ഇന്ത്യൻ ജനാധിപത്യത്തെ താത്വികമായും ആത്മാർത്ഥമായും അംഗീകരിച്ചിട്ടുള്ള ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭരണഘടനയുടെ മഹത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിന് പകർന്നുകൊടുത്തില്ലെങ്കിൽ ഭരണഘടനയെ അവഹേളിക്കുന്ന വിഭാഗങ്ങൾ രാജ്യത്ത് ശക്തിയാർജിക്കുകയും ഒടുവിൽ രാജ്യത്തിന്റെ അടിസ്ഥാന ശിലകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാകും സംജാതമാവുക.
ഭരണഘടനയെ അവഹേളിച്ചും അധിക്ഷേപിച്ചും നടത്തിയ പരാമർശങ്ങളുടെ പേരിൽ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. മന്ത്രിപദം രാജിവെച്ചെങ്കിലും നിയമസഭാംഗമായി തുടരുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ചുള്ള പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പരാമർശങ്ങൾ വിമർശനങ്ങളോ അവഹേളനമോ എന്ന കാര്യത്തേക്കാൾ തെളിഞ്ഞുവന്നത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും പ്രത്യയശാസ്ത്രവും ഭരണഘടനയോട് പണ്ടുമുതലേ പുലർത്തിപ്പോന്നിരുന്ന നിലപാടാണ്.
വിമർശനം എന്ന പദത്തിന്റെ അർഥം വിലയിരുത്തൽ, വിചിന്തനം, യുക്തിപൂർവകമായ പ്രതിപാദനം എന്നെല്ലാമാണ്. ലോകത്തുള്ള ഏതൊരു കാര്യത്തെയും ഈ അർത്ഥത്തിൽ 'വിമർശനം' നടത്തുന്നതിൽ അസാംഗത്യമൊന്നുമില്ല. ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും വിട്ടുപോയവ കൂട്ടിച്ചേർക്കനും ഇതുപോലുള്ള വിലയിരുത്തലുകൾ ആവശ്യമാണ്.
മുൻമന്ത്രി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പ്രത്യയശാസ്ത്ര നിബദ്ധമാണ് എന്ന വസ്തുതയെ മറച്ചുപിടിച്ച് അതിനെ ന്യായീകരിക്കുവാനോ വിശദീകരിക്കുവാനോ മുതിരുന്നത് വൃഥാവ്യായാമമാണ്. കമ്യൂണിസ്റ്റുകളുടെ ഭരണഘടനയോടുള്ള നിലപാട് എന്തായിരുന്നെന്ന് ഭരണഘടന ശിൽപികൾ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ നിർരാണ സഭയിൽ പറഞ്ഞത് ഇങ്ങനെയാണ്: 'ഭരണഘടനയെ അപലപിക്കുന്നത് പ്രധാനമായും കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കേന്ദ്രങ്ങളാണ്. എന്തുകൊണ്ടാണ് അവർ ഭരണഘടനയെ അപലപിക്കുന്നത്? അതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ? അല്ല എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു. തൊഴിലാളിവർഗ സ്വേഛാധിപത്യ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നത്.
ജനാധിപത്യ, സമത്വ ധാർമികതയിൽ ഊന്നിക്കൊണ്ടാണ് അംബേദ്കർ ഭരണഘടനക്ക് രൂപകൽപന നൽകിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പൗരന്മാർക്ക് അവകാശം നൽകാനുള്ള ഉപാധി മാത്രമായിരുന്നില്ല ഭരണഘടന. രാജ്യത്തിന് മേൽ ഏതെങ്കിലും തരത്തിലുള്ള സ്വേഛാധിപത്യം ഉരുണ്ടുകൂടുന്നതിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഒരു ആയുധമായിട്ട് കൂടിയാണ് അദ്ദേഹം ഭരണഘടനയെ നിരീക്ഷിച്ചത്. മൂന്ന് തരത്തിലുള്ള സ്വേഛാധിപത്യങ്ങളെ ആയിരുന്നു അദ്ദേഹം രാജ്യത്തിന് ഭീഷണിയായി കണ്ടിരുന്നത്. അതിലൊന്ന് കമ്യൂണിസമായിരുന്നു. ഹിന്ദുമഹാസഭ ഉയർത്തിപ്പിടിച്ച ഹിന്ദുരാഷ്ട്രവും ഇസ്ലാമിന്റെയോ ഇതര മതങ്ങളുടെയോ പേരിൽ പ്രചരിപ്പിക്കപ്പെട്ട മതരാഷ്ട്രങ്ങളുമായിരുന്നു