ചട്ടങ്ങൾ ഇടിച്ചു നിരത്തി  ഉയർന്നു പൊങ്ങിയ ആകാശ ഗോപുരങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും, ജയിലിലടക്കും എന്നൊക്കെ മന്ത്രി പറയുന്നുണ്ട്. വൈദ്യുത ബോർഡിൽ ഒരു ഉദ്യോഗസ്ഥൻ (ഡോ. ബി. അശോക് ഐ.എ.എസ്) പോരാടി നോക്കിയതും അവസാനം പിന്മാറേണ്ടി വന്നതും  കേരളം തത്സമയം കണ്ടിട്ട് അധികം നാളായിട്ടില്ല. ഡോ. ബി. അശോകിനെപ്പോലെ പിൻശക്തിയുള്ളവരായിരിക്കില്ല മറ്റു ഉദ്യോഗസ്ഥർ.   അത്തരം പാവം, പാവം ഉദ്യോഗസ്ഥർ യൂനിയൻ ഭീകരതയിൽ തോറ്റു തോറ്റു വീഴുമ്പോൾ  ഞരക്കം പോലും പുറത്ത് കേൾക്കില്ല.  


ഓപറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനയിൽ കെട്ടിട നമ്പർ നൽകുന്നതിൽ വ്യാപകമായ  ക്രമക്കേട് കണ്ടെത്തിവരികയാണ്. കോഴിക്കോട്ട് പിടികൂടിയ  തട്ടിപ്പ് കേരളത്തിൽ എല്ലായിടത്തുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന.  കെട്ടിടങ്ങൾക്ക് പ്ലാൻ പോലും സമർപ്പിക്കാതെ നിരവധി പേർക്ക്  നമ്പർ അനുവദിച്ചു നൽകിയെന്നറിയുമ്പോൾ ഞെട്ടണോ പോകണോ എന്ന അവസ്ഥയിലാണ് ജനം. 59 നഗരസഭകളിലാണ് വിജിലൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വരെ  പരിശോധന നടന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്. 
തിരുവനന്തപുരം വഞ്ചിയൂരിൽ വലിയൊരു ഷോപ്പിംഗ് കോംപ്ലക്‌സിന്  തന്നെ അനധികൃതമായി അനുമതി നൽകിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്.  ഉദ്യോഗസ്ഥർ അനുമതി  നൽകി എന്നാണ് എല്ലാ കേസുകളിലും നടക്കുന്ന പ്രചാരണം. യഥാർഥ വിവരം രേഖപ്പെടുത്താതെയാണ് വിവിധ ഇടങ്ങളിൽ പ്ലാൻ അംഗീകരിക്കുകയും  നിർമാണ അനുമതി നൽകുകയും ചെയ്തത്. സി.പി.എം ഭരിക്കുന്ന തദ്ദേശ  സ്ഥാപനങ്ങളിലെങ്കിലും ഉദ്യോഗസ്ഥർ സ്വന്തമായി ഇതൊക്കെ ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. എല്ലാം എല്ലാവരും അറിഞ്ഞുള്ള പരിപാടി തന്നെയായിരിക്കും.  ഇതിന്റെ യൊക്കെ സത്യാവസ്ഥ പുറത്തു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. വിജിലൻസ് പരിശോധനയുടെ ബഹളമെല്ലാം തീർന്നാൽ എല്ലാം പഴയ മട്ടിലാകും.  തിരുവനന്തപുരം കോർപറേഷനിലെ കടകംപള്ളി സോണൽ ഓഫീസ്, വർക്കല, വടകര, പെരിന്തൽമണ്ണ, ഗുരുവായൂർ മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെല്ലാം ഒരു വ്യവസ്ഥയുമില്ലാതെ കെട്ടിടങ്ങൾ ഉയർന്നു പൊങ്ങിയിരിക്കുന്നു. കോഴിക്കോട് കോർപറേഷനിൽ പെട്ട രാമനാട്ടുകരിയിൽ നെൽവയലുകൾ ആർ.ഡി.ഒ അനുമതിയില്ലാതെ തന്നെ  എന്തു വേണമെങ്കിലും പണിയാനുള്ള വെള്ളരിക്കാപട്ടണമായത് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയെന്നാണ് പറയുന്നത്- വീട്, വാണിജ്യ കെട്ടിടങ്ങൾ എന്നിവയെല്ലാം പണിയാനുള്ള നമ്പറും ഇവിടെ ആളുകൾക്ക് ലഭിച്ചു. ഉദ്യോഗസ്ഥർ അൽപകാലം കൂടി കഴിഞ്ഞ് ഞെട്ടിയാൽ മതിയായിരുന്നു.  കൊച്ചി കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസിലും വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ യൂസർ നെയിമും പാസ് വേർഡുമുപയോഗിച്ച് കരാർ ജീവനക്കാരാണ് പലയിടത്തും ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.  കണ്ണൂർ കോർപറേഷൻ, പാനൂർ, തലശ്ശേരി, ഇരിട്ടി, കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ്  കഴിഞ്ഞ ദിവസം ക്രമക്കേട് കണ്ടെത്തിയത്. 

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായിട്ടുണ്ട്. കാസർകോട് തായലങ്ങാടിയിലെ ആറുനില ഫഌറ്റ് പരിശോധിച്ചപ്പോൾ അതിന് നമ്പറില്ലെന്നാണ് വിജിലൻസ്  കണ്ടെത്തിയത്.  42 കുടുംബങ്ങൾക്ക് താമസിക്കാൻ  സൗകര്യമുള്ള ഫ്‌ളാറ്റാണ് ഇത്. ഇപ്പോൾ 25 കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നു.  ഒരു വർഷമായി ഇവിടെ ആളുകൾ താമസമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതുപോലുള്ള കെട്ടിടങ്ങളുടെ ഇനിയുള്ള ഗതിയെന്താകും? പൊളിക്കുമോ, അതോ നിലനിർത്തുമോ?  അനധികൃതമായി പണിത കെട്ടിടങ്ങൾക്ക് നിയമപരമായ നിലനിൽപില്ലെന്ന് എറണാകുളത്തെ മരട് കേരള ജനതയുടെ തലക്കിട്ടടിക്കും വിധം ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിയമ വാഴ്ച നിലനിൽക്കുന്ന നാടായതിനാൽ കോടതികളിലാണ് അന്തിമമായി കാര്യങ്ങൾ തീരുമാനിക്കുന്നത്. 

ആത്മവിശ്വാസത്തോടെയാണ്  തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പരിശോധനയോട് പ്രതികരിച്ചത്. ആരെതിർത്താലും അഴിമതി വിരുദ്ധ പോരാട്ടവുമായി ശക്തിമത്തായി (അതദ്ദേഹത്തിന്റെ സുപരിചിതമായ നിത്യപ്രയോഗമാണ്) മുന്നോട്ട് പോകുമെന്നാണ് മാസ്റ്റർ ആണയിടുന്നത്. രാഷ്ട്രീയ അഴിമതി  ഇടതുപക്ഷ സർക്കാർ അവസാനിപ്പിച്ചു കഴിഞ്ഞു. ഇനി ഉദ്യോഗസ്ഥതല അഴിമതിയാണ് ബാക്കിയുള്ളത്. അതും അവസാനിപ്പിക്കും -ഗോവിന്ദൻ മാസ്റ്റർ ആവേശം കൊണ്ടപ്പോൾ ഉദ്യോഗസ്ഥരെ തൊട്ടാൽ യൂനിയനുകൾ ഇടപെടില്ലേ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നുണ്ട്. യൂനിയനുകളെ ഇടപെടാൻ അനുവദിക്കില്ല എന്ന മന്ത്രിയുടെ മറുപടിയുടെ പ്രയോഗക്ഷമത സംശയാസ്പദമാണ്.  തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കതിരെ കേസെടുക്കും, ജയിലിലടക്കും എന്നൊക്കെ മന്ത്രി പറയുന്നുണ്ട്. വൈദ്യുത ബോർഡിൽ ഒരു ഉദ്യോഗസ്ഥൻ (ഡോ. ബി. അശോക് ഐ.എ.എസ്) പോരാടി നോക്കിയതും അവസാനം പിന്മാറേണ്ടി വന്നതും  കേരളം തത്സമയം കണ്ടിട്ട് അധികം നാളായിട്ടില്ല. ഡോ. ബി. അശോകിനെപ്പോലെ പിൻശക്തിയുള്ളവരായിരിക്കില്ല മറ്റു ഉദ്യോഗസ്ഥർ.   അത്തരം പാവം, പാവം ഉദ്യോഗസ്ഥർ യൂനിയൻ ഭീകരതയിൽ തോറ്റു തോറ്റു വീഴുമ്പോൾ  ഞരക്കം പോലും പുറത്ത് കേൾക്കില്ല.  കേരളത്തിലെ മുഴുവൻ സി.പി.എം സഖാക്കൾക്കും ക്ലാസെടുക്കുന്ന ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളെ തൽക്കാലം വിശ്വസിക്കുക. അഴിമതിമുക്ത നാടിനായി  പ്രതീക്ഷയോടെ കാത്തിരിക്കുക. 

Latest News