കെ-റെയിലിന് അനുമതിയില്ലെന്ന് റെയില്‍വേ ബോര്‍ഡ് സത്യവാങ്മൂലം

കൊച്ചി- സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും സ്വപ്‌ന പദ്ധതിയായ കെറെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളം നടത്തുന്ന സാമൂഹ്യാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമെന്നാണ് റെയില്‍വേ ബോര്‍ഡ് അഭിപ്രായപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനും സര്‍വേക്കും കേന്ദ്രത്തിന്റെയോ റെയില്‍വേയുടേയോ യാതൊരു അനുമതിയുമില്ലെന്നാണ് വ്യക്തമാക്കുന്നത്. നടക്കുന്ന ഒരു പ്രവര്‍ത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയില്‍ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങള്‍ നടന്നതെന്നും വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.

സാമൂഹ്യാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 

Latest News