Sorry, you need to enable JavaScript to visit this website.

ഏലക്ക മേഖലയിൽ ഉണർവ്; റബർ വില വീണ്ടും ഇടിഞ്ഞു

പുതിയ എലക്ക വരവ് ആഭ്യന്തര വാങ്ങലുകാരെ ആകർഷിച്ചു. കൊക്കോയെ ബാധിച്ച രോഗബാധ കർഷകരെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നു. കുരുമുളകിൽ താൽപര്യം കാണിച്ച് ഉത്തരേന്ത്യൻ വാങ്ങലുകാർ വീണ്ടും രംഗത്ത്. വ്യവസായികൾ ജാതിക്ക സംഭരണം ശക്തമാക്കിയത് വിപണികളിൽ ഉണർവ് സൃഷ്ടിച്ചു. നാളികേരോൽപന്ന വിപണി നിർജീവം. റബർ വില വീണ്ടും ഇടിഞ്ഞു. ആഗോള സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. 
പുതിയ ഏലക്ക ലേല കേന്ദ്രങ്ങളിലേക്ക്  കർഷകർ നീക്കിത്തുടങ്ങിയതിനിടയിൽ പുതിയ ചരക്ക് ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. എന്നാൽ അതിന് അനുസൃതമായി ലേലത്തിൽ ഉൽപന്ന വിലയിൽ ഉണർവ് കണ്ടില്ലെന്നാണ്  കർഷകരുടെ പക്ഷം. കയറ്റുതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തിൽ സജീവമായിരുന്നു. വാരാന്ത്യം നടന്ന രണ്ട് ലേലങ്ങളിൽ ശരാശരി ഇനങ്ങൾ കിലോ 955-968 രൂപയിലും മികച്ചയിനങ്ങൾ 1467-1628 രൂപയിലും കൈമാറി.  
 പ്രതികൂല കാലാവസ്ഥയും രോഗബാധയും മൂലം സംസ്ഥാനത്ത് കൊക്കോ ഉൽപാദനത്തിൽ വൻ ഇടിവ് സംഭവിച്ചു. സീസൺ ആരംഭത്തിൽ വേനൽ മഴയാണ് വില്ലനായി അവതരിച്ചതെങ്കിൽ പിന്നീട് കറുപ്പ് പാടും പൂപ്പൽ ബാധയും കൊക്കോ കർഷകരുടെ കണക്ക് പുസ്തകത്തിലെ ഓരോ താളും നഷ്ടത്തിന്റേതാക്കി മാറ്റി. തോട്ടങ്ങളിൽ കായകൾ മൂപ്പ് എത്തും മുമ്പേ കേട് സംഭവിച്ചതിനാൽ മൊത്തം ഉൽപാദനം പ്രതീക്ഷിച്ചതിലും ഗണ്യമായി കുറഞ്ഞു. ഇതിനിടയിൽ കായകളുടെ നിറം മാറ്റം  വിലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.  പച്ചകൊക്കോ കിലോ 43 രൂപയിലും ഉണക്ക് 190-200 രൂപയിലുമാണ്.
കുരുമുളക് ശേഖരിക്കാൻ ഉത്തരേന്ത്യയിലെ വൻകിട സ്‌റ്റോക്കിസ്റ്റുകൾ രംഗത്ത് എത്തി. കാർഷിക മേഖലകൾ കേന്ദ്രീകരിച്ചാണ് അവർ ചരക്ക് സംഭരണത്തിന് കൂടുതൽ ഉത്സാഹിച്ചത്. പുതിയ ഓർഡറുമായി വിപണിയിൽ ഇറങ്ങിയാൽ നിരക്ക് കൂടുതൽ മുന്നേറുമെന്ന ഭീതിയും വാങ്ങലുകാരിലുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അവർ മുളക് സംഭരിച്ചത്.
ഉൽപാദകരും സ്‌റ്റോക്കിസ്റ്റുകളും ഓഫ് സീസണിലെ വിലക്കയറ്റത്തെ കാത്തു നിൽക്കുകയാണ്. രാജ്യം ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ കൂടുതൽ ഓർഡറുകൾ ഇത്തരേന്ത്യയിൽ നിന്നും എത്തുമെന്ന നിഗമനത്തിലാണ് ഇടപാടുകാർ. 
വ്യവസായ ലോബി പുതിയ ഇറക്കുമതിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്. രൂപയുടെ വിനിമയ നിരക്കിലുണ്ടായ റെക്കോർഡ് തകർച്ചയാണ് അവരെ പിന്നോക്കം വലിച്ചത്.  കൊച്ചിയിൽ ഗാർബിൾഡ് മുളക് വില 800 രൂപ വർധിച്ച് 51,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ഇന്ത്യൻ കുരുമുളക് അന്വേഷണങ്ങളില്ല. ക്രിസ്മസ് മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണ തയാറെടുപ്പിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇതിനിടയിൽ പുതിയ ചരക്കുമായി ബ്രസീൽ രംഗത്ത് എത്തും. അവരുടെ നിരക്ക് വ്യക്തമായ ശേഷം പുതിയ കരാറുകളിൽ ഏർപ്പെടാമെന്ന നിലപാടിലാണ് റീ സെല്ലർമാരും. ഇന്ത്യൻ വില 6250 ഡോളർ വരെ താഴ്‌ന്നെങ്കിലും പിന്നീട് നിരക്ക് ടണ്ണിന് 6423 ഡോളറായി ഉയർന്നു. 
കറി മസാല വ്യവസായികളും ഔഷധ നിർമാതാക്കളും ജാതിക്കയിൽ താൽപര്യം കാണിച്ചു. വിലക്കയറ്റം കണ്ട് സ്‌റ്റോക്കിസ്റ്റുകൾ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടങ്കിലും തിരക്കിട്ട് ഉൽപന്നം വിൽപനക്ക് ഇറക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ തയാറായില്ല. കയറ്റുമതിക്കാർ രംഗത്ത് സജീവമല്ല, പലർക്കും അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ നിലവിലുണ്ടങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പുറത്തു വിടുന്നില്ല. ജാതിക്ക തൊണ്ടൻ കിലോ 250-350, തൊണ്ടില്ലാത്തത് 550-600, ജാതിപത്രി 1300-1400 രൂപയിലും ജാതി ഫഌവർ 1850-1900 രൂപയിലുമാണ്. 
വിദേശ പാചകയെണ്ണകൾക്ക് മുന്നിൽ പതറുകയാണ് സംസ്ഥാനത്തെ കൊപ്രയാട്ട് വ്യവസായ രംഗം. കൊച്ചിയിൽ വെളിച്ചെണ്ണ 13,800 ലും കൊപ്ര 8100 രൂപയിലും സ്‌റ്റെഡിയാണ്. കർക്കിടകം പിറന്നിട്ടും പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാനാവാതെ നട്ടംതിരിയുകയാണ് നാളികേര കർഷകർ. പച്ചത്തേങ്ങക്കും കൊപ്രക്കും ആവശ്യക്കാർ കുറഞ്ഞതിനാൽ താഴ്ന്ന വിലക്ക് ഉൽപന്നം വിറ്റുമാറാൻ കാർഷിക മേഖല നിർബന്ധിതമായി. 
കാലാവസ്ഥ തെളിഞ്ഞ തക്കത്തിന് റബർ വെട്ട് പുനരാരംഭിക്കാൻ ഒരു വിഭാഗം ചെറുകിട ഉൽപാദകർ ഉത്സാഹിച്ചു. ഉയർന്ന വില പ്രതീക്ഷിച്ച് കൈവശമുള്ള ഷീറ്റ് വിൽപനക്ക് ഇറക്കാൻ  സ്റ്റോക്കിസ്റ്റുകൾ തയാറായില്ല. ഇതിനിടയിൽ ടോക്കാമിലും സിക്കോമിലും മാത്രമല്ല ചൈനീസ് മാർക്കറ്റിലും റബർ അവധി നിരക്കുകൾ താഴ്ന്നതും ടയർ വ്യവസായികൾ ആഭ്യന്തര നിരക്ക് ഇടിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 17,400 രൂപയിൽ നിന്നും 17,200 രൂപയായി. 
കേരളത്തിൽ സ്വർണ വില ഉയർന്നു. പവൻ 36,960 രൂപയിൽ നിന്നും 36,800 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം പവൻ 37,520 ലേക്ക് കുതിച്ചു കയറി. ഒരു ഗ്രാമിന് വില 4690 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1725 ഡോളർ. 

Latest News