Sorry, you need to enable JavaScript to visit this website.

ലീഡ് സംസ്ഥാനത്തേക്ക് സംരംഭകരെ ആകർഷിക്കാൻ  വിവിധ പദ്ധതികളുമായി വ്യവസായ വകുപ്പ്

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കി നിക്ഷേപകരെ ആകർഷിച്ച് വ്യവസായ വളർച്ച സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വകുപ്പ് വിവിധ പദ്ധതികളുമായി രംഗത്ത്. നാലു ശതമാനം പലിശക്കു സംരംഭകർക്കു വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കും മീറ്റ് ദി മിനിസ്റ്റർ, മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതികൾക്കും തുടക്കമിട്ടതിനു പുറമെ രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെയും സംഗമം വിളിച്ചുചേർക്കാനും വ്യവസായ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്തിനകത്തും പുരത്തുമുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിച്ച് വ്യവസായ വളർച്ച സാധ്യമാക്കുകയാണ് ലക്ഷ്യം.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായാണ് സംരംഭകർക്കു നാലു നാലു ശതമാനം പലിശക്കു വായ്പ ലഭ്യമാക്കുന്ന കേരള സംരംഭക വായ്പ പദ്ധതി. പതിമൂന്നു അപേക്ഷകർക്ക് വായ്പ വിതരണം ചെയ്തുകൊണ്ട് ഇതിന്റെ ഉദ്ഘാടനം അടുത്തിടെ വ്യവസായ മന്ത്രി നിർവഹിച്ചിരുന്നു. പുതുതായി ആരംഭിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നൽകുന്നതാണ് കേരള സംരംഭക വായ്പ പദ്ധതി. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവു ലഭിക്കുക. പ്രത്യേക പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.  അഞ്ചു ലക്ഷം രൂപക്കു വരെയുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിലും 10 ലക്ഷം രൂപക്കു വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിക്കണമെന്ന നിർദേശം ബാങ്കുകൾക്കു നൽകിയിട്ടുമുണ്ട്. 
കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ബോധ്യപ്പെടുത്തി വൻകിട നിക്ഷേപം ആകർഷിക്കുകയെന്ന ഉദ്ദേശ്യവുമായാണ്  ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ മേധാവികളുടെയും സംഗമം വിളിച്ചുചേർക്കാൻ വ്യവസായ വകുപ്പ് തയാറായിട്ടുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ 15 ലെത്തിയ സാഹചര്യം നിക്ഷേപത്തിന് അനുകൂലമാക്കിയെടുക്കാനാണ് ശ്രമം. ഇതുവരെ 28 ആയിരുന്നു റാങ്കിംഗ്. വ്യവസായ വകുപ്പ് നടത്തിയ മീറ്റ് ദി മിനിസ്റ്റർ, മീറ്റ് ദി ഇൻവെസ്റ്റർ പരിപാടികളുടെ അടുത്ത ഘട്ടമെന്ന നിലിയിലാണ് ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ സംഗമം. സംഗമത്തിന്റെ വേദിയും തീയിതിയും തീരുമാനിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലകളിൽ മന്ത്രി നേരിട്ട് സംരംഭകരുടെ പരാതികൾ കേൾക്കുന്നതായിരുന്നു മീറ്റ് ദി മിനിസ്റ്റർ പരിപാടി. ഇതിലൂടെ ലഭിച്ച 75 ശതമാനം പരാതികളും പരിഹരിക്കപ്പെട്ടു. നൂറ് കോടി രൂപക്കു മുകളിൽ നിക്ഷേപത്തിനു തയാറായ വ്യവസായികളുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി. 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവഴി ലഭിച്ചത്. 19 കമ്പനികളാണ് നിക്ഷേപത്തിന സന്നദ്ധമായിട്ടുള്ളത്. ഇതിലൂടെയെല്ലാം സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടെന്ന് വ്യവസായികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.  

Latest News