Sorry, you need to enable JavaScript to visit this website.

മദ്യനിരോധം കടലാസില്‍ മാത്രം; ഗുജറാത്തില്‍ മദ്യദുരന്തത്തില്‍ മരണം 24

അഹമ്മദാബാദ്- ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മദ്യത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും ഉപഭോഗവും നിരോധിച്ച സംസ്ഥാനമായ ഗുജറാത്തില്‍ ദുരന്തവുമായി 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
30 പേര്‍ ശാരീരിക അവശതകളുമായി ആശുപത്രികളിലാണ്. ബോട്ടാഡ്, ഭാവ്‌നഗര്‍, അഹമ്മദാബാദ് ആശുപത്രികളിലായാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. പലരുടെയും നില ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിലെ ഗ്രാമങ്ങളിലാണ് വിഷമദ്യദുരന്തം. ഗ്രാമങ്ങളില്‍ വ്യാജമദ്യം വില്‍പന നടത്തുന്ന നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ചു.
മദ്യ ദുരന്തത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കള്ളക്കടത്തുകാരുടെയും പോലീസിന്റെയും അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ബി.ജെ.പി നേതാക്കളുടെ സംരക്ഷണത്തിലാണ് വന്‍തോതില്‍ മദ്യവില്‍പ്പന നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗം അമിത് ചാവ്ദ പറഞ്ഞു.
കള്ളക്കടത്തുകാരില്‍ നിന്ന് പോലീസ് പതിവായി കൈക്കൂലി വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്ത് മദ്യ നിരോധനം കടലാസില്‍ മാത്രമാണ്.  എ എ പി അധികാരത്തിലെത്തിയാല്‍ മദ്യ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News