Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ട്രെയിൻ യാത്ര  നോർമലായി, പക്ഷേ... 

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വീണ്ടും സജീവമായപ്പോൾ 
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് 
തുരന്തോ എക്‌സ്പ്രസ് സ്റ്റേഷനിൽ 
കോഴിക്കോട്ടെ പ്രവേശന കവാടം 
തുരന്തോ എക്‌സ്പ്രസ് സ്റ്റേഷനിൽ 

കേരളത്തിൽ കോവിഡിന് മുമ്പുള്ള കാലത്തേത് പോലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. ഏതാനും ലോക്കൽ ട്രെയിനുകളാണ് വിവിധ ഡിവിഷനുകളുടേതായി തുടങ്ങാൻ ബാക്കിയുള്ളത്. ദീർഘദൂര ട്രെയിനുകളെല്ലാം പതിവിൽ കവിഞ്ഞ തിരക്കോടെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കാരണമുണ്ട്. കേരളത്തിലെ ബസ് യാത്ര നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ചെന്നൈയിലേക്ക് കെ.എസ്.ആർ.ടി.സി ബസുണ്ട്. യാത്ര നിരക്ക് 1200 രൂപയ്ക്കടുത്ത് വരും. ഇതിന്റെ നേർപാതി ചെലവിൽ അതിവേഗ ട്രെയിൻ സർവീസുണ്ട്. രാത്രി എട്ടിന് കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന  മംഗലാപുരം - ചെന്നൈ എം.ജി.ആർ സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ രാവിലെ 7.30 നോടടുത്ത് ചെന്നൈയിലെത്തും. കോട്ടയം, കൊച്ചി, കാസർകോട്, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം യാത്രകൾക്കും നല്ലത് ട്രെയിനുകളാണ്. കൊച്ചി-കണ്ണൂർ ദൂരം നാലര മണിക്കൂറിൽ ട്രെയിനുകൾ പിന്നിടുമ്പോൾ റോഡിലെ ഏത് കൊലകൊമ്പൻ വാഹനത്തിനും ഇതിന്റെ ഇരട്ടി സമയമെങ്കിലും വേണം. കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പത്തെ കാര്യമൊന്നാലോചിച്ചു നോക്കൂ. വല്ലപ്പോഴുമുള്ള റിസർവ്ഡ് ട്രെയിനിൽ ബുക്ക് ചെയ്തവർക്ക് മാത്രം യാത്ര. വഴിയിലെ ചെക്ക് പോയന്റിൽ നിൽക്കുന്ന പോലീസുകാർക്ക് സത്യവാങ്മൂലം കാണിച്ചു കൊടുക്കണം. മാസ്‌ക് ധരിച്ച് സ്‌റ്റേഷനിലെത്തുന്ന യാത്രക്കാരൻ ട്രെയിനിൽ സാമൂഹിക അകലം പാലിക്കുകയും വേണം. വിശ്രമ മുറികളും ഭോജന ശാലകളും അടഞ്ഞു കിടന്നു. പ്ലാറ്റുഫോമിലെ ഇരുത്തം നിയന്ത്രിക്കാൻ കസേരകൾ വരെ എടുത്തു മാറ്റി. 


ഇന്ത്യൻ റെയിൽവേ ആധുനികവത്കരണത്തിന്റെ പാതയിലാണ്.  ട്രെയിൻ  യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്.  ട്രെയിൻ യാത്രയിൽ ലഭിക്കുന്ന സൗകര്യങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്. ട്രെയിൻ യാത്രയിൽ യാത്രക്കാർ നേരിടുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങൾക്ക് പോലും റെയിൽവേ ശ്രദ്ധ നൽകുകയും അത് പരിഹരിക്കുകയും ചെയ്യുന്നുണ്ട്.   
പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനിടെ യാത്രക്കാരെ കൊള്ളയടിക്കുന്നതിനും ഒരു കുറവുമില്ല.  പ്രഭാത ഭക്ഷണമടക്കം എല്ലാ സമയത്തെയും ഭക്ഷണത്തിന്  റെയിൽവേ വില കൂട്ടി. ഇനി ട്രെയിൻ യാത്രയിൽ ഭക്ഷണത്തിന് കുറഞ്ഞത് 50 രൂപ അധികം നൽകണമെന്നതാണ് സ്ഥിതി. 


പ്രീമിയം ട്രെയിനുകളിലെ സർവീസ് ചാർജ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്.  അതായത്  ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം ഓപ്ഷൻ തെരഞ്ഞെടുക്കാത്ത യാത്രക്കാർ ഇനി മുതൽ സർവീസ് ചാർജ് നൽകേണ്ടതില്ല. യാത്രക്കാർക്ക് സാധാരണ നിരക്കിൽ വെള്ളം, ചായ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെങ്കിലും പ്രഭാത ഭക്ഷണത്തിനും മറ്റു സമയത്തെ ഭക്ഷണത്തിനും ഇനി 50 രൂപ അധികം നൽകണം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം  സർക്കുലർ പുറപ്പെടുവിച്ചു. മുൻപ് രാജധാനി, തുരന്തോ, ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫുഡ് ഓപ്ഷൻ  തെരഞ്ഞെടുത്തില്ലെങ്കിൽ പോലും സർവീസ് ചാർജ് നൽകേണ്ടി വന്നിരുന്നു.   സർക്കുലർ പ്രകാരം, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിൽ സെക്കൻഡ്, തേഡ് എസികളിൽ രാവിലെ ചായ നിരക്ക് 20 രൂപയും ഫസ്റ്റ് എസിയിൽ 35 രൂപയും നൽകണം.  സെക്കൻഡ്, തേർഡ് എസിയിൽ പ്രഭാത ഭക്ഷണത്തിന് 105 രൂപയും എസി ചെയർ കാറിൽ പ്രഭാത ഭക്ഷണത്തിന് 155 രൂപയും  ഈടാക്കും. ഫസ്റ്റ് എസിയിൽ അത്താഴവും ഉച്ചഭക്ഷണവും 245 രൂപക്കും സെക്കൻഡ് എസി, തേഡ് എസി എന്നിവയിൽ  185 രൂപക്കും  ലഭിക്കും.  ചെയർ കാറിൽ തുക കൂടുതലാണ്. 235 രൂപയാണ് ഭക്ഷണത്തിന് നൽകേണ്ടി വരിക.  ഫസ്റ്റ് എസിയിൽ, വൈകുന്നേരത്തെ ലഘുഭക്ഷണത്തോടു കൂടിയ ചായക്ക് 140 മുതൽ 180 രൂപ വരെ ഈടാക്കും. സെക്കൻഡ്, തേർഡ് എസികളിൽ ചായക്കൊപ്പം ലഘുഭക്ഷണം 90 രൂപക്ക് ലഭിക്കും. ചെയർ കാറിൽ യാത്ര ചെയ്യുന്നവർ ഇതിനായി 140 രൂപ നൽകണം. സ്ലീപ്പർ ക്ലാസിൽ രാവിലെ ചായ 15 രൂപക്ക് ലഭിക്കും.  പ്രഭാത ഭക്ഷണം 90 രൂപക്കും ഉച്ചഭക്ഷണം, അത്താഴം എന്നിവ 120 രൂപക്ക് ലഭിക്കും. തേജസ് ട്രെയിനുകളുടെ ഫസ്റ്റ് എസിയിൽ പ്രഭാത ഭക്ഷണം 155 - 205 രൂപക്ക് ലഭിക്കും.  ഉച്ചഭക്ഷണവും അത്താഴവും 244 മുതൽ 294 രൂപക്ക് ലഭിക്കും. വന്ദേ ഭാരത് ട്രെയിനുകളിൽ രാവിലെ ചായ 15 രൂപക്കും പ്രഭാത ഭക്ഷണം 155 മുതൽ 205 രൂപക്കും ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും യാത്രക്കാർ 244 മുതൽ 294 രൂപ വരെ നൽകണം.


ഇത് ഭക്ഷണത്തിന്റെ കാര്യം. അതിലും വലിയ ദ്രോഹം വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരോട് ചെയ്തിട്ടുണ്ട്.  റെയിൽവേ ഒരു പ്രധാന നിയമ പരിഷ്‌കരണം നടപ്പാക്കിയതിന്റെ ഭാഗമാണിത്.   ഇനി മുതൽ ട്രെയിനിൽ യാത്ര  ചെയ്യാൻ കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിരിക്കേണ്ടത്  അനിവാര്യമാണ്. സ്ഥിരീകരിച്ച ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ റെയിൽവേ പിഴ ഈടാക്കും.  അതായത്, പുതിയ നിയമം അനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്ന ഒരാൾ പിടിക്കപ്പെട്ടാൽ പിഴ അടയ്‌ക്കേണ്ടി വരും. ഉത്സവ സീസൺ  ആരംഭിക്കുന്ന സാഹചര്യത്തിൽ ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  റെയിൽവേ നടപ്പാക്കുന്ന പുതിയ നിയമ പ്രകാരം  വെയിറ്റിംഗ് ടിക്കറ്റിൽ യാത്ര ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്.  ടിക്കറ്റ് പരിശോധനയും റെയിൽവേ കർശനമാക്കിയിരിക്കുകയാണ്. റെയിൽവേ നൽകുന്ന കണക്കനുസരിച്ച് പ്രതിദിനം നാലായിരം മുതൽ ആറായിരം വരെ യാത്രക്കാരാണ് വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത്. ഇത്, മറ്റു യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുക മാത്രമല്ല, കോച്ചുകളിൽ വൻ തിരക്കിന് ഇടയാക്കുകയും ചെയ്യന്നു.  
യാത്രക്കാരുടെ അസൗകര്യങ്ങൾ കണക്കിലെടുത്താണ് റെയിൽവേ ഈ പുതിയ നിയമങ്ങൾ  നടപ്പാക്കിയത്.  ഒരു യാത്രക്കാരൻ വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുമായി യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 500 രൂപ  പിഴ ഈടാക്കും. അതിനാൽ  ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം,  


 ട്രെയിനുകളിൽ  പുതപ്പ്, ഷീറ്റ്,  തലയണ  തുടങ്ങിയ സൗകര്യങ്ങൾ  പുനരാരംഭിച്ചു എന്നതാണ് മറ്റൊരു മാറ്റം. എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക്  ഇത് വലിയ ആശ്വാസകരമായ സംഗതിയാണ്.  ഈ സേവനം യാത്രക്കാർക്ക് സൗജന്യമായി നൽകില്ല.  ഇതിനായി യാത്രക്കാർക്ക് പണം നൽകേണ്ടിവരും. കൂടാതെ, സമ്പൂർണ കിറ്റും റെയിൽവേ യാത്രക്കാർക്ക് നൽകും. ഇതിന്റെ  വില 300 രൂപയാണ്.  
ഭക്ഷണത്തിന് വില കൂട്ടിയതിലും വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ ടിക്കറ്റില്ലാത്തവരായി പരിഗണിക്കുന്നതിലുമൊക്കെ രോഷം പ്രകടിപ്പിക്കുന്നവരുണ്ടാവാം. 
അവർക്ക് ശ്രീനിവാസൻ അറബിക്കഥ സിനിമയിൽ ചെയ്തത് പോലെ സ്വകാര്യമായി മുദ്രാവാക്യം മുഴക്കുകയേ നിർവാഹമുള്ളൂ. എല്ലാ വിഷയങ്ങളും ചർച്ചയ്‌ക്കെത്തുന്ന ദിനങ്ങളാണ് റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസങ്ങൾ. മോഡിക്കാലത്ത് റെയിൽവേ ബജറ്റ് പോലുമില്ലല്ലോ. 

Latest News