Sorry, you need to enable JavaScript to visit this website.

അര്‍പിതയുടെ ഡയറി പിടിച്ചെടുത്തു, 40 പേജുകളിലായി നിര്‍ണായക വിവരങ്ങള്‍

കൊല്‍ക്കത്ത- പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ ഡയറി ഇ.ഡി കണ്ടെടുത്തു. പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിലാണ് ഡയറി കണ്ടെടുത്തത്.

പശ്ചിമ ബംഗാള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഡയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപക നിയമന അഴിമതിക്കേസില്‍ വെളിച്ചം വിശുന്ന ഒട്ടേറെ വിവരങ്ങള്‍ 40 പേജുകളിലായുണ്ടെന്നാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം കൈക്കൂലി പണമാണെന്ന് ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പിത മുഖര്‍ജിയേയും ഇഡി അറസ്റ്റ് ചെയ്തത്. 20 മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. അര്‍പിതയുടെ വീട്ടില്‍നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിവന്നിരുന്നു.

 

Latest News