Sorry, you need to enable JavaScript to visit this website.

ക്ലാസ്  മുറിയിൽ  വിഷപ്പാമ്പ്,  നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ ചുറ്റി

പാലക്കാട്-  മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗുരുതര അനാസ്ഥ. ക്ലാസ് മുറിക്കകത്ത് വച്ച് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി. ഉഗ്ര വിഷമുള്ള പാമ്പുകളിൽ ഒന്നായ വെള്ളിക്കെട്ടൻ ആണ് കുട്ടിയുടെ കാലിലൂടെ ഇഴഞ്ഞത്. ഉടൻ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് നിഗമനം. കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പ് കടിയേറ്റ പാട് ശരീരത്തിലില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം ഉണ്ടായത്. രാവിലെ സ്‌കൂളിലെത്തിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ആശ്രയ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അബദ്ധത്തിൽ വിഷപ്പാമ്പിനെ ചവിട്ടിയത്. ഉടനെ കുട്ടിയുടെ കാലിൽ പാമ്പ് ചുറ്റി. കാൽ ശക്തിയായ കുടഞ്ഞതോടെ പാമ്പ് തെറിച്ചുപോയി. സമീപത്തെ അലമാരയിൽ കയറി.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന അധ്യാപകർ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു. സ്‌കൂളിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാൻ വഴിയൊരുക്കിയത് ഇത് നീക്കം ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. സ്‌കൂളിൽ നാട്ടികാർ പ്രതിഷേധിച്ചു. പരിഹാര നടപടികൾ ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ വ്യക്തമാക്കി.
പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് വിദ്യാർത്ഥിനി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മങ്കര സ്വദേശി സന്തോഷിന്റെ മകളാണ് ആശ്രയ. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്‌കൂളിൽ നിന്ന് റിപ്പോർട്ട് തേടി.
 

Latest News