സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക് ചുരുക്കാന്‍ ചില ശക്തികളുടെ ശ്രമം- പിണറായി

തിരുവനന്തപുരം- സംസ്‌കാരത്തെ ഏകശിലാരൂപത്തിലേക്ക് ചുരുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സംസ്‌കാരങ്ങളും നിലനിന്നത് അതിന്റെ ബഹുമുഖ സ്വഭാവംകൊണ്ടാണ്. ഇത് മനസ്സില്‍വച്ചാകണം സാംസ്‌കാരികരംഗത്തെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടന തിടമ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തിലെ ഏറ്റവും ജനകീയ കവികളില്‍ ഒരാളായ ഒ എന്‍ വിയുടെ  പേരിലുള്ള പുരസ്‌കാരം ഈ തലമുറയിലെ ജനകീയ കവി വി മധുസൂദനന്‍നായരില്‍ എത്തിച്ചേരുന്നതില്‍ പ്രത്യേക ഔചിത്യമുണ്ട്.  രോഗാതുരമായ സമൂഹത്തെ  നവീകരിക്കുന്നതില്‍   പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ പേരിലുള്ള പുരസ്‌കാരം രോഗാതുരരായ നിരവധി   ആളുകളെ ജീവിതത്തിലേക്ക് നയിച്ച എം എസ് വല്യത്താനാണ് നല്‍കുന്നത്. പൈതൃകങ്ങളെ ഉപാസിക്കുന്ന കവിയായാണ് മധുസൂദനന്‍നായരെ കേരള സമൂഹം വിലയിരുത്തുക. എന്നാല്‍, അത് കേവലം ഏകതാനമായ ഒന്നിലേക്ക് ചുരുങ്ങുന്നില്ല. പൈതൃകങ്ങളെ ആദര്‍ശവല്‍ക്കരിക്കാതെ ചരിത്രവല്‍ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്.

മന്നത്തിന്റെ നിലപാടുകളോട് യോജിപ്പും വിയോജിപ്പുമുണ്ട്. വിമോചന സമരകാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ല. എന്നാല്‍, ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ അദ്ദേഹം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ആരോഗ്യരംഗത്തുണ്ടായ മുന്നേറ്റങ്ങള്‍ക്ക് വല്യത്താന്‍ നല്‍കിയ പങ്ക് വളരെ വലുതാണ്. തദ്ദേശീയമായി ഹൃദയവാല്‍വുകള്‍ വികസിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഒ എന്‍ വി പുരസ്‌കാരം കവി വി മധുസൂദനന്‍നായരും മന്നത്ത് പത്മനാഭന്‍ സ്മാരക കീര്‍ത്തിമുദ്ര പുരസ്‌കാരം ഡോ. എം എസ് വല്യത്താനുവേണ്ടി നൂറനാട് രാമചന്ദ്രനും മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, ഷാജി എന്‍ കരുണ്‍, ജി സുന്ദരേശന്‍, ജി ബസന്ത് കുമാര്‍,  ജി ഉണ്ണിക്കൃഷ്ണന്‍നായര്‍, സുമേഷ് കൃഷ്ണന്‍, ആര്‍ ഷാജി ശര്‍മ, അനു നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

Latest News