സൂറത്ത് - കതുവ, ഉന്നാവ് ബലാത്സംഗക്കേസുകളിലെ നടുക്കം മാറും മുമ്പ് സൂറത്തിൽനിന്ന് വീണ്ടും ബാലികക്കെതിരായ ക്രൂരപീഡന വാർത്ത. സ്വകാര്യ ഭാഗങ്ങളിലടക്കം ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരാഴ്ചയോളം മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം വ്യക്തമാക്കുന്നു.
സൂറത്തിനു സമീപം ബെസ്താനിൽ ക്രിക്കറ്റ് മൈതാനത്തിന് സമീപം ഈ മാസം ആറിനാണ് മൃതദേഹം കണ്ടെടുത്തത്. മുറിവുകളിൽ ചിലത് ഏഴു ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടർമാർ കണ്ടെത്തി. കുട്ടിയെ തിരിച്ചറിയുന്നതിനായി കാണാതായ ആളുകളുടെ പട്ടിക പോലീസ് ശേഖരിക്കുകയാണ്. മറ്റെവിടെയെങ്കിലും കൃത്യം നിർവഹിച്ച ശേഷം പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇടാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ, യു.പിയിലെ ഉന്നാവിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറെ കോടതി ഒരാഴ്ചത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനും ഇയാളെ വിട്ടുതരണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കതുവ ബലാത്സംഗ കേസിൽ ഇന്നലെയും രാജ്യവ്യാപകമായി പ്രതിഷേധം തുടർന്നു. കേസ് വേഗത്തിൽ തീർപ്പാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 90 ദിവസത്തിനകം കേസ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കണമെന്നാണ് ആവശ്യം. പ്രതികളായ പോലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിടാനും സർക്കാർ തീരുമാനിച്ചു.