'ഗംഭീര ഗാട്ടാ ഗുസ്തി' -രണ്ടിലൊരാൾ മത്സരം- പണ്ട് ഇങ്ങനെ ഒരു പോസ്റ്റർ പതിയാത്ത ചുവരുകൾ കേരളത്തിൽ കുറവായിരുന്നു. ഇന്ന് സോഷ്യൽ മാധ്യമങ്ങളുണ്ട്. ചുമരുകൾ വൃത്തികേടാക്കേണ്ട. ഇൻഡിഗോ വിമാനവുമായി കൈകോർക്കുന്നത് വല്യേട്ടന്റെ സ്വന്തം ഫയൽവാൻ. അദ്ദേഹം എ.കെ.ജി സെന്ററിൽ ബോംബ് സ്‌ഫോടനം കേട്ട മുതൽ ആരോടെങ്കിലും ഗുസ്തി പിടിക്കാൻ എണ്ണ തേച്ചു തിരുമ്മിയും കോഴിമുട്ടകൾ ഡസൻ കണക്കിന് വിഴുങ്ങിയും മുട്ടയുടെ അസാന്നിധ്യത്തിൽ കോഴിയെ തന്നെ വിഴുങ്ങിയും തയാറെടുക്കുകയായിരുന്നു. കക്ഷി വടക്കൻ പാട്ടുകളുടെ നാട്ടുകാരനും പാരമ്പര്യമുള്ള സഖാവുമാകയാൽ 'താണ്ടി'ക്കു വേണമല്ലേ കൈകോർക്കുവാൻ. സുധാകര ഗുരുവിനെ നോക്കി ങേ ഹോ, അനക്കമില്ല. സതീശനാശാനെയും നോക്കി. കക്ഷി മെലിഞ്ഞിട്ടാണെങ്കിലും അടവുകളിൽ നിപുണൻ. ചെന്നിത്തല പോലും അകലെ നിന്നേ സംസാരിക്കാറുള്ളൂ. പക്ഷേ, സതീശനാശാനു സമയമില്ല. അദ്ദേഹം സ്വന്തം നിലയിൽ സ്റ്റഡി സെന്റർ തുടങ്ങി വീട്ടിലിരുന്ന് സമകാലികവും വരാനിക്കുന്നതുമായ ഓരോന്നും നോട്ടെഴുതി പഠിക്കുന്ന തിരക്കിലാണ്. ഇനി അഥാ 'ഫ്രീ' ആയാലും നിലവാരമുള്ളവരുമായി മാത്രമേ ഗുസ്തിയുള്ളൂ. നോട്ടം പിണറായി ഫയൽവാനെയാണ്. പക്ഷേ അതൊഴിവാക്കാൻ സഖാവിന്റെ 'രക്തത്തിൽ രക്തമായ കൂടപ്പിറപ്പ് (തമിഴ് എം.ജിയാർ പേച്ചിന്റെ കോപ്പി) ജയരാജൻ രംഗത്തുണ്ട്.
കിടച്ചാൽ ഒരു മല, പോനാൽ ഒരു .....' എന്നു പറഞ്ഞതുപോലെയാണ് സഖാവിന്റെ നില. മനുഷ്യത്വം തോന്നിയിട്ട് അദ്ദേഹം നടന്നുപോകുന്ന വഴിയിൽ വിമാനം കൊണ്ടുനിർത്തിയാലും ഇൻഡിഗോ എന്ന പേരുണ്ടെങ്കിൽ തൊഴിച്ചു മാറ്റി കടന്നുപോകും. സുധാകരനാശാന്റെ ക്രിമിനലുകൾ ഒരു കേസ് ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അത് അനുസരിച്ച പോലീസാണ് തലസ്ഥാനം ഭരിക്കുന്നത്. മുഖ്യന്റെ പേഴ്‌സണൽ സ്റ്റാഫിനെപ്പോലും ക്രിമിനൽ 356, 357 പിന്നെ ഓർമിക്കാൻ കഴിയുന്ന എല്ലാ വകുപ്പുകളും ചേർത്തു പ്രതിയാക്കുക. എന്നാൽ ഈ നാട് എവിടെയെത്തി എന്നതാണ് സഖാവിന് ഒരെത്തും പിടിയും കിട്ടാത്ത കാര്യം. മൊബൈലിൽ വിളിക്കുകയോ വാട്‌സ്ആപ് അയക്കുകയോ ചെയ്ത് സഖാക്കളുടെ മനസ്സറിയാനും ധൈര്യം പോരാ. എല്ലാം ചോരുന്ന കാലമാണ്. തൊട്ടടുത്ത ജില്ലയിൽ പോകാൻ വേണമെങ്കിൽ എയർ ഇന്ത്യ വിമാനത്തിൽ കയറാം. പക്ഷേ കോഴിക്കോട്ട് നിന്നു പിന്നെയും പത്തു ജില്ലകൾ ബാക്കിയുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് കൺവീനർ സ്ഥാനമേറ്റ ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും അതു ലംഘിക്കുകയില്ല. അതുകൊണ്ട് ഇൻഡിഗോയെ കൈകൊണ്ടു തൊടില്ല. വേണ്ടിവന്നാൽ ആകാശത്തോളം കമാനങ്ങളുയർത്തി വിമാനത്തെ പ്രതിരോധിക്കാനും മടിക്കില്ല. യുവസഖാക്കളെ ഹെലികോപ്റ്റർ വാടകക്കെടുത്ത് ഒരു 'വാനപ്രതിഷേധം' നടത്തുന്നതും ആലോചനയിലുണ്ട്. ശരിക്കും ഹെലിപാഡ് ഒരുക്കുവാനുള്ള സ്ഥലം എ.കെ.ജി സെന്ററിനു മുകളിൽ വിശാലമായ കഷണ്ടി പോലെ പരന്നുകിടപ്പുണ്ട്. അടുത്ത സംസ്ഥാന സമിതിയിൽ അത് അജണ്ടയിൽ ഉൾപ്പെടുത്തണം. കോൺഗ്രസിന്റെ എല്ലാ രഹസ്യ അജണ്ടകൾക്കുമുള്ള മറുപടിയും ആകും.
**** **** ****
ചോർച്ച ആരും ഇഷ്ടപ്പെടുകയില്ല. വീടിന്റെ മേൽക്കൂര ആയാലും പണപ്പെട്ടി ആയാലും പാർട്ടിയുടെ സന്ദേശമായാലും ചോർച്ച ചോർച്ച തന്നെ. ഇന്ത്യൻ പ്രസിഡന്റ് സ്ഥാനാർഥി ദൗപത്രി മുർമുവിന് ഒരു വോട്ട് ചോർന്നു കിട്ടി. അതിനെ ചോർച്ചയായി പരിഗണിക്കാമോ എന്നൊരു ചോദ്യമുണ്ട്. സംശയത്തിന്റെ നിഴലിൽ പാവം 'ജനതാദൾ എസാ'ണെന്ന് സംശയിക്കുന്നുണ്ടുപോലും! എന്നാൽ കേരളത്തിൽ നിന്നു രണ്ടു വോട്ട് മന്ത്രി വി. മുരളീധരൻ പ്രതീക്ഷിച്ചിരുന്നുവത്രേ! വാക്ക് നൽകിയിരുന്നവർ ആരെങ്കിലും പറ്റിച്ചോ എന്നു വെളിപ്പെടുത്തിയതുമില്ല. രണ്ടു മുന്നണികളെയും ഇതിൽപരം അപമാനിക്കാനില്ല. ഭേദം കരണത്തടിക്കുകയായിരുന്നു.
മുർമുവിനു വോട്ട് ചെയ്തതിന്റെ പേരിൽ ഒരു മുറുമുറുപ്പും വേണ്ട. നടപടിയും വേണ്ട, നടപ്പില്ല. അതിനുള്ള ബാല്യമോ യൗവനമോ ഒരു ചെറുകിട പാർട്ടിക്കുമില്ല. ദേശീയ പാർട്ടിയുടെ കാര്യം പോലും കഷ്ടത്തിലാണ്. പക്ഷേ, അതു പോലെയല്ല, യൂത്ത് കോൺഗ്രസിന്റെ വാട്‌സ് ആപ് ചോർച്ച. രണ്ടും തമ്മിൽ അജഗജാന്തരമുണ്ട്. സുകുമാരക്കുറുപ്പിനെ 35 കൊല്ലം കഴിഞ്ഞിട്ടും പിടിക്കാൻ കഴിഞ്ഞില്ല, പിന്നെ എ.കെ.ജി സെന്ററിലെ ബോംബാക്രമണം ഇപ്പോ പിടിക്കണമെന്നു പറഞ്ഞാലെങ്ങനാ - എന്ന് ജയരാജൻ സഖാവ് ചോദിച്ചതുപോലെ സംഗതി അത്ര 'ലൈറ്റ'ല്ല. മുൻ ദേശീയ പാർട്ടിയുടെ ഏക പ്രതീക്ഷയാണ് 'യൂ കോ'. അതും ജനക്കൂട്ടം മാത്രമായാൽ മാതൃസംഘടനയുടെ ഗതി എന്താകും? ശബരീനാഥൻ ഒരു അരുമ സന്തതി ആയതിനാൽ പിശകു പറ്റും. പക്ഷേ മറ്റു യൂത്തന്മാർ അതു വിറ്റു കാശാക്കുന്നത് കുറ്റം തന്നെയാണ്. കുറ്റം സ്വയം ഏറ്റുപറഞ്ഞാൽ ശിക്ഷ കുറഞ്ഞുകിട്ടും. അല്ലെങ്കിൽ ഗൾഫിലോ യു.എസിലോ പോയി നന്നാകേണ്ടി വരും. പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിലെ വോട്ട് ചോർച്ചയിലേക്ക് തന്നെ വരാം- മുർമുച്ചേച്ചിക്ക് കേരളത്തിൽ ചോർന്നു കിട്ടിയ ഒരു വോട്ടിന് ബാക്കി 139 നേക്കാൾ മൂല്യമുണ്ടെന്നു ദേശീയ പാർട്ടിയുടെ സംസ്ഥാന നേതാവ് കണ്ടുപിടിച്ചിരിക്കുന്നു. അതു പണ്ടേ തുടങ്ങിയിരുന്നുവെങ്കിൽ കേരളത്തിൽ വാർഡ് തോറും മത്സരിച്ച് രണ്ടും മൂന്നും വോട്ട് വാങ്ങിയിരുന്ന ബി.ജെ.പിയുടെ യഥാർഥ മൂല്യം കണ്ടെത്താമായിരുന്നു. അതിനുള്ള അളവുകോൽ എവിടെ നിന്നാവും ലഭിക്കുക? ജനാധിപത്യത്തിൽ 'മൂല്യം' അളക്കുന്നത് ഇന്നേ ദിവസം വരെ സുരേന്ദ്രന്റെ സിദ്ധാന്തം അനുസരിച്ചല്ല. അദ്ദേഹം നേരിട്ടെത്തി വോട്ട് പിടിച്ച ബദിയഡുക്ക പഞ്ചായത്തിലെ സീറ്റ് യു.ഡി.എഫ് കൊണ്ടുപോയി. 'മൂല്യം' സുരേന്ദ്രനെ ഏൽപിച്ചാണോ, സിറ്റിംഗ് സീറ്റ് അടിച്ചെടുത്തതെന്നറിയില്ല.
ഇനി 2024 ൽ നടക്കാനുള്ള തെരഞ്ഞെടുപ്പ് അങ്ങനെയാകുമോ? അത് 'നിരാസത്തിന്റെ തെരഞ്ഞെടുപ്പാ'യിരിക്കുമെന്നു ബംഗാൾ ശിങ്കം മമതാജി പ്രസ്താവിച്ച് നാക്ക് വായിലിട്ടതേയുള്ളൂ. 'പ്രതിപക്ഷ ഐക്യമുന്നണി' നിർമിക്കുന്നതിന്റെ കരകൗശല വിദ്യയോടുള്ള മമത നഷ്ടപ്പെട്ട് ദീദി മടങ്ങിയ കാലഘട്ടവുമാണ്. വരാനിരിക്കുന്നതിന്റെ സൂചനയാണോ 'മൂല്യ'ത്തിന്റെ പുതിയ വ്യാകരണം? അങ്ങനെയെങ്കിൽ, സംസ്ഥാനത്തിന്റെ 'അഭിമാനമൂല്യ'മായ ഉള്ളി സുരേന്ദ്രജി ഏതു 'റാങ്കി'ൽ കയറിയിരുന്നാകും ഭരിക്കുക? സംഗതി ആലോചനാമൃതം തന്നെ!
**** **** ****
ദേശീയ സിനിമ അവാർഡ് പ്രഖ്യാപനം കേട്ടാരും ഞെട്ടിയില്ല. പ്രതീക്ഷിച്ചതു പോലെ മികച്ച സംഘട്ടനത്തിനുള്ള അവാർഡാണ്. 'അയ്യപ്പനും കോശി'യും അടിച്ചെടുത്തു.
രാഷ്ട്രീയത്തിൽ ഇവർ ആരുമാകാം- പിണറായി-സുധാകര ഗുരു, സതീശനാശാൻ-ചെന്നിത്തല, കാനം-ഡി. രാജ, എം.എം. മണി-ശിവരാമൻ അങ്ങനെ അവാർഡ് അർഹിക്കുന്നവരുടെ ഉത്സവമേളമാണിന്ന്. നാളെയും അങ്ങനെയാകും.