ഭരണകൂടം എത്തിപ്പെട്ടിരിക്കുന്നു. ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠം പോലും അടുത്തിടെ താക്കീത് നൽകിയിരുന്നു. രാജ്യസ്‌നേഹമെന്ന വാക്കിനെ അത്രത്തോളം ചവിട്ടിമെതിച്ചിരിക്കുന്നു കേന്ദ്ര ഭരണകൂടം. ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ലക്ഷദ്വീപിലെ സാമൂഹ്യ പ്രവർത്തകയും സംവിധായികയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി ഭാഷ നിർബന്ധമാക്കുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പ്രാദേശിക ടെലിവിഷൻ ചാനൽ ചർച്ചയിൽ വിമർശിച്ചതിനാണ് രാജ്യദ്രോഹത്തിന് മണിപ്പൂരിലെ അഭിഭാഷകനായ സനോജം സമാചോറോൺ സിംഗിനെ അടുത്തിടെ അറസ്റ്റ് ചെയ്തത്. രാജ്യസ്‌നേഹത്തിന്റെ അളവുകോലിൽ ഭരണകൂടം വ്യാജമായി സൃഷ്ടിച്ചെടുത്തത് അങ്ങനെ എത്രയെത്ര കേസുകളാണ്. 

ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടും നിശ്ശബ്ദരാക്കിക്കൊണ്ടും രാജ്യസ്‌നേഹത്തിന്റെ നിർവചനം മാറ്റിയെഴുതുകയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ബി.ജെ.പി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ആജ്ഞകൾക്കനുസരിച്ച് എല്ലാ തെറ്റുകൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും നിശ്ശബ്ദരായി കൂട്ടുനിൽക്കുന്നവർ രാജ്യസ്‌നേഹികളും പ്രതികരിക്കുന്നവർ രാജ്യദ്രോഹികളുമായി മാറും. ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമായാണ് സംഘപരിവാർ രാജ്യസ്‌നേഹത്തെ കൂട്ടിയിണക്കുന്നത്. അതുകൊണ്ട് തന്നെയാണ് ദേശസ്‌നേഹം വളർത്തുന്നതിന് പകരം അത് അടിച്ചേൽപിക്കുന്ന നിലയിലേക്ക് കേന്ദ്ര ഭരണകൂടം എത്തിയിട്ടുള്ളത്. ഇത്തരം അടിച്ചേൽപിക്കലുകളും സംഘപരിവാറിന്റെ കപട രാജ്യസ്‌നേഹവുമാണ് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ നിശ്ശബ്ദമാക്കുന്നത്.

Latest News