Sorry, you need to enable JavaScript to visit this website.

ഹറം ക്രെയിൻ ദുരന്തം: കേസിൽ പുനർവിചാരണക്ക് ഉത്തരവ്

മക്ക - ഏഴു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസ് പുനർവിചാരണ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. പുനർവിചാരണ മക്ക പ്രവിശ്യ അപ്പീൽ കോടതിയിലെ പുതിയ ബെഞ്ചിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. ഇക്കാര്യം അപ്പീൽ കോടതിയെയും പ്രതികളെയും അറിയിച്ചിട്ടുണ്ട്. കേസിലെ പതിമൂന്നു പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി പിന്നീട് അപ്പീൽ കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
ആവശ്യം കഴിഞ്ഞതിനാൽ ക്രെയിൻ സ്ഥലത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയ പ്രതിനിധി ബിൻ ലാദിൻ കമ്പനിക്ക് കത്തുകളയച്ചിരുന്നെന്ന് കേസിൽ പുനർവിചാരണക്ക് ഉത്തരവിട്ട് നടത്തിയ വിധിപ്രസ്താവത്തിൽ സുപ്രീം കോടതി പറഞ്ഞു. ക്രെയിൻ സ്ഥലത്ത് നിലനിർത്താനുള്ള അനുമതി സ്ഥിരീകരിക്കുന്ന തെളിവുകൾ ബിൻ ലാദിൻ കമ്പനിക്ക് സമർപ്പിക്കാൻ സാധിച്ചിട്ടുമില്ല. ക്രെയിൻ നിലനിർത്താൻ അനുമതിയുണ്ടായിരുന്നെന്ന് അനുമാനിച്ചാൽ തന്നെ ഹാജിമാരുടെ സുരക്ഷ മുൻനിർത്തി ഹറം വികസന ജോലികളെല്ലാം നിർത്തിവെച്ച ഹജ് സീസണിൽ കൂറ്റൻ ക്രെയിനിന്റെ പ്രധാന കൈ ഉയർത്തിവെക്കാൻ അനുമതിയുണ്ടായിരുന്നോ എന്ന കാര്യം വേണ്ടരീതിയിൽ പരിശോധിച്ചിട്ടില്ല. കാറ്റിന്റെ വേഗം നിർണയിക്കുന്ന, ക്രെയിനിൽ സ്ഥാപിച്ച ഉപകരണം ക്രെയിൻ പ്രവർത്തിപ്പിക്കാത്ത നേരത്ത് ഓഫായി കിടക്കുകയാണ് ചെയ്യുക. 
കാലാവസ്ഥാ സാഹചര്യങ്ങൾ വ്യക്തമല്ലെങ്കിൽ സുരക്ഷ മുൻനിർത്തി ക്രെയിനിന്റെ ഭുജം താഴ്ത്തിയിടൽ നിർബന്ധമാണെന്ന് ക്രെയിൻ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ പുസ്തകം പറയുന്നു. ക്രെയിനിന്റെ ഭുജം താഴ്ത്താൻ അനുയോജ്യമായ സാഹചര്യങ്ങളും മതിയായ സമയവും ആവശ്യമാണെന്നും പുസ്തകം പറയുന്നു. യഥാർഥ ആവശ്യം കഴിഞ്ഞിട്ടും തീർഥാടകരുടെ കടുത്ത തിരക്ക് അനുഭവപ്പെടുന്ന ഹജ് കാലത്ത് ക്രെയിൻ സ്ഥലത്ത് നിലനിർത്തിയതിൽ വീഴ്ച വരുത്തിയ ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്കെതിരെയും ഭാവിയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെയും ക്രിമിനൽ നടപടി നിയമത്തിലെ പത്തൊമ്പതാം വകുപ്പ് അനുശാസിക്കുന്നതു പ്രകാരം നിയമ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉണർത്തിയിരുന്നു. 
നിലവിലെ സ്ഥിതിയിൽ കേസിൽ വിധി പ്രസ്താവിക്കാൻ സുപ്രീം കോടതിക്ക് സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മക്ക പ്രവിശ്യ അപ്പീൽ കോടതി വിധി റദ്ദാക്കാനും കേസിന്റെ പുനർവിചാരണ അപ്പീൽ കോടതിയിലെ മറ്റൊരു ബെഞ്ചിന് കൈമാറാനും തീരുമാനിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. പതിമൂന്നു പ്രതികളിൽ പത്തു പേരുടെ സാന്നിധ്യത്തിലാണ് സുപ്രീം കോടതിയിൽ വിചാരണ നടന്നത്. 
ഹജിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11 ന് വെള്ളിയാഴ്ച വൈകീട്ട് 5.10 നാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിൻ ശക്തമായ കാറ്റിൽ പൊട്ടിവീണത്. ദുരന്തത്തിൽ മലയാളി ഹജ് തീർഥാടകർ അടക്കം 110 പേർ മരണപ്പെടുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരണപ്പെട്ടവരുട ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാൽ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നൽകി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സൗജന്യമായി ഹജ് നിർവഹിക്കാനും സൗദി അറേബ്യ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.  

Latest News