ന്യൂദല്‍ഹി- ലോകാരോഗ്യ സംഘടന (ഡ്ബ്ല്യു.എച്ച്.ഒ) കുരങ്ങുപനി ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ നാല് കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും
പകരാന്‍ സാധ്യത കുറവുള്ളതും അപൂര്‍വ്വമായി മാത്രമേ മാരകമാകൂ എന്ന് ആശ്വസിപ്പിച്ച് വിദഗ്ധര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ശക്തമായ നിരീക്ഷണത്തിലൂടെ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് ഫലപ്രദമായി നേരിടാന്‍ കഴിയും. സ്ഥിരീകരിച്ച രോഗികളെ ഒറ്റപ്പെടുത്തുന്നതിലൂടെയും സമ്പര്‍ക്കത്തില്‍വന്നവരുടെ ക്വാറന്റൈന്‍ വഴിയും വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറഞ്ഞു, അതേസമയം, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അവര്‍ എടുത്തു പറയുന്നു.
മധ്യ ആഫ്രിക്കന്‍ ക്ലേഡും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേഡും ഉള്ള രണ്ട് വ്യത്യസ്ത ജനിതക ക്ലേഡുകളുള്ള ഡബിള്‍ സ്ട്രാന്‍ഡഡ് ഡിഎന്‍എ വൈറസാണ് മങ്കിപോക്‌സ് വൈറസ് എന്ന് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (എന്‍ഐവി) മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.പ്രജ്ഞ യാദവ് പറഞ്ഞു.
ഈയിടെയായി പല രാജ്യങ്ങളിലായി പൊട്ടിപ്പുറപ്പെട്ടതാണ് ആശങ്കാജനകമായ അവസ്ഥയിലേക്ക് നയിച്ചത്. മുമ്പ് റിപ്പോര്‍ട്ട് ചെയ്ത കോംഗോ പരമ്പരയേക്കാള്‍ തീവ്രത കുറഞ്ഞ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സ്‌ട്രെയിന്‍ മൂലമാണ് ഇപ്പോള്‍ രോഗം പടരുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളും ഗുരുതരമാകാന്‍ സാധ്യതയില്ലാത്ത പശ്ചിമ ആഫ്രിക്കന്‍ വൈറസാണെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് എന്‍ഐവി.
കുരങ്ങുപനി പുതിയ വൈറസല്ലെന്ന് സാംക്രമിക രോഗ വിദഗ്ധനായ ഡോ ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകളായി ഇത് ആഗോളതലത്തില്‍ നിലവിലുണ്ട്, അതിന്റെ വൈറല്‍ ഘടന, സംക്രമണം, എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറസ് കൂടുതലും നേരിയ രോഗത്തിന് കാരണമാകുന്നു. ഇത് പകരാനുള്ള സാധ്യത കുറവാണ്,
സ്ഥിരീകരിച്ച കേസുകള്‍ ഒറ്റപ്പെടുത്തല്‍, സമ്പര്‍ക്കത്തില്‍ വന്നവരുടെ ക്വാറന്റൈന്‍, അംഗീകൃത വസൂരി വാക്‌സിനുകള്‍ 'റിംഗ് വാക്സിനേഷന്‍' ആയി ഉപയോഗിക്കല്‍ എന്നിവയിലൂടെ കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്നത് ഫലപ്രദമായി നേരിടാനും വൈറസിനെ നിയന്ത്രിക്കാനും കഴിയും. സാധാരണ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിലവില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ലഹാരിയ പറഞ്ഞു,
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശനിയാഴ്ച കുരങ്ങുപനിയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരുടെ സമൂഹങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കാനും ഇത്തരം സമൂഹങ്ങളുടെ ആരോഗ്യം, മനുഷ്യാവകാശങ്ങള്‍, അന്തസ്സ് എന്നിവ സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളെ ആഹ്വാനം ചെയ്തു. .
75 രാജ്യങ്ങളില്‍ നിന്നായി 16,000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതുവരെ അഞ്ച് മരണങ്ങളാണ് മങ്കി പോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
രോഗബാധ കുറഞ്ഞതും അപൂര്‍വ്വമായി മാരകമായതുമായതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് എന്‍ടിജിഐയുടെ കോവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചീഫ് ഡോ എന്‍യകെ അറോറ പറഞ്ഞു. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.