അംബേദ്കർ നിരീക്ഷിച്ച മറ്റു രണ്ട് സ്വേഛാധിപത്യ വ്യവസ്ഥിതികൾ. മതസാംസ്കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യക്ക് അത്തരം ഭരണക്രമങ്ങൾ അത്യന്തം അപകടമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അംബേദ്കർ അമേരിക്കയിലും ബ്രിട്ടനിലും പഠിച്ചുകൊണ്ടിരുന്ന കാലത്ത് ലോകത്തെ അടക്കി ഭരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന പ്രത്യയശാസ്ത്രമായിരുന്നു കമ്യൂണിസവും മാർക്സിസവും എന്നതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഒരു ജനാധിപത്യ പ്രക്രിയയിൽ സൃഷ്ടിച്ചേക്കാവുന്ന മുറിവുകളെ കുറിച്ച് അദ്ദേഹത്തിന് ശരിക്കും ബോധ്യമുണ്ടായിരുന്നു. തൊഴിലാളി വർഗത്തിന്റെ മോചനം എന്ന ആശയത്തോട് അംബേദ്കർക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും തൊഴിലാളി വർഗ സ്വേഛാധിപത്യത്തെ നെഞ്ചിലേറ്റുന്ന കമ്യൂണിസത്തെ അദ്ദേഹം ഭയപ്പെട്ടു.
വർണാശ്രമം ഇന്ത്യയെ ചൂഴ്ന്നു നിന്നിരുന്ന കാലത്തായിരുന്നു അംബേദ്കർ ജനിച്ചുവളർന്നത്. അതിന്റെ എല്ലാ കയ്പുരസവും അനുഭവിച്ച അദ്ദേഹത്തിന് വർണാശ്രമത്തോട് മൃദുസമീപനം പുലർത്തുന്ന ഏതൊന്നിനോടും കലശലായ വെറുപ്പായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായിരുന്ന പി.സി. ജോഷി, ഡാങ്കെ, രണദിവെ തുടങ്ങിയവരെല്ലാം ബ്രാഹ്മണരായിരുന്നു എന്നതിനാൽ തന്നെ പാർട്ടിയുടെ ബ്രാഹ്മണ വിധേയത്വം അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ബുദ്ധ ഓർ കാറൽ മാർക്സ് എന്ന അംബേദ്കറിന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ കമ്യൂണിസത്തിന്റെ അപകടങ്ങൾ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. 'കമ്യൂണിസം സ്ഥാപിക്കാൻ കമ്യൂണിസ്റ്റുകൾ രണ്ട് മാർഗങ്ങൾ മാത്രമാണ് സ്വീകരിക്കാറുള്ളത്. ഒന്നാമത്തേത് അക്രമമാണ്. നിലവിലുള്ള വ്യവസ്ഥിതിയെ തകർക്കാൻ അതിൽ കുറഞ്ഞ ഒരു മാർഗവും സ്വീകരിക്കാൻ സാധിക്കില്ല എന്നവർ പറയുന്നു. രണ്ടാമത്തേത്, തൊഴിലാളി വർഗ സ്വേഛാധിപത്യമാണ്. പുതിയ ഒരു സംവിധാനം സ്ഥാപിക്കാൻ അതിൽ കുറഞ്ഞ ഒരു സംവിധാനവും മതിയാവുകയില്ല.' (പേജ് 20). കമ്യൂണിസം എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തകർത്തെറിഞ്ഞുകൊണ്ടുള്ള അക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട് എന്നാണ് പ്രസ്തുത പുസ്തകത്തിൽ അംബേദ്കർ തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത്. മനുഷ്യർക്ക് സ്വാതന്ത്ര്യം നൽകുന്ന മതങ്ങളും ആശയങ്ങളും തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാൻ കമ്യൂണിസവും ഹിന്ദുത്വവും മതരാഷ്ട്രവാദവും തലയിലേറ്റിയവർക്ക് സാധിക്കില്ല എന്ന വസ്തുതയാണ് ഇത്തരം വാഗ്വിലാസങ്ങളിലൂടെ തെളിയുന്നത്. ബ്രിട്ടീഷുകാർ ചൊല്ലിക്കൊടുത്തത് എഴുതിവെച്ചുവെന്നും കൊള്ളയടിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും മതേതരത്വത്തെയും ജനാധിപത്യത്തെയും കുന്തവും കുടച്ചക്രവുമാണെന്നും പറഞ്ഞ് പുഛിച്ച് സംസാരിച്ചതിന്റെ പിന്നിൽ ഇത്തരമൊരു പ്രത്യയശാസ്ത്ര മനോരോഗമാണ് എന്ന കാര്യം പാർട്ടിയും നേതാക്കളും ഒളിച്ചുവെച്ചിട്ട് കാര്യമില്ല.
ഭരണഘടനയെ കുറിച്ച് സാധാരണക്കാരിൽ തെറ്റിദ്ധാരണ വളർത്താൻ സജി ചെറിയാൻ തൊഴിലാളികളുടെ അവകാശങ്ങളെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്. 'പാവപ്പെട്ടവന്റെ അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് പാവങ്ങളെ ചൂഷണം ചെയ്ത് അവന് ശമ്പളം കൊടുക്കാതെ പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്യിക്കുമ്പോൾ ഭരണഘടന അവന് സംരക്ഷണം കൊടുക്കുന്നുണ്ടോ' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തൊഴിലാളി സമൂഹത്തെ വൈകാരികതയിലേക്ക് നയിക്കുവാൻ വേണ്ടി മാത്രമാണ് ഈ പരിഹാസം. ഭരണഘടനയുടെ മൗലികാവകാശങ്ങളിലും മാർഗനിർദേശക തത്വങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള അനുഛേദങ്ങൾ ധാരാളമുണ്ട് എന്ന കാര്യം അദ്ദേഹത്തിനറിയാതിരിക്കില്ല. തൊഴിലും തൊഴിലാളി സംഘാടനവും മൗലികാവകാശങ്ങളാണെന്ന് ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കാൻ അനുഛേദം 39 മാർഗ നിർദേശം നൽകിയിട്ടുണ്ട്. തൊഴിൽ ഒരു അവകാശമായി കണ്ട് പരിഹാരം കാണാൻ അനുഛേദം 41 ഉം തൊഴിലിടങ്ങളിൽ നീതിപൂർവകവും മനുഷ്യോചിതവുമായ നിബന്ധനകൾ ഉണ്ടായിരിക്കണമെന്ന് 42 ഉം അനുശാസിക്കുന്നു. കാർഷിക, വ്യാവസായിക മേഖല അടക്കമുള്ള മുഴുവൻ തൊഴിലാളികളുടെയും ജോലി, ഉപജീവനക്ഷമമായ വേതനം, മാന്യമായ ജീവിത നിലവാരം, വിശ്രമ വേളകൾ, സാമൂഹികവും സാംസ്കാരികവുമായ അവസരങ്ങൾ എന്നിവ ഉറപ്പു വരുത്തണമെന്ന് അനുഛേദം 43 വ്യക്തമാക്കുന്നുണ്ട്. ഭരണഘടന തൊഴിലാളികളോട് ഒരു ക്രൂരതയും കാണിച്ചിട്ടില്ല. അവരെ ചൂഷണം ചെയ്യാവുന്ന നിർദേശങ്ങൾ വെച്ചിട്ടുമില്ല. തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിന് ഭരണഘടനയെ പഴിപറയുകയല്ല വേണ്ടത്. ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന് കൂടുതൽ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാനാണ് ആക്ഷേപം തൊടുത്തുവിടുന്ന ആക്ഷേപകർ ചെയ്യേണ്ടത്. കെ.എസ്.ആർ.ടി.സിയുടെ പതനത്തിന് തൊഴിലാളികളെയും യൂനിയനുകളെയുമായിരുന്നു സംസ്ഥാനത്തെ മറ്റൊരു മന്ത്രി ആക്ഷേപിച്ചിരുന്നത് എന്ന കാര്യവും കേരളം മറന്നിട്ടില്ല.
ഇന്ത്യൻ ജനാധിപത്യത്തെ താത്വികമായും ആത്മാർത്ഥമായും അംഗീകരിച്ചിട്ടുള്ള ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭരണഘടനയുടെ മഹത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിന് പകർന്നുകൊടുത്തില്ലെങ്കിൽ ഭരണഘടനയെ അവഹേളിക്കുന്ന വിഭാഗങ്ങൾ രാജ്യത്ത് ശക്തിയാർജിക്കുകയും ഒടുവിൽ രാജ്യത്തിന്റെ അടിസ്ഥാന ശിലകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാകും സംജാതമാവുക.






