Sorry, you need to enable JavaScript to visit this website.

'വായിൽ നാക്കുള്ളവർക്ക് എന്തും പറയാം';  കെ.സുധാകരനെതിരെ മാണി സി കാപ്പൻ

പാലാ- യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മാണി സി കാപ്പൻ. വായിൽ നാക്കുള്ളവർക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. കേരള കോൺഗ്രസ് എം യുഡിഎഫിൽ എത്തിയാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .ഇടതു മുന്നണിയിൽ അതൃപ്തരായ കക്ഷികളെ യുഡിഎഫിൽ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തൻ ശിബിരിൽ രാഷ്ട്രീയ പ്രമേയത്തിൽ ഉയർന്നുവന്നിരുന്നു. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാൻ ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് തന്നെയാണ് ഇതിന്റെ ചുമതലയുണ്ടാകുക.
അതേസമയം ഇടതുമുന്നണിയിൽ നിന്ന്  അതൃപ്തരായ കക്ഷികളെ മുന്നണി വിപുലീകരണത്തിനായി കോൺഗ്രസിൽ എത്തിക്കുന്നതിൽ എൽജെഡി, കേരള കോൺഗ്രസ് എം നേതാക്കൾ രംഗത്തെത്തിയിരുന്നു. അവഗണനയുണ്ടെങ്കിലും എൽഡിഎഫിൽ തന്നെ തുടരുമെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും എൽജെഡി നേതാവ് വർഗീസ് ജോർജ് പറഞ്ഞു.
എൽഡിഎഫിൽ അസ്വസ്ഥരായി ആരുമുണ്ടെന്ന് തോന്നുന്നില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് പറഞ്ഞു. കോൺഗ്രസിനിത് വൈകി വന്ന വിവേകമാണ്. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എം തൃപ്തരാണ്. കേരളാ കോൺഗ്രസിന്റെ ശക്തി തിരിച്ചറിഞ്ഞ കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
 

Latest News