Sorry, you need to enable JavaScript to visit this website.

കേസിലെ പ്രതിക്ക് ജില്ലയുടെ മുഴുവന്‍ ചുമതല; ശ്രീറാം വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ തിരുത്തുമോ?

തിരുവനന്തപുരം- ക്രിമിനല്‍ കേസില്‍ പ്രതിയായി വിചാരണം നേരിടാന്‍ ഒരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ച നടപടി തിരുത്തണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാകുന്നു.
കേസില്‍ കോടതി നടപടി നേരിടുന്നയാളെ കലക്ടര്‍ പദവിയില്‍ നിന്ന് ഒഴിവാക്കുന്ന രീതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ തെറ്റിക്കുകയായിരുന്നു.  ആരോഗ്യ വകുപ്പില്‍ നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അപകടകരമായി വാഹനം ഓടിച്ച് വരുത്തിയ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്  ചുമത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിക്കാനായിട്ടില്ല. ഇതിനിടെ കേസില്‍ പ്രതിയായ വഫ വിടുതല്‍ ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് ഒന്നാം അഡി സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്. അതിനിടയിലാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ജില്ലാ കലക്ടറായി ശ്രീറാമിനെ നിയമിച്ചത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാുകയാണ്. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായ രംഗത്തുണ്ട്. കൊലപാതക കേസില്‍ പ്രതിയായ ഒരാള്‍ക്ക് ജില്ലയുടെ മുഴുവന്‍ ചുമതല നല്‍കി നിയമിച്ച നടപടിയാണ് പ്രതിഷേധത്തിനു കാരണം.
കുറ്റാരോപിതനായ വ്യക്തിയെ ആലപ്പുഴ കലറായി നിയമിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍  ഉദ്ഘാടനം ചെയ്തു. കളങ്കിതനായ വ്യക്തിയെ നിയമിച്ച നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമനത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ എന്നിവരും  വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  ഇടത് മുന്നണി സര്‍ക്കാരിന്റെ ജനകീയ പിന്തുണയക്കും, പ്രതിച്ഛായക്കും കളങ്കമേല്‍പ്പിക്കുന്ന നടപടിയാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
വാഹനമിടിച്ചു കൊലപ്പെടുത്തിയത് മുതല്‍ തന്റെ പദവിയും അധികാരവും ഉപയോഗിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും, വ്യാജ തെളിവുകള്‍ ചമച്ചതുള്‍പ്പെടെ കുറ്റാരോപിതനാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇത്തരം ഒരാള്‍ക്ക് ഏറ്റവും ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ നല്‍കുന്നത് കൊലചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാണ്. നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്, നീതിപൂര്‍വ്വമായി ജനങ്ങളോട് ഇടപെടാന്‍ സാധിക്കില്ല എന്ന് വ്യക്തമാമെന്നും കമ്മിറ്റി പ്രസ്താവിച്ചു.

 

Latest News