ഓണത്തിന് കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- അടുത്ത ഓണത്തിനും കേരള സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 425 കോടി രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജനക്ഷേമത്തിന് സർക്കാർ മുന്നോട്ടിറങ്ങുമ്പോൾ ചിലർ തടസവുമായി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്ര നീക്കം. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽനിന്നും നമ്മുടെ സംസ്ഥാനം മുക്തമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തിൽ വ്യവസായത്തിന് അനുകൂല സഹചര്യമാണ് നിലവിലുള്ളത്. 700 കോടി രൂപയുടെ നിക്ഷേപം നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ടാറ്റ 75 കോടിയുടെത് പ്രഖ്യാപിച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും കേരളത്തിൽ നിക്ഷേപം വന്നു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയിൽ 2220 ഏക്കർ ഭൂമിയിൽ 70 ശതമാനവും പത്തു മാസത്തിനകം ഏറ്റെടുത്തു. മൂന്നര മാസത്തിനകം 42752 സംരംഭങ്ങൾ ആരംഭിച്ചു. നാലു ലക്ഷത്തോളം തൊഴിൽ അതുവഴി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ എല്ലാം തികഞ്ഞു എന്ന് അർത്ഥമില്ല. കൂടുതൽ മികച്ച മാതൃകകൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്കും ലോകങ്ങളിലേക്കും തിരിയാം. കേരളത്തിൽ അനുയോജ്യമായത് ചെയ്യുക എന്നാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വികസനത്തിന് പിന്തുണ നൽകുന്നതിന് പകരം നശീകരണ പ്രവർത്തനങ്ങൾ ചിലർ ചെയ്യുന്നുണ്ട്. അത് കേരളത്തിന്റെ വികസനത്തിന് നല്ലതല്ല. മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപം കൂടുതൽ കിട്ടുന്നതിന് മറ്റു ചില കാരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News