ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഔറയ്യ ജല്ലയില്‍ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തു. സശയിക്കന്ന രോഗിയുടെ സാമ്പിള്‍ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ കൂടുതല്‍ പരിശോധനക്കായി എത്തിച്ചു.
ബിധുന താലൂക്കില്‍ താമസിക്കുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്. ഒരാഴ്ചയായി പനിയും മങ്കി പോക്‌സിന്റെ മറ്റു ലക്ഷണങ്ങളുമുള്ള രോഗിയില്‍നിന്ന് സാമ്പികള്‍ ശേഖരിക്കാന്‍ ജില്ലാ ആശുപത്രിയിലെ ഡോ. സര്‍ഫ്രാസിനെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അര്‍ച്ചന ശ്രീവാസ്തവ അയക്കുകയായിരുന്നു. രോഗം സംശയിക്കുന്ന സ്ത്രീ ഈയടുത്തായി യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിച്ച് സ്ത്രീയെ വീട്ടിലേക്ക് തിരിച്ചയച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ചികിത്സിച്ചുവെങ്കിലും പനി വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് ഇവര്‍ മുന്‍ മെഡിക്കല്‍ ഓഫീസറെ സമീപിച്ചത്. മങ്കി പോക്‌സ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ട ഇദ്ദേഹം ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.