Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിൽ  ഓഹരി വിപണിയിൽ  ഉത്സവ പ്രതീതി

വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തിരിച്ചുവരവ് ഓഹരി സൂചികയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. ബ്ലൂചിപ്പ് ഓഹരികൾ കൈപ്പിടിയിൽ ഒതുക്കാൻ അവർ കാണിച്ച താൽപര്യം സെൻസെക്‌സിനെയും നിഫ്റ്റിയെയും നാല് ശതമാനം ഉയർത്തി.  പിന്നിട്ട വാരം ബോംബെ സൂചിക 2311 പോയന്റും നിഫ്റ്റി 670 പോയന്റും വർധിച്ചു.  പത്ത് മാസം നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി വിദേശ ഓപറേറ്റർമാർ ഒറ്റവാരത്തിൽ 4700 കോടി രൂപയുടെ വൻ നിക്ഷേത്തിന് തയാറായി. അവരുടെ മനോഭാവത്തിലെ മാറ്റം വിലയിരുത്തിയാൽ ഇന്ത്യൻ മാർക്കറ്റിന് അനുകൂലമാണ്. ഒരു മാസത്തിനിടയിൽ ഓഹരി സൂചിക മുന്നേറിയത് എട്ടര ശതമാനം. ഈ കാലയളവിൽ സെൻസെക്‌സ് 4250 പോയന്റും നിഫ്റ്റി 1306 പോയന്റും നേട്ടം കൈവരിച്ചു. 
ബുധനാഴ്ച നടക്കുന്ന യുഎസ് ഫെഡ് യോഗത്തെ വിപണി ഉറ്റുനോക്കുന്നു. പലിശ നിരക്കുകളിൽ അവർ ഭേദഗതികൾക്ക് നീക്കം നടത്താൻ ഇടയുണ്ട്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നൽകുന്ന സൂചന കണക്കിലെടുത്താൽ പലിശയിൽ 50 മുതൽ 75 ബേസിസ് പോയന്റ് വർധനക്കാണ് സാധ്യത. 
യുഎസ് പലിശ ഉയർത്തിയാൽ ആർബിഐയും ഇക്കാര്യത്തിൽ പുതിയ നീക്കം നടത്താം. കഴിഞ്ഞ ദിവസം യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ 75 ബേസീസ് പോയന്റാണ് ഒറ്റയടിക്ക് ഉയർത്തിയത്. ഗ്ലോബൽ കറൻസി മാർക്കറ്റിൽ ഡോളറിനെ തളർത്തി. യൂറോപ്യൻ ബാങ്ക് നീക്കം ഒരു പരിധി വരെ രൂപക്ക് രക്ഷയായി. രൂപ 79.86 ൽ നിന്നും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 80.06 ലേക്ക് ഇടിഞ്ഞ അവസരത്തിലാണ് യൂറോക്ക് മുന്നിൽ ഡോളർ  തളർന്നത്. ഇതിന്റെ ചുവടു പിടിച്ച് രൂപയുടെ മൂല്യം പന്ത്രണ്ട് ആഴ്ചയിൽ ആദ്യമായി ഒരു തിരിച്ചുവരവ് നടത്തി. വാരാന്ത്യം 79.85 ലാണ്.  രൂപക്ക് ഈ വർഷം ഏഴ് ശതമാനം ഇടിവ് നേരിട്ടു. 
നിഫ്റ്റി 16,049 ൽ നിന്നും ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും ഉയർന്ന് 16,752 വരെ ചുവടുവെച്ച ശേഷം വാരാന്ത്യം 16,719 പോയന്റിലാണ്. സൂചികയിലെ ഉണർവ്  പ്രദേശിക നിക്ഷേപകരെയും ഓപറേറ്റർമാരെയും ആകർഷിച്ചു. ഈ വാരം 16,323 ലെ ആദ്യ താങ്ങ് നിലനിർത്തി 16,933 ലേക്ക് ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 17,147 ന് മുകളിൽ ഓഗസ്റ്റിൽ സൂചികക്ക് ഇടം പിടിക്കാനാവുമെന്ന് മാത്രമല്ല, പുതിയ ലക്ഷ്യം 17,757 പോയന്റായി മാറുകയും ചെയ്യും. 16,923 ലെ താങ്ങ് നഷ്ടപ്പെട്ടാൽ നിഫ്റ്റി 15,927 വരെ സാങ്കേതിക പരീക്ഷണം നടത്താം. 
ബോംബെ സെൻസെക്‌സ് 53,760 ൽ നിന്നും മികവോടെയാണ് തിങ്കളാഴ്ച ഇടപാടുകൾക്ക് ആരംഭിച്ചത്. മുൻ നിര ഓഹരികളിൽ ഫണ്ടുകൾ പിടിമുറുക്കിയതോടെ സെൻസെക്‌സ് 54,000-55,000  പോയന്റും കടന്ന് 56,000 ലെ പ്രതിരോധവും തകർത്ത് 56,186 വരെ മുന്നേറി. വാരാന്ത്യം സൂചിക 56,072 ലാണ്. ഈ വാരം സെൻസെക്‌സിന് ആദ്യ പ്രതിരോധം 56,820 പോയന്റിലാണ്. ഇത് മറികടന്നാൽ അടുത്ത ലക്ഷ്യം 57,580 പോയന്റ്.  വിപണിയുടെ താങ്ങ് 54,675-53,275 പോയന്റാണ്.
മുൻനിര ബാങ്കിംഗ് ഓഹരികളിൽ നിക്ഷപകർ കൂടുതൽ താൽപര്യം കാണിച്ചത് എസ്ബിഐ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയെ ശ്രദ്ധേയമാക്കി. ഇൻഫോസീസ്, എച്ച്‌സിഎൽ ടെക്, വിപ്രോ, റ്റിസിഎസ്, ആർഐഎൽ, എംആന്റ്എം, മാരുതി തുടങ്ങിയവയുടെ  നിരക്ക് ഉയർന്നു. 
യുഎസ് ഡോളർ സൂചികയുടെ കരുത്ത് കണ്ട് സ്വർണ വില ഔൺസിന് 1708 ഡോളറിൽ നിന്നും പതിനാറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1680 ലേക്ക് വാരമധ്യം ഇടിഞ്ഞു. ഈ അവസരത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ ഉയർത്തിയത് ഡോളറിനെ ബാധിച്ചതോടെ നിക്ഷേപകർ സ്വർണത്തിൽ വാങ്ങലുകാരായത് വില 1725 ഡോളറിലേക്ക് ഉയർത്തി.  

Latest News