Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടു വര്‍ഷത്തിനിടെ മരിച്ചത് ആറായിരത്തിലേറെ ഇന്ത്യക്കാര്‍, യു.എ.ഇയിലും പ്രവാസി മരണം വര്‍ധിച്ചു

ന്യുദല്‍ഹി- കഴിഞ്ഞ രണ്ടു വര്‍ഷം സൗദി അറേബ്യയില്‍ ആറായിരത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചുവെന്ന് കണക്ക്. 2020 ല്‍ 3753 പേരും 2021 ല്‍ 2328 പേരും മരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി.
കോവിഡ് കാലം കൂടി ഉള്‍പ്പെടുന്ന 2019 മുതല്‍ 2021 വരെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളുടെ മരണം ഗണ്യമായാണ് വര്‍ധിച്ചത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരിച്ചത് യു.എ.ഇയിലും സൗദിയിലുമാണെന്ന് ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2020, 2021 വര്‍ഷങ്ങളില്‍ സൗദിയില്‍ ഇന്ത്യക്കാരുടെ മരണം വര്‍ധിക്കാന്‍ കാരണം കോവിഡ് രോഗബാധയാണ്. ധാരാളം കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ജീവിത നിലവാരത്തെ ബാധിച്ചുവെങ്കിലും മോശം അവസ്ഥ കാരണം എത്രപേര്‍ മരിച്ചുവെന്ന കണക്ക് ലഭ്യമല്ല. 2019 ല്‍ സൗദിയില്‍ ഇന്ത്യക്കാരുടെ മരണം 2353 ആയിരുന്നു.
2020 ല്‍ യു.എ.ഇയില്‍ 2454 ഇന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. 2019 ല്‍ 1751 ആയിരുന്ു. 2021 ല്‍ 2714 ആയി വര്‍ധിച്ചു. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ വന്‍തോതില്‍ എത്തിച്ചേര്‍ന്ന ഖത്തറില്‍ 2019 ല്‍ 250 പേരും 2020ല്‍ 385 ഇന്ത്യക്കാരുമാണ് മരിച്ചത.
ബഹ്‌റൈന്‍ 2021 ല്‍ 352 പേരുടേയും 2020 ല്‍ 303 പേരുടേയും 2019 ല്‍ 211 പേരുടേയും മരണത്തിനു സാക്ഷ്യം വഹിച്ചു. 2021 ല്‍ 1201 ഇന്ത്യന്‍ പ്രവാസികള്‍ കുവൈത്തില്‍ മരിച്ചു. 2020 ല്‍ 1279 പേരും 2019 ല്‍ 707 പേരുമാണ് മരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒമാനില്‍ 913 ഇന്ത്യന്‍ പ്രവാസികള്‍ മരണത്തിനു കീഴടങ്ങി. മൂന്ന് വര്‍ഷത്തിനിടെ ഒമാനില്‍ ഏറ്റവും കൂടിയ മരണസംഖ്യയാണിത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയും ജര്‍മനിയുമാണ് കൂടുതല്‍ ഇന്ത്യക്കാരുടെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 2021 ല്‍  ഇറ്റലിയില്‍ 304 പേരും ജര്‍മനിയില്‍ 64 പേരും മരിച്ചു. അഫ്ഗാനിസ്ഥാനില്‍ 2021ല്‍ രണ്ട്ഇന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. 2020 ല്‍ എട്ടുപേരും 2019 ല്‍ ഒരാളും മരിച്ചു.

 

Latest News