Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

മംഗളൂരുവില്‍ യുവമോര്‍ച്ച  നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരു- കര്‍ണാടകയില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബിജെപി യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബെല്ലാരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രവീണിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഉടന്‍ നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെയും വ്യക്തമാക്കി.
 

Latest News