തൃശൂര്‍- ഓണം വിപണി ലക്ഷ്യമിട്ട് കടത്തിയ വിദേശമദ്യം പിടികൂടി പോലീസ്. വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന 3600 ലിറ്റര്‍ മദ്യമാണ് പോലീസ് പിടികൂടിയത്. തൃശൂര്‍ ചേറ്റുവയില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത മദ്യവേട്ടകളില്‍ ഒന്നാണിത്. പാല്‍ വണ്ടിയിലാണ് ഇവര്‍ മദ്യം കടത്തിയത്.
പ്രതികളില്‍ നിന്നു മദ്യം വാങ്ങി വില്‍ക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓണം സീസണ്‍ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വില്‍പ്പനക്ക് കൊണ്ടുവന്നതാണ് മദ്യമെന്ന് യുവാക്കള്‍ മൊഴി നല്‍കി. വിവിധ ബ്രാന്‍ഡിലുള്ള മദ്യമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. മാഹിയില്‍നിന്നാണ് മദ്യമെത്തിച്ചതെന്നാണ് വിവരം. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.