ഇസ്രായില്‍ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

നബുലസ്- അധിനിവേശ വെസ്റ്റ് ബാങ്ക് സിറ്റിയായ നബുലസില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അസീസി (25) നെഞ്ചില്‍ വെടിയേറ്റും അബ്ദുറഹ്്മാന്‍ ജമാല്‍ സുലൈമാന്‍ (28) തലയ്ക്ക് വെടിയേറ്റുമാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ ആറുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
വെസ്റ്റ് ബാങ്ക് സിറ്റിയില്‍ സൈനികരും സായുധ പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് അവസാനത്തിനുശേഷം ഇതുവരെ 52 ഫലസ്തീനികള്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരില്‍ അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലഹും ഉള്‍പ്പെടും.
വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായില്‍ റെയ്ഡ് വര്‍ധിച്ചിരിക്കയാണ്.

 

Latest